ന്യൂഡല്‍ഹി: കേംബ്രിജ് അനലിറ്റിക്ക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനൂകൂലമായി പ്രവര്‍ത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിവരങ്ങള്‍ ശേഖരിക്കുകയും അതനുസരിച്ച് പ്രചാരണം സംഘടിപ്പിക്കുകയും ചെയ്യുന്നതിനുള്ള വിശദമായ പദ്ധതി സമര്‍പ്പിച്ചിരുന്നതായി റിപ്പോർട്ട്. കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമ്പനി മേധാവി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
read also: കേംബ്രിജ് അനലിറ്റിക്ക ചതിച്ചു; തന്റെ വിവരങ്ങളും ചോര്‍ത്തിയെന്ന് സക്കര്‍ബര്‍ഗ്
കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍നിന്നുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇതുപയോഗിച്ച് വോട്ടര്‍മാരുടെ താല്‍പര്യങ്ങളെ സ്വാധീനിക്കുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ് മുന്നോട്ടുവെച്ചത്. ഇത് 2017 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു. ഈ പദ്ധതി രണ്ടര കോടി രൂപയുടേതായിരുന്നു.
കോണ്‍ഗ്രസിന്റെ ഡാറ്റാ അനാലിസിസ് വിഭാഗം മേധാവി പ്രവീണ്‍ ചക്രവര്‍ത്തി കമ്പനി അധികൃതര്‍ കോണ്‍ഗ്രസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി സമ്മതിച്ചു. എന്നാല്‍, കമ്പനി ഒരു രൂപരേഖ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുള്ള കരാറുകളിലും ഏര്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കേംബ്രിജ് അനലിറ്റിക്കയുമായോ മറ്റേതെങ്കിലും കമ്പനിയുമായോ ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിലും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് കേംബ്രിജ് അനലിറ്റിക്കയുടെ പിന്നീട് പുറത്താക്കപ്പെട്ട മേധാവി അലക്‌സാണ്ടര്‍ നിക്‌സ് ആണെന്നാണ് വിവരം. കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേഷ്, പി. ചിദംബരം എന്നിവരും പങ്കെടുത്തിരുന്നു. കേംബ്രിജ് അനലിറ്റിക്ക സമര്‍പ്പിച്ച രൂപരേഖയുടെ പകര്‍പ്പും പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments