ശബരിമലയിൽ വിഷുക്കണി ദർശനത്തിനായി നട തുറന്നു. പുലർച്ചെ മുതൽ വൻ ഭക്തജനപ്രവാഹമാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണി മുതലാണ് ശബരിമലയിൽ വിഷുക്കണി ദർശനം ആരംഭിച്ചത്. ഇന്നലെ രാത്രി നട അടയ്ക്കുന്നതിനു മുൻപ് മേൽശാന്തി കെ. ജയരാജൻ നമ്പൂതിരി, ശാന്തി ശ്രീകാന്ത് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് തിരുമുൻപിൽ കണി ഒരുക്കിയത്.
പുലർച്ചെ നാല് മണിയോടെ നട തുറന്ന് ശ്രീകലത്ത് ദീപം തെളിയിച്ച് അയ്യപ്പസ്വാമിയെ കണി കാണിച്ചു. തുടർന്ന് ഭക്തർക്ക് കണി കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. രാവിലെ 7. 30 വരെയാണ് ഭക്തർക്ക് കണി കാണാനുള്ള അവസരം ലഭിക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരും, മേൽശാന്തിയും തീർത്ഥാടകർക്ക് വിഷുക്കൈനീട്ടം നൽകുന്നതാണ്.
വിഷു പൂജ, മേടമാസ പൂജ എന്നിവയോട് അനുബന്ധിച്ച് ശബരിമലയിൽ ഭക്തജന തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. തിരക്ക് പരിഗണിച്ച് കൂടുതൽ പോലീസിനെ സന്നിധാനത്തും പമ്പയിലും വിന്യസിച്ചിട്ടുണ്ട്. അതേസമയം, തിരക്കേറിയ വേളയിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്താതിരുന്നത് തീർത്ഥാടകരെ വലച്ചിരുന്നു.
Post Your Comments