തൃശൂര്‍: കുറ്റങ്ങള്‍ ചുമത്തി കള്ളക്കേസ് എടുത്ത് എസ്‌ഐയുടെ പ്രതികാര നടപടികള്‍. എതിര്‍ക്കുന്നവരെ നിശബ്ദരാക്കാന്‍ പൊലീസ് ഏതുവഴിയും പയറ്റുമെന്നും കള്ളക്കേസുകള്‍ ഉണ്ടാക്കുമെന്നും ഉള്ള ആക്ഷേപങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത്തരമൊരു പ്രതീകാരനടപടിയാണ് തൃശ്ശൂരും ഉണ്ടായത്. അക്കൗണ്ടന്റ് ജനറല്‍ ഓഫിസിലെ സീനിയര്‍ ഓഡിറ്റര്‍ ആയ ചെറുതുരുത്തി നെടുംപുര സ്വദേശി പടിഞ്ഞാക്കര പി.വി.രാജീവിനെതിരെ മാനഭംഗശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കള്ളക്കേസ് എടുത്തായിരുന്നു എസ്‌ഐയുടെ പ്രതികാര നടപടികള്‍. വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി നിയമം ദുരുപയോഗം ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥരുടെ കഥകളും പുറത്തുവന്നിട്ടുണ്ട്.
ഇത്തരത്തില്‍ ഒരു സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നപ്പോള്‍ കുടുങ്ങിയിരിക്കുകയാണ് ഒരു സബ് ഇന്‍സ്‌പെക്ടറും അയാള്‍ സഹായിക്കാന്‍ ശ്രമിച്ച യുവതിയും പരാതിക്കാരന് എതിരെ കള്ളസാക്ഷി പറഞ്ഞവരും. ഇത് പരാതിയായി എത്തിയതോടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കള്ളക്കേസെടുത്തും കഞ്ചാവുകേസില്‍ പെടുത്താന്‍ ശ്രമിച്ചുമെല്ലാം രാജീവിനെ ചെറുതുരുത്തി സ്റ്റേഷനിലെ മുന്‍ എസ്‌ഐ ബിനു കുടുക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായതോടെ ഇയാള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ് രാജീവിന്റെ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം.
രാജീവും ബന്ധുവും തമ്മിലുള്ള സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് എസ്‌ഐ കള്ളക്കേസ് ചുമത്തി കുടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ഇത് ശരിയാണെന്നാണ് പരാതി അന്വേഷിച്ച റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ കണ്ടെത്തല്‍. പരാതി ശരിയാണെന്ന് കണ്ടതോടെയാണ് ചെറുതുരുത്തി സ്റ്റേഷനിലെ മുന്‍ എസ്‌ഐ ബിനു തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. രാജീവിനെതിരെ എസ്‌ഐ വ്യാജ പീഡനക്കേസ് ചുമത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പൊലീസ് സംരക്ഷണത്തില്‍ കോടതി ഉത്തരവുപ്രകാരം കെട്ടിയ കമ്പിവേലി പൊളിച്ചുനീക്കാന്‍ രാജീവിന്റെ ബന്ധുവിന് ബിനു ഒത്താശ ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്.
രാജീവിന്റെ കോടികള്‍ വിലവരുന്ന വസ്തുക്കള്‍ വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാന്‍ ബന്ധു ശ്രമിച്ചെന്നും ഇവരെ സഹായിക്കാന്‍ പൊലീസ് കൂട്ടുനിന്നുവെന്നും ആണ് ആക്ഷേപം ഉയര്‍ന്നത്. കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനായി രാജീവ് സംസ്ഥാന പൊലീസ് മേധാവിക്കു കൊടുത്ത പരാതിയിലാണു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നു റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചു. കൂടുതല്‍ നടപടികള്‍ക്കാണു ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണത്തിന് ശേഷം ശുപാര്‍ശ ചെയ്തിട്ടുള്ളത്. ബിനുവിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
രാജീവിന്റെ പരാതിയില്‍ പൊലീസ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് എസ്‌ഐക്കെതിരെ മൂന്നു വര്‍ഷത്തേക്കു വേതന വര്‍ധന തടഞ്ഞുള്ള വകുപ്പുതല നടപടിയെടുത്തിരുന്നു. വ്യാജ പീഡനക്കേസില്‍ കള്ളസാക്ഷി പറഞ്ഞവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പി.വി.രാജീവിന്റെ കാറില്‍ കഞ്ചാവ് വച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി ജീവനക്കാരന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായ എസ്‌ഐ ബിനു നിലവില്‍ മലപ്പുറത്ത് ജോലി ചെയ്യുകയാണ്. ഉദ്യോഗസ്ഥന് എതിരായ നടപടിക്ക് പുറമെ വ്യാജ പീഡനക്കേസ് കൊടുത്ത സ്ത്രീക്കെതിരെ ഐപിസി 182ാം വകുപ്പുപ്രകാരം കേസ് എടുക്കുന്നതിന് അനുമതിക്കായി വടക്കാഞ്ചേരി മജിസ്‌ട്രേട്ട് കോടതിയില്‍ വടക്കാഞ്ചേരി സിഐ ഹര്‍ജി നല്‍കിയിട്ടുണ്ട്.
Post Your Comments