Latest NewsKeralaIndiaNews

പറഞ്ഞിട്ട് അനുസരണയില്ല, പോലീസുകാരെ നന്നാക്കാന്‍ ഒടുവില്‍ സിസിടിവി ക്യാമറകള്‍

തിരുവനന്തപുരം: ഓരോ ദിവസം കഴിയും തോറും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടി വരുന്ന ക്രൂരതയുടെ പലവാര്‍ത്തകളാണ് പുറത്തെത്തുന്നത്. മുഖ്യമന്ത്രിയും പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയും പലപ്രാവശ്യം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ലോക്കപ്പ് ആക്രമണങ്ങള്‍ക്ക് കുറവില്ല. ഇതിന് അറുതി വരുത്താനായി പുതി നടപടിക്കൊരുങ്ങിയിരിക്കുകയാണ് പോലീസ് മേധാവി. സംസ്ഥാനത്ത് ലോക്കപ്പുള്ള എല്ലാ പൊലീസ് സ്റ്റേഷനിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ് മേധാവി ഉത്തരവിട്ടു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്‌നാഥ് ബെഹ്‌റ അടിയന്തിര നിര്‍ദേശം നല്‍കിയത്. ക്യാമറയിലെ ദൃശ്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കിടെ നിരീക്ഷിക്കാനും തീരുമാനമുണ്ട്.

മോശം പെരുമാറ്റത്തിന് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ വരാപ്പുഴ കസ്റ്റഡി മരണത്തിലും പോലീസ് പ്രതിസ്ഥാനത്തായതോടെയാണ് സി.സി ടിവി ക്യാമറകള്‍ സ്ഥാപിച്ച് സ്റ്റേഷനുള്ളില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തീരുമാനമായത്. സ്റ്റേഷനിലെ ദൃശ്യങ്ങള്‍ വ്യക്തമായി ലഭിക്കുന്ന തരത്തില്‍ ക്യാമറ സ്ഥാപിക്കണം എന്നാണ് ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നത്. 471 പൊലീസ് സ്റ്റേഷനുകളിലാണ് ലോക്കപ്പുള്ളത്. ഇതില്‍ 110 സ്റ്റേഷനുകളില്‍ നിലവില്‍ സി.സി.ടി.വിയുണ്ട്. അവശേഷിക്കുന്ന സ്റ്റേഷനുകളില്‍ കൂടി രണ്ട് ദിവസത്തിനകം സ്ഥാപിക്കണമെന്നും കര്‍ശനമായി നിര്‍ദേശിക്കുന്നു.

സാങ്കേതിക നടപടികള്‍ മൂലമുള്ള കാലതാമസം ഒഴിവാക്കാനായി സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ ക്യാമറ വാങ്ങി സ്ഥാപിക്കാനും പിന്നീട് ഡി.ജി.പിയുടെ ഫണ്ടില്‍ നിന്ന് പണം തിരികെ നല്‍കാമെന്നും ഉത്തരവില്‍ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ സ്റ്റേഷനിലെ കംപ്യൂട്ടറുമായി ശേഖരിക്കുന്ന തരത്തിലാവും ക്യമാറകള്‍. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നിശ്ചിതകാലയളവില്‍ ഇത് നേരിട്ട് പരിശോധിക്കും. ഇതിലൂടെ സ്റ്റേഷനിലെ മര്‍ദനവും മോശം പെരുമാറ്റവും കൈക്കൂലിയുമെല്ലാം നിയന്ത്രിക്കാനാവുമെന്നാണ് പൊലീസ് മേധാവിയുടെ കണക്കുകൂട്ടല്‍.

പൊലീസുകാരെ മര്യാദപഠിപ്പിക്കാനാണ് സി.സി ടിവി സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊലക്കുറ്റത്തിനുവരെ പൊലീസുകാര്‍ക്കെതിരെ കേസെടുക്കേണ്ടിവരുന്നുണ്ട്. പൗരന്‍മാരുടെ അവകാശത്തിന്‍മേല്‍ ചില പൊലീസുകാര്‍ കുതിര കയറുന്നുണ്ടെന്നും ചിലര്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ സംവിധാനം ഉദ്ഘാടനം ചെയ്ത് സംസ്ാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button