കുവൈത്ത് : കുവൈത്തിൽ ഇഖാമ പുതുക്കുന്നതിനുള്ള പ്രതിസന്ധി നേരിടുന്ന വിദേശ എൻജിനീയർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കേന്ദ്രസർക്കാർ. കുവൈത്തിൽ നിന്നുള്ള വിവിധ എഞ്ചിനിയറിങ് സംഘടനാ പ്രതിനിധികൾക്ക് കേന്ദ്ര മാനവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇതുസംബന്ധിച്ച ഉറപ്പു നൽകിയത്.
കുവൈത്തിലുള്ള വിദേശി എൻജിനീയർമാർക്ക് ഇഖാമ പുതുക്കുന്നതിനും സ്പോൺസറെ മാറുന്നതിനും ഏർപ്പെടുത്തിയ നിബന്ധന ആയിരക്കണക്കിന് എൻജിനീയർമാരെയാണ് പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യത്തിലാണ് വിവിധ എഞ്ചിനീയറിങ് സംഘടനാ പ്രതിനിധികൾ ഡൽഹിയിലെത്തി കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയെ കണ്ടത്. പുതിയ നിബന്ധനയനുസരിച്ച് എഞ്ചിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് എഞ്ചിനീയറിങ് സൊസൈറ്റിയുടെ സമ്മതപത്രം നിർബന്ധമാണ്.
ഇന്ത്യയിൽ നിന്നുള്ള എൻജിനീയർമാർ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷനിൽ (എൻബിഎ) അംഗീകാരമുള്ള കോളജുകളിൽനിന്ന് ബിരുദം നേടിയവരാണെങ്കിൽ മാത്രമേ സൊസൈറ്റി സമ്മതപത്രം നൽകുകയുള്ളൂ. 2010ൽ നിലവിൽ വന്നതും 2014ൽ കേന്ദ്രസർക്കാർ ഭാഗികമായി നിർബന്ധമാക്കിയതുമായ എൻബിഎ അക്രഡിറ്റേഷനിൽ ഇന്ത്യയിൽ നിരവധി കോളജുകൾ ഉൾപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ കുവൈത്തിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ നിരവധി എൻജിനീയർമാരുടെ തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇന്ത്യയിൽ അംഗീകൃത എൻജിനീയറിങ് സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി കുവൈത്ത് സർക്കാറിന് നൽകുമെന്ന് മന്ത്രി ജാവദേക്കർ പ്രതിനിധി സംഘത്തെ അറിയിച്ചു. പട്ടിക തയാറാക്കുന്നതിന് എഐസിടിഇ ചെയമാന് മന്ത്രി നിർദേശം നൽകുകയും ചെയ്തു
Post Your Comments