ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരം ചോര്‍ന്ന ശേഷം യുഎസ് സെനറ്റ് മുൻപാകെ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചതിനു പിന്നാലെ വിഷയത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്രം. വിവരം ചോര്‍ന്ന സംഭവത്തില്‍ ഫെയ്‌സ്ബുക്ക് മേധാവി കുറ്റം ഏറ്റുപറഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനും നടപടികള്‍ കൈക്കൊള്ളാനും മോദി ഐടി വകുപ്പിനു നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യക്കാരായ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സെര്‍വറുകള്‍ ഇന്ത്യയില്‍ തന്നെ സ്ഥാപിക്കാനും, വിവരം കൈമാറുന്ന കാര്യത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്നും മോദി കര്‍ശന നിര്‍ദേശം നല്‍കിയതായാണു വിവരം. പ്രമുഖ കമ്പനികളായ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ സെര്‍വറുകള്‍ നിലവില്‍ വിദേശരാജ്യങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇവ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ പരിധിയില്‍ കൊണ്ടുവരാനാണു ശ്രമം. സെര്‍വറുകളെ ഇന്ത്യയിലേക്കു മാറ്റി അവയെ ഇന്ത്യന്‍ വ്യവസ്ഥയ്ക്കു കീഴിലാക്കാനും സുരക്ഷ ഉറപ്പുവരുത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായി മോദി കര്‍ശന നിര്‍ദേശം നല്‍കിയതായാണ് സൂചന.
Post Your Comments