ജിദ്ദ: അര്‍ബുദ രോഗികള്‍ക്ക് കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് വിമാനക്കമ്പനി. അര്‍ബുദ രോഗികള്‍ക്ക് പകുതി നിരക്കില്‍ ടിക്കറ്റ് അനുവദിക്കാന്‍ സൗദി എയര്‍ലൈന്‍സ് ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനിച്ചത്. അര്‍ബുദ രോഗികളായ സ്വദേശികള്‍ക്ക് എല്ലാ സെക്ടറിലും ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് അനുവദിക്കുന്നത്. വിദേശികള്‍ക്ക് ആഭ്യന്തര സെക്ടറില്‍ മാത്രമാണ് 50 ശതമാനം നിരക്കിളവ്.
രോഗികളെ അനുഗമിക്കുന്നവര്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. അനുഗമിക്കുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി. അംഗപരിമിതര്‍ക്കുളള നിരക്കിളവ് അര്‍ബുദ ബാധിതര്‍ക്കും അനുവദിക്കാനാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.
വൃക്ക, കരള്‍, ശ്വാസകോശം, ഹൃദയം എന്നിവ മാറ്റിവെച്ച സ്വദേശികള്‍ക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും. വര്‍ഷം മൂന്ന് ടിക്കറ്റുകള്‍ വീതം രണ്ട് വര്‍ഷമാണ് നിരക്കിളവ്. രോഗിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ഒരു വര്‍ഷം കൂടി ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിക്കും.
വൃക്ക ദാനം ചെയ്യുന്ന സ്വദേശി പൗരന്മാര്ക്കും 50 ശതമാനം ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. അന്ധരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ 50 ശതമാനം നിരക്കിളവ് അനുവദിക്കുമെന്നും സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി.
Post Your Comments