ഭീകരാക്രമണ സാധ്യതയെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയതോടെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്. ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കുമാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. മത്സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികള്‍ എത്താന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. മുന്നറിയിപ്പ് ഗോവയെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണമുണ്ടായേക്കാം.
ബന്ധപ്പെട്ട വകുപ്പുകളെയും ബോട്ടുകളെയും വിവരം അറിയിച്ചിട്ടുണ്ട്- ഗോവാ തുറമുഖ വകുപ്പുമന്ത്രി ജയേഷ് സാല്‍ഗാവോന്‍കാര്‍ പറഞ്ഞു. മുമ്പ് പാകിസ്താന്‍ പിടിച്ചെടുത്ത ഇന്ത്യയില്‍നിന്നുള്ള ഒരു മത്സ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. തീരത്തു പ്രവര്‍ത്തിക്കുന്ന എല്ലാ കാസിനോകള്‍ക്കും ജലവിനോദ കേന്ദ്ര നടത്തിപ്പുകാര്‍ക്കും തുറമുഖ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ജയേഷ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. പടിഞ്ഞാറന്‍ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് തീരരക്ഷാ സേന പങ്കുവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments