Latest NewsIndiaNews

തന്‌റെ ഉത്തരവുകള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കല്‍; ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ്. ചെലമേശ്വര്‍.

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്ന ജോലികള്‍ വിഭജിച്ചു നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്‌റെ അധികാരത്തില്‍ (മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍) വ്യക്തത വേണമെന്നുള്ള ഹര്‍ജി ജസ്റ്റിസ് ചെലമേശ്വര്‍ ബഞ്ചിന്‌റെ മുന്‍പാകെ പരാമര്‍ശിക്കാനുള്ള ശ്രമം ജഡ്ജി തന്നെ നിര്‍ത്തിവച്ചു. തന്‌റെ ഉത്തരവു വന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ റദ്ദാക്കപ്പെടുന്ന സംഭവം തുടര്‍ന്നും സംഭവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്രയ്‌ക്കെതിരെ പരോക്ഷമായി ആരോപണമുള്ള മെഡിക്കല്‍ കോഴക്കേസ് അഞ്ചു മുതിര്‍ന്ന ജഡ്ജിമാരുള്‍പ്പെട്ട ബെഞ്ച് പരിഗണിക്കണമെന്ന് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. രണ്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ബെഞ്ച് കഴിഞ്ഞ നവുംബര്‍ 9 നാണ് ഉത്തരവിറക്കിയത്.

എന്നാല്‍ ഉത്തരവിറങ്ങിയതിനു പിറ്റേന്നു തന്നെ ഈ ഉത്തരവിനെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അസാധുവാക്കുകയും ചെയ്തിരുന്നു. ഉത്തരവ് റദ്ദാക്കിയതിന്‌റെ കാരണം മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും താന്‍ അതിനു ഏറെ ബുദ്ധിമുട്ടുകയാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പൊതുവേദിയില്‍ വച്ച് ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്‌റെ അധികാര പരിധി സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര നിയമ മന്ത്രിയും അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പ്രശാന്ത് ഭൂഷണാണു ജസ്റ്റിസ് ചെലമേശ്വറിന്‌റെ ബഞ്ച് മുന്‍പാകെ പരാമര്‍ശനം നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പൊതു താല്‍പര്യഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് മുന്‍പാകെ സമര്‍പ്പിക്കണമെന്നാണ് ചട്ടം. മാത്രമല്ല ശാന്തിഭൂഷണിന്‌റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസും എതിര്‍കക്ഷിയായതിനാലാണ് രണ്ടാമത്തെ കോടതിയില്‍ പരാമര്‍ശം നടത്തുവാന്‍ പ്രശാന്ത് ഭൂഷണ്‍ ശ്രമിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ വിസ്സമ്മതം നടത്തിയതിനെ തുടര്‍ന്ന് പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസിന്‌റെ മുന്‍പാകെയെത്തുകയായിരുന്നു. ഏറെ പ്രാധാന്യമുള്ള വിഷയമായിരുന്നിട്ടും ഫയല്‍ ചെയ്ത് ഒരാഴ്ച്ച പിന്നിട്ട ശേഷവും ഹര്‍ജിയ്ക്കു റജിസ്ട്രിയില്‍ നമ്പര്‍ ലഭിച്ചിട്ടില്ലെന്നും വിഷയം പരിഗണിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ വിസമ്മതം പ്രകടിപ്പിച്ചെന്നുമാണ് പ്രശാന്ത് ഭൂഷണിന്‌റെ വിശദീകരണം. എന്നാല്‍ ചീഫ് ജസ്റ്റിസ് വിഷയം പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് ജോലി വിഭജനത്തിലുള്ള അധികാരം ചോദ്യം ചെയ്ത് അഭിഭാഷകനായ അശോക് പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സവിശേഷമായ പദവിയാണ് ചീഫ് ജസ്റ്റിസിനുള്ളതെന്നും അദ്ദേഹത്തിന്‌റെ വിശ്വാസ്യതയെ സംശയിക്കാന്‍ പാടില്ലെന്നും ബഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തന്നെ അദ്ദേഹത്തിന്‌റെ അധികാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹര്‍ജി തീര്‍പ്പാക്കിയത് ശരിയായില്ലെന്ന് വിരമിച്ച ചില ജഡ്ജിമാര്‍ വിമര്‍ശിച്ചിരുന്നു.

ചിലര്‍ തന്‌റെ പിന്നാലെയാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ശാന്തിഭൂഷണിന്‌റെ ഹര്‍ജി പരിഗണിക്കുന്നത് വിസമ്മതിച്ച സമയം ആരോപണം ഉന്നയിച്ചിരുന്നു. ഞാന്‍ ഈ ഹര്‍ജി പരിഗണിക്കാത്തതിന്‌റെ കാരണങ്ങള്‍ വ്യക്തമാണ്. ഞാന്‍ എന്തോ നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ചിലര്‍ എനിക്കെതിരെ നിരന്തരമായി പ്രചാരണം നടത്തുന്നുണ്ട്. ഹര്‍ജി പരിഗണിക്കാത്തതിന്‌റെ കാരണങ്ങള്‍ വ്യക്തമാണ്. രാജ്യത്തിന് അതെല്ലാം മനസിലാകും. രാജ്യം അതിന്‌റെ ഗതി തീരുമാനിക്കട്ടെ. രാജ്യത്തിന്‌റെയും സുപ്രീം കോടതിയുടെയും അവസ്ഥയെന്തെന്ന് ഞാന്‍ ഈയിടെ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയില്‍ നിലവില്‍ മുതിര്‍ന്ന ജഡ്ജിമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ജസ്റ്റിസ് ചെലമേശ്വര്‍ ജൂണ്‍ 22നു വിരമിക്കും. ഇദ്ദേഹവും ജഡ്ജിമാരായ രഞ്ജന്‍ ഗെഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കഴിഞ്ഞ ജനുവരി 12ന് ചീഫ് ജസ്റ്റിസിനെ പത്രസമ്മേളനത്തിലൂടെ വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button