ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്ത്തിയ പ്രധാന പ്രതികളെ കുടുക്കിയത് ഒരു വീട്ടമ്മയുടെ സഹായത്തോടെ.ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ശനിയാഴ്ച മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചോര്‍ത്തിയ പ്രതികളിലേക്ക് വഴി തുറന്നത് ഒരു വീട്ടമ്മയാണെന്ന് പോലീസ് കമ്മീഷണര്‍ ആര്‍.പി ഉപാധ്യായ പറഞ്ഞു. ചോദ്യം പ്രത്യക്ഷപ്പെട്ട ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിന്റെ പേര് മാത്രമാണ് സി.ബി.എസ്.ഇ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ചോദ്യം ഫോര്‍വേര്‍ഡ് ചെയ്ത് വന്ന വഴി അന്വേഷിച്ച പോലീസ് എത്തിയത് നാല്‍പ്പതോളം വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക്. ഒട്ടുമിക്ക ഗ്രൂപ്പുകളിലേക്കും ചോര്‍ന്ന ചോദ്യം ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുകയായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം ചോദ്യം പുറത്ത് വിട്ടത് ആരാണെന്ന് ഇവര്‍ക്ക് സൂചനയില്ലായിരുന്നു. ഡല്‍ഹിയിലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയെ ചോദ്യം ശചയ്തപ്പോഴാണ് ചോര്‍ച്ചയുടെ ഉറവിടം സംബന്ധിച്ച ആദ്യ സൂചന ലഭിച്ചത്. ചോദ്യം ചെയ്യലില്‍ ആദ്യം സഹകരിച്ചില്ലെങ്കിലും പഞ്ചാബിലുള്ള തന്റെ ആന്റിയാണ് ചോദ്യപേപ്പറിന്റെ പകര്‍പ്പ് അയച്ച് തന്നതെന്ന് കുട്ടി വെളിപ്പെടുത്തി.
തുടര്‍ന്ന് പഞ്ചാബ് സ്വദേശിനിയായ ഈ വീട്ടമ്മയെ ചോദ്യം ചെയ്തു. തന്റെ സഹോദരന്‍ രാകേഷ് കുമാറില്‍ നിന്നുമാണ് ചോദ്യ പേപ്പര്‍ ലഭിച്ചതെന്ന് വീട്ടമ്മ വെളിപ്പെടുത്തി. ഇവര്‍ ചോദ്യ പേപ്പര്‍ തന്റെ മകനും ഡല്‍ഹിയിലുള്ള ബന്ധുവായ വിദ്യാര്‍ത്ഥിക്കും നല്‍കി.പിന്നീട് ഈ രണ്ട് വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് മറ്റ് ഗ്രൂപ്പുകളിലേക്ക് ചോദ്യ പേപ്പര്‍ വ്യാപകമായി പ്രചരിച്ചത്. ഉനയിലെ സ്‌കൂളിലെ അധ്യാപകനായ രാകേഷ് കുമാര്‍ അടക്കം മൂന്ന് പേര്‍ ഇന്നലെ അറസ്റ്റിലായി. മറ്റാര്‍ക്കും കൊടുക്കരുതെന്ന ഉറപ്പിലാണ് രാകേഷ് തന്റെ സഹോദരീ പുത്രന് വേണ്ടി ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്.
എന്നാല്‍ അവര്‍ തന്റെ ബന്ധുവായ വിദ്യാര്‍ത്ഥിക്ക് കൂടി ചോദ്യം നല്‍കിയതോടെ വ്യാപകായി പ്രചരിക്കുകയായിരുന്നു. മാര്‍ച്ച് 23ന് കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ ചോദ്യപ്പേര്‍ എടുക്കാന്‍ ബാങ്ക് ലോക്കറില്‍ എത്തിയപ്പോഴാണ് എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ കണ്ണില്‍പ്പെട്ടത്. ബാങ്ക് അധികൃതരോ സി.ബി.എസ്.ഇ അധികൃരുടേയോ സാന്നിധ്യമില്ലാതെയാണ് രാകേഷ് കുമാര്‍ ചോദ്യപേപ്പര്‍ എടുക്കാനെത്തിയത്. അപ്രതീക്ഷിതമായി ചോദ്യ പേപ്പര്‍ കണ്ടതോടെ അതിന്റെ പകര്‍പ്പ് എടുക്കുകയായിരുന്നു.
തന്റെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടി എടുത്തതാണെന്നും പണം ലക്ഷ്യമായിരുന്നില്ലെന്നും ഇയാള്‍ പറയുന്നു.താന്‍ 10-15 വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ട്. അതില്‍ ചില കുട്ടികള്‍ പഠനത്തില്‍ പിന്നോക്കമാണ്. അവര്‍ക്ക് വേണ്ടിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നും രാകേഷ് പറഞ്ഞു. ഒരു പകര്‍പ്പ് പെങ്ങളുടെ മകനും നല്‍കി. രാകേഷ് പഠിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കൈപ്പടയില്‍ പകര്‍ത്തി എഴുതിയ ചോദ്യങ്ങളാണ് വാട്‌സ്‌ആപ്പ് വഴി പ്രചരിച്ചത്. ഈ പെണ്‍കുട്ടിയുടെ ഹാന്‍ഡ് റൈറ്റിംഗ് ഉള്‍പ്പെടെ പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ് പോലീസ്.
ചോദ്യംപേപ്പര്‍ ചോര്‍ച്ച അന്വേഷിച്ച പോലീസ് സംഘം നാല്‍പ്പതോളം വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം 37 വിദ്യാര്‍ത്ഥികളിലേക്കും അഞ്ച് അധ്യാപികമാരിലേക്കും മൂന്ന് സ്വകാര്യ ടൂഷന്‍ സെന്റര്‍ അധ്യാപകരിിേലക്കും രണ്ട് വീട്ടമ്മമാരിലേക്കും എത്തി. ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ശനിയാഴ്ച മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments