കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. മലയാളികളെ സംബന്ധിച്ച് വിഷു പുതുവര്‍ഷാരംഭമായും കണക്കാക്കപ്പെട്ടിരുന്നു.
വളരെ മുമ്പ് കേരളീയരുടെ പുതുവര്‍ഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നുണ്ട്. സൗരമാസത്തിലെ ആദ്യരാശിയാണ് മേടം. കൂടാതെ സംസ്‌കൃതമാസം തുടങ്ങുന്നത് വൈശാഖത്തിലാണ്. അതുകൊണ്ടായിരിക്കാം മുന്‍ കാലങ്ങളില്‍ വിഷു പുതുവര്‍ഷദിനമായി വിഷു ആഘോഷിച്ചിരുന്നത്.
വിഷുവിപണിയെ ഉണര്‍ത്തി നഗരത്തില്‍ പടക്കകച്ചവടം സജീവമായി. പുതിയങ്ങാടി, അത്താണിക്കല്‍ കേന്ദ്രീകരിച്ചാണ് പടക്കവിപണി സജീവമായതെങ്കിലും മറ്റു ഭാഗങ്ങളിലും പടക്കക്കടകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പതിവുപോലെ ശബ്ദങ്ങളെക്കാള്‍ വര്‍ണക്കാഴ്ചയൊരുക്കുന്ന ഇനങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാരേറെയുള്ളത്.
ആകാശത്ത് പൊട്ടി പൂക്കള്‍പോലെ വര്‍ണം വിതറുന്ന ഇനങ്ങള്‍ക്ക് മികച്ച പ്രതികരണമാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, ചക്രം, കയര്‍, പൂവ് തുടങ്ങിയവ തന്നെയാണ് പതിവുപോലെ വിഷുപ്പടക്കങ്ങളിലെ താരങ്ങള്‍. ശിവകാശിയിലെ അയ്യന്‍സ്, ശ്രീ രമേഷ്, ഗണേഷ്, ഗുരുലക്ഷ്മി, വേല്‍സ്, കാളീശ്വരി തുടങ്ങിയ കമ്പനികളുെട പടക്കങ്ങളാണ് കോഴിക്കോടന്‍ വിപണിയില്‍ ഏറെയുള്ളത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ വിലവര്‍ധനയില്ല. കോമ്പല ആയിരം എണ്ണത്തിന്റെ മാലക്ക് 475 രൂപയും രണ്ടായിരത്തിന്റെ മാലക്ക് 930 രൂപയുമാണ് വില. കമ്പിത്തിരിക്ക് പാക്കറ്റിന് 10 മുതല്‍ 60 രൂപ വരെയാണ് വില. കയര്‍പിരിയുടെ പെട്ടിക്ക് 35 രൂപയാണ് വില. പൂക്കുറ്റി ആറു രൂപ മുതല്‍ 55 രൂപ വരെയും നിലച്ചക്രത്തിന് അഞ്ചു മുതല്‍ 20 രൂപ വരെയുമാണ് വില.
ചൈനീസ് മാതൃകയിലുള്ള അപകടങ്ങള്‍ കുറഞ്ഞ പടക്കങ്ങള്‍ക്കാണ് കൂടുതല്‍ പേര്‍ എത്തുന്നതെന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളജിനു സമീപത്തെ പടക്കക്കട ഉടമ പി. ഹരിദാസ് പറഞ്ഞു. വിഷുവിന്റെ തൊട്ടുമുമ്പുള്ള മൂന്നുനാല് ദിവസങ്ങളിലാണ് കച്ചവടം കൂടുതല്‍ സജീവമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments