Latest NewsNewsInternational

ഇറക്കം കുറഞ്ഞ സ്കർട്ടിനു വിട: വിപ്ലവകരമായ തീരുമാനവുമായി രണ്ടു പ്രധാന വിമാനക്കമ്പനികൾ

ഇറക്കം കുറഞ്ഞ സ്കർട്ടിനു വിട. പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ വിപ്ളവകരമായ ഒരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് ഹോങ്കോങ്ങിലെ രണ്ടു പ്രധാന വിമാനക്കമ്പനികൾ. സാധാരണ മൂന്നുവർഷത്തിലൊരിക്കലാണ് യൂണിഫോം പരിഷ്കാരം വരാറുള്ളത്. എന്നാല്‍ 70 വർഷത്തിന് ശേഷമാണ് വിമാനത്തിലെ വനിതാ ജീവനക്കാരുടെ യൂണിഫോമിന്റെ ഭാഗമായിരുന്ന ഇറക്കം കുറഞ്ഞ സ്കർട്ടിന് വിട പറഞ്ഞിരിക്കുന്നത്. ഹോങ്കോങ്ങിലെ വിമാനക്കമ്പനി ജീവനക്കാരുടെ സംഘടനയായ ഫ്ളൈറ്റ് അറ്റൻഡൻസ് അസോസിയേഷൻ ചെലുത്തിയ സമ്മർദത്തിന്റെ ഫലമായാണ് പുതിയ പ്രഖ്യാപനം.

യൂണിഫോം പരിഷ്കരണത്ത‌ിനുശേഷം വിമാനക്കമ്പനികളായ കാത്തെ പസഫിക്കിലെയും കാത്തെ ഡ്രാഗണിലെയും വനിതാ ജീവനക്കാർക്ക് നീളം കൂടിയ ട്രൗസറുകൾ ഉൾപ്പെടെ സൗകര്യപ്രദമായ, ഇഷ്ടമുള്ള ഏതു വേഷവും ധരിക്കാം. മിനി സ്കർട്ട് പല തരത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഹോങ്കോങ്ങിലെ ഫ്ളൈറ്റ് അറ്റൻഡൻസ് അസോസിയേഷനിലെ വനിതാ ജീവനക്കാർ വർഷങ്ങളായി ഉന്നയിച്ചുവരുന്ന പരാതിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. മിനി സ്കർട്ട് ധരിക്കുന്നതുമൂലം ലൈംഗിക പീഡനശ്രമങ്ങൾ വർധിക്കുന്നതായി 2014–ൽത്തന്നെ കാത്തെ പസഫിക്കിലെ വനിതാ ജീവനക്കാർ പരാതി പറഞ്ഞിരുന്നു.

ലഗേജുകൾ മുകൾത്തട്ടിൽ വയ്ക്കുമ്പോഴും മറ്റു സേവനങ്ങൾക്കു നിയുക്തരാകുമ്പോഴും ശരീരം കൂടുതൽ അനാവൃതമാകുന്നു എന്നതായിരുന്നു പ്രധാനപരാതി. യൂണിഫോം സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഹോങ്കോങ് ഡ്രാഗൺ എയർലൈൻസ് ഫ്ളൈറ്റ് അറ്റൻഡൻസ് അസോസിയേഷൻ വൈസ് ചെയർമാൻ പോളിൻ മാക് പറഞ്ഞു. വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശം എന്നതിനേക്കാൾ കൂടുതൽ സുരക്ഷ പ്രദാനം ചെയ്യുന്നതാണ് ഈ തീരുമാനമെന്നും മാക് പറയുന്നു. ഹോങ്കോങ്ങിലെ രണ്ടു പ്രധാന വിമാനക്കമ്പനികൾ എടുത്തിരിക്കുന്ന വിപ്ളവകരമായ തീരുമാനം വരും നാളുകളിൽ മറ്റു വിമാനക്കമ്പനികളും അനുവർത്തിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button