ന്യുഡല്‍ഹി: വിമാനത്തിനുള്ളില്‍ കൊതുകുകടി അസഹ്യമെന്നു പറഞ്ഞു ബഹളംവയ്ച്ച യാത്രക്കാരനെ അധികൃതര്‍ പുറത്താക്കി. എന്നാല്‍ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് പറഞ്ഞതിനാണ് പുറത്താക്കിതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. വിമാനത്തില്‍ ബഹളമുണ്ടാക്കിയ യാത്രക്കാരന് സമൂഹ്യ മാധ്യമങ്ങളില്‍ വലിയ പിന്തുണയാണുള്ളത്.
ലക്‌നൗവില്‍ നിന്നും ബംഗലൂരുവിലേക്കുള്ള ഇന്‍ഡിഗോ 6ഇ 541 വിമാനത്തിന്‌റെ ടേക്ക് ഓഫിനു മുന്‍പേയായിരുന്നു വിമാനത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിമാനത്തിനുള്ളില്‍ അസഹ്യമായ കൊതുകുശല്യമാണെന്നും ഇതിനു ഉടന്‍ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഡോക്ടറായ സൗരഭ് റായ് ആണ് വിമാന കമ്പനി അധികൃതരോട് ആവശ്യമുന്നയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‌റെ ആവശ്യം കേള്‍ക്കാതെ വിമാന ജീവനക്കാര്‍ ഉടന്‍ വാതിലടച്ചു. ഇതോടെ ജീവനക്കാരോട് ദേഷ്യപ്പെട്ടു തട്ടിക്കയറിയ സൗരഭ് ഇതിനിടെ ഹൈജാക്ക് എന്ന പദം ഉപയോഗിച്ചെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ മാനിച്ച് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്നും വിമാനം തകര്‍ക്കണമെന്ന് മറ്റു യാത്രക്കാരോട് ഇയാള്‍ ആവശ്യപ്പെട്ടെന്നും വിമാന കമ്പനി അധികൃതര്‍ പറഞ്ഞു.
ഹൃദയ ശസ്ത്രക്രിയാ വിദഗ്ദനാണ് സൗരഭ്. എന്നാല്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി പുറത്താക്കുകയായിരുന്നുവെന്ന് സൗരഭ് പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് പറയുകയും വാര്‍ത്ത സമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയുമായിരുന്നു. ഇതേ വിമാന കമ്പനിയുടെ പേരില്‍ കൊതുകുശല്യവുമായി ബന്ധപ്പെട്ട് നേരത്തെ പരാതിയുയര്‍ന്നിരുന്ന പശ്ചാത്തലത്തില്‍ കമ്പനി യാത്രക്കാരനോട് മാപ്പു പറഞ്ഞിരുന്നു. ദേശീയ ഹരിത ട്രിബ്യുണല്‍ നിര്‍ദ്ദേശപ്രകാരം യാത്രക്കാരുള്ളപ്പോള്‍ കൊതുകു നശീകരണത്തിനായി പുകപ്രയോഗം നടത്താനാവില്ല. എന്നാല്‍ താങ്കളുടെ പരാതി ഞങ്ങള്‍ ഗൗരവമായെടുക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞെന്നും വിമാന കമ്പനി ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. ഇതേ സമയത്തു തന്നെ ലക്നൗ വിമാനത്താവളത്തില്‍ വച്ച് ജെറ്റ് എയര്‍വേയ്‌സിലെ യാത്രക്കാര്‍ കൊതുകിനെ നശിപ്പിക്കുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങള്‍ വഴി വന്‍ ജനശ്രദ്ധ നേടി.
വിമാനം അടിയന്തിരമായി നിലത്തിറക്കി ; ഒഴിവായത് വൻ ദുരന്തം
Post Your Comments