സ്വാശ്രയ വിഷയത്തില്‍ ഭരണ പ്രതിപക്ഷ ഐക്യം കണ്ടു ഞെട്ടിയിരിക്കുകയാണ് കേരളീയര്‍. ഒന്നിനൊന്നു പാരവയ്പ്പും പ്രതിഷേധവും മാത്രം ഉയര്‍ത്തുന്ന ഇരു കൂട്ടരും ഇപ്പോള്‍ ഒന്നിച്ചതിനു കാരണം 180 വിദ്യാര്‍ഥികളുടെ ജീവിതത്തിനു വേണ്ടിയാണ്. എന്നാല്‍ 180കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്ന കേരള ഭരണ പ്രതിപക്ഷ നേതാക്കന്മാര്‍ അര്‍ഹരായ മറ്റു കുട്ടികളുടെ കരച്ചില്‍ കാണാത്തത് എന്തുകൊണ്ട്? മെരിറ്റ് സീറ്റില്‍ ഇടം നേടിയിട്ടും തലവരി പണമില്ലാതെ ഒഴിവാക്കപ്പെട്ട സാധാരണക്കാര്‍ക്ക് വേണ്ടി ശബ്ദിക്കാത്ത നേതാക്കന്മാര്‍ മെരിറ്റില്‍ സീറ്റ് നേടി എന്ന് അവകാശപ്പെടുന്ന, റാങ്ക് ലിസ്റ്റില്‍ വളരെ പുറകിലുള്ള പണക്കൊഴുപ്പില്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നത് വളരെ നല്ലതല്ലേ!!
ആര്‍ക്ക് നേരെയാണ് ഈ ശബ്ദം ഉയരുന്നത്. രണ്ടു മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പ്രവേശനം സാധുവാക്കാന്‍ ക്രമവിരുദ്ധമായി ഓര്‍ഡിനന്‍സ് ഇറക്കുകയും അതു സുപ്രീംകോടതി തള്ളുകയും ചെയ്തതോടെ സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായി. അര്‍ഹരായ വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടാതിരിക്കാനാണ് ‘കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബിൽ’ പാസാക്കിയതെന്ന മുടന്തൻ വാദവും തെറ്റാണെന്നു രേഖകള്‍ വ്യക്തമാക്കുന്നു. സ്വാശ്രയ വിഷയത്തില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുള്ള പാര്‍ട്ടിയുടെ ഒരു എംഎല്‍എപോലും ഓര്‍ഡിനന്‍സിനെ നിയമസഭയില്‍ എതിര്‍ത്തില്ലെന്നതും ശ്രദ്ധേയമായി. എല്ലാം ശരിയാക്കാന്‍ വന്നവര്‍ ആര്‍ക്കു വേണ്ടിയാണ് ശരിയാക്കുന്നത്? ചെന്നിത്തലയുടെ ജനകീയ ചിരിയില്‍ പേരിനു പോലും ഒരു പ്രതിപക്ഷ ശബ്ദം കേരളത്തിനു നഷ്ടമായി തുടങ്ങുകയാണ്.
കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ പ്രശ്നങ്ങളുണ്ടായത് മാനേജ്മെന്റുകള്‍ തെറ്റായ അപേക്ഷകള്‍ സമര്‍പ്പിച്ചതുകൊണ്ടാണെന്നു മേല്‍നോട്ട സമിതി നേരത്തെതന്നെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മാനേജ്മെന്റുകള്‍ ക്യാപിറ്റേഷന്‍ ഫീസ് പിരിച്ചെന്നും രേഖകളുടെ അടിസ്ഥാനത്തില്‍ സമിതി വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറിയും സമാനമായ റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം സര്‍ക്കാര്‍ അവഗണിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ട്രന്‍സ് കമ്മിഷണറെ കൊണ്ട് നടത്തിയ അലോട്ട്മെന്റിൽ, മാനേജ്മെന്റുകളുടെ നടപടികൊണ്ട് പ്രവേശനം ലഭിക്കാത്ത 44 അര്‍ഹരായ വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ ലിസ്റ്റ് അംഗീകരിക്കാതെ അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടേതടക്കം എല്ലാവരുടേയും പട്ടിക അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ഗവര്‍ണര്‍ കൂടി തള്ളിയതോടെ സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും നിഷ്ഫലമായി. കുട്ടികളുടെ പ്രവേശനം അസാധുവാകും. അപ്പോള്‍ പിന്നെ ആരെ സഹായിക്കാനാണ് സര്‍ക്കാരിന്റെ ഈ ശ്രമം.
എന്നാല്‍ എവിടെയാണ് സര്‍ക്കാരിന് തെറ്റുപറ്റിയത്. കാരണം പ്രവേശന മേല്‍നോട്ട സമിതിക്ക് റിവ്യൂ പെറ്റീഷന്‍ നല്‍കി അര്‍ഹരായ കുട്ടികളെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര്‍ സ്വാശ്രയ മേനെജ്മെന്റിനെ രക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാനാണ് ശ്രമിച്ചത്. കുട്ടികളുടെ രക്ഷയ്ക്ക് എന്ന പേരില്‍ 2017 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളില്‍ ചിലത്: കോടതി വിധിമൂലം പ്രവേശം നഷ്ടപ്പെട്ട കുട്ടികള്‍ ഒരു വര്‍ഷം ആ കോളജുകളില്‍ പഠിച്ചിരിക്കണം. കുട്ടികള്‍ അപേക്ഷ നല്‍കിയത് എങ്ങനെയാണെന്ന് പരിഗണിക്കരുത്. യോഗ്യതയുള്ള കുട്ടികളെ മാത്രം രക്ഷപ്പെടുത്താന്‍ ഓര്‍ഡിനന്‍സ് ഇറക്കേണ്ട സര്‍ക്കാര്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയവര്‍ക്കും അംഗീകാരം ലഭിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നു. ഇത് ശരിയോ!! ഇവിടെ എവിടെയാ വിദ്യാര്‍ഥി സ്നേഹം.
ഇനി മറ്റൊന്ന് കൂടി നോക്കാം സര്‍ക്കാര്‍ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു വിദ്യ നടത്തിയിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു മുന്‍പ് വിഷയത്തെക്കുറിച്ചു പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസായിരുന്നു സമിതി അധ്യക്ഷന്‍. മാനേജ്മെന്റുകള്‍ അമിത ഫീസ് കുട്ടികളില്‍നിന്ന് വാങ്ങിയോ എന്നു പരിശോധിക്കണമെന്നു സമിതിയോട് നിര്‍ദേശിച്ചിരുന്നു. ഈ സമിതി പത്തുലക്ഷം രൂപ വാർഷിക ഫീസ് പിരിക്കാൻ മാത്രം അവകാശമുള്ള കോളജ് മൂന്നിരട്ടി തുകവരെ പിരിച്ചതായി കണ്ടെത്തുകയും മാനേജ്മെന്റുകള്‍ ക്യാപിറ്റേഷന്‍ തുക വാങ്ങിയതായി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി മാനേജ്മെന്റുകള്‍ക്ക് എതിരായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും അതുവഴി ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കും കൈമാറുന്നു. എന്നിട്ട് എന്ത് സംഭവിച്ചു! ഇരുട്ടി വെളുക്കും മുമ്പ് ആരോഗ്യമന്ത്രി നിയമവകുപ്പ് മന്ത്രിക്ക് അയച്ച ഫയലില്‍ ക്യാപിറ്റേഷന്‍ വാങ്ങിയതിനു തെളിവില്ലെന്നു നിയമവകുപ്പിന്റെ ക്ലീന്‍ചിറ്റ്. അതും സര്‍ക്കാരിന്റെ സ്നേഹം !!! (ഇതാണ് ഇരുട്ടുകൊണ്ട് ഒറ്റയടയ്ക്കുന്ന ജനാധിപത്യ സമ്പ്രദായം)
ഈ കടുത്ത സ്വാശ്രയ സ്നേഹം കൊണ്ട് ജനുവരി 31ന് ചേര്‍ന്ന മന്ത്രിസഭായോഗം ക്രമവിരുദ്ധമായി നടത്തിയ പ്രവേശനം അംഗീകരിക്കാന്‍ തീരുമാനിച്ചു. പ\സ്വന്തം ഭരണ അംഗങ്ങള്‍ പോലും എതിര്‍ക്കാതെ ഏപ്രില്‍ നാലിന് ഓര്‍ഡിനന്‍സ് നിയമസഭ നിയമമാക്കുന്നു. പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് അംഗീകാരം നഷ്ടപ്പെട്ട രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സാധൂകരിക്കുന്നതിനുള്ള ‘കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍’ നിയമസഭ ഐകകണ്ഠ്യേന പാസാക്കുന്നു. എന്നാല്‍ മാനജ്മെന്റുകളുടെ കൊള്ളയ്ക്കെതിരെ, സര്‍ക്കാരിന്റെ തട്ടിപ്പിനെതിരെ പ്രതികരിക്കാനുള്ള അവസരം പ്രതിപക്ഷം കളഞ്ഞുകുളിച്ചു. പകരം അവരും മാനെജ്മെന്റ് സ്നേഹം ശക്തമായി അറിയിച്ചു. ഇവിടെ വേറിട്ട ശബ്ദമായത് വി.ടി. ബല്‍റാം എംഎല്‍എ മാത്രം. സ്വാശ്രയ സമരത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുണ്ടായിരിക്കേ, നിയമസഭാ കവാടത്തില്‍ നടത്തിയ സമര മുറകളെയും മറന്നു കൊണ്ട് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വെള്ളക്കൊടി പാറിയ്ക്കാന്‍ മുഖ്യമന്ത്രിക്കസ്സേര സ്വപ്നം കാണുന്ന ചെന്നിത്തല മുന്നില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി 180 വിദ്യാര്‍ഥികളെയും പുറത്താക്കാന്‍ നിര്‍ദേശിക്കുന്നു. കരുണയില്‍ 30 വിദ്യാര്‍ഥികള്‍. കണ്ണൂര്‍ അഞ്ചരകണ്ടിയില്‍ 150 വിദ്യാര്‍ഥികൾ. ഇവരുടെ ഭാവി കളഞ്ഞു കുളിച്ച് സര്‍ക്കാര്‍; അങ്ങനെ പിണറായി സര്‍ക്കാരിന്റെ സ്വാശ്രയ സ്നേഹം പെരുവഴിയിലായി….
Post Your Comments