ഒഡിഷ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ പുരാതന നിധി ശേഖരങ്ങളും രത്നങ്ങള്‍ സൂക്ഷിച്ച അറകളുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഏഴു രഹസ്യ രത്ന ഭണ്ഡാരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. 1984ലാണ് ഇതിനു മുന്‍പ് ഈ അറകള്‍ തുറന്നത്. അന്നാകട്ടെ തുറന്നത് മൂന്ന് അറകള്‍ മാത്രവും. ശേഷിച്ച നാല് ഭണ്ഡാരങ്ങളില്‍ എന്താണെന്നു പോലും ആര്‍ക്കും അറിയില്ല. ഇത്തവണ തുറന്നതാകട്ടെ രണ്ട് അറകളും. അവയിലൊന്നിന്റെ മേല്‍ക്കൂരയ്ക്കു വിള്ളലുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. എന്തു കൊണ്ട് മൂന്നാമത്തെ അറ തുറന്നില്ല എന്നതും ദുരൂഹം.
ആകെയുള്ള ഏഴറകളില്‍ രണ്ടെണ്ണത്തിലെ ആഭരണങ്ങളുടെ കണക്ക് ക്ഷേത്രഭരണ സമിതി വെളിപ്പെടുത്തിയിട്ടുണ്ട്. 1952ലെ ‘പുരി ശ്രീ ജഗന്നാഥ ടെംപിള്‍ ആക്ടി’ലെ വ്യവസ്ഥ പ്രകാരമാണ് ആഭരണങ്ങളുടെ കണക്കു രേഖപ്പെടുത്തിയത്. മൂന്നു സ്വര്‍ണ മാലകള്‍, സ്വര്‍ണ പാദം, സ്വര്‍ണക്കൈ, സ്വര്‍ണ കിരീടങ്ങള്‍, രത്നക്കല്ലുകളും പതിപ്പിച്ച മറ്റ് ആഭരണങ്ങള്‍ എന്നിങ്ങനെ 150ഓളം ഇനങ്ങളാണ് അന്നു തരംതിരിച്ചെടുത്തത്. ‘ബാഹര്‍ ഭണ്ഡാര്‍’ എന്നറിയപ്പെടുന്ന പുറത്തെ അറയിലായിരുന്നു ഇത്. ‘ഭീതര്‍ ഭണ്ഡാര്‍’ എന്നറിയപ്പെടുന്ന ഉള്‍വശത്തെ അറയില്‍ 180 ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ 74 എണ്ണവും ശുദ്ധസ്വര്‍ണത്തില്‍ നിര്‍മിച്ചവയായിരുന്നു. വെള്ളി ആഭരണങ്ങളും മുത്തും പവിഴവും രത്നങ്ങളും വേറെ.
രഥയാത്ര പോലുള്ള വിശേഷാവസരങ്ങളിലാണ് ഈ രണ്ട് അറകളിലെയും ആഭരണങ്ങള്‍ പുറത്തെടുക്കുക. എന്നാല്‍ ക്ഷേത്ര കാവല്‍ സമിതിയിലെ ഒരു വിഭാഗം ഇതിനെ എതിര്‍ത്തിരുന്നു. രത്ന ഭണ്ഡാരങ്ങള്‍ തുറന്നു പരിശോധിക്കണമെന്നാവശ്യപ്പെട്ട് നാലു വര്‍ഷം മുന്‍പു തന്നെ ക്ഷേത്രത്തില്‍ വിവാദമുയര്‍ന്നിരുന്നു. ക്ഷേത്രത്തിലെ സ്വര്‍ണാഭരണങ്ങള്‍ എണ്ണി മൂല്യം തിട്ടപ്പെടുത്തണമെന്നായിരുന്നു ക്ഷേത്ര കാവല്‍സമിതിയിലെ ഒരു കൂട്ടരുടെ ആവശ്യം. ഇതിന്റെ ഭാഗമായി ഒരു സബ്കമ്മിറ്റിയും രൂപീകരിച്ചിരുന്നു. പുരി രാജാവ് ദിബ്യ സിങ് ദേവിന്റെ നേതൃത്വത്തില്‍ ക്ഷേത്ര ഭരണസമിതി ഒരു പ്രമേയവും ഇതു സംബന്ധിച്ചു പാസ്സാക്കി. ജഗന്നാഥ ഭഗവാന്റെയും സുഭദ്രാദേവിയുടെയും ബാലഭദ്ര ഭഗവാന്റെയും വിഗ്രഹങ്ങളില്‍ ചാര്‍ത്താനായി രത്നങ്ങളും പവിഴങ്ങളും മുത്തുകളും കൂടാതെ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ന്ന ആഭരണങ്ങളുടെ വന്‍ശേഖരമാണുള്ളത്. ഇവയെല്ലാം രത്ന ഭണ്ഡാരത്തിലാണു സൂക്ഷിച്ചിരിക്കുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പുരി ജഗന്നാഥ ക്ഷേത്രം നിര്‍മിക്കുന്നത്. വര്‍ഷം തോറും ഇവിടെ നടത്തുന്ന രഥ ഘോഷയാത്ര ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിലെ ഇത്തരം വിശേഷാവസരങ്ങളില്‍ വിഗ്രഹങ്ങള്‍ക്കു ചാര്‍ത്തുന്ന സ്വര്‍ണാഭരണങ്ങള്‍ മാത്രം 208 കിലോഗ്രാം വരും! ക്ഷേത്രത്തിലെ നിധി എത്രത്തോളം വരുമെന്ന കാര്യത്തില്‍ ഇതുവരെ കണക്കെടുപ്പുകളൊന്നും നടന്നിട്ടില്ല. അതിന്റെ പേരില്‍ വന്‍ വിവാദങ്ങളുമുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ട്രഷറിയിലാണ് രത്ന ഭണ്ഡാരത്തിന്റെ താക്കോല്‍ സൂക്ഷിക്കുക. അറകള്‍ക്കു ക്ഷേത്രം വക തന്നെ വന്‍ കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1984ല്‍ രത്ന ഭണ്ഡാരം പരിശോധിക്കാന്‍ പോയവര്‍ അറയ്ക്കകത്തു നിന്നു വിഷപ്പാമ്പുകളുടെ സീല്‍ക്കാരം കേട്ടെന്നാണു പറയപ്പെടുന്നത്. ഇത്തവണ അതിനാല്‍ രണ്ടു പാമ്ബുപിടിത്തക്കാരെയും പരിശോധനയ്ക്ക് ഒപ്പം കൂട്ടി.
എന്നാല്‍ പരിശോധനയ്ക്കിടെ അകത്തു കണ്ട കാര്യങ്ങളൊന്നും പുറത്തു പറയില്ലെന്നു പുരി ജഗന്നാഥനു മുന്നില്‍ പ്രതിജ്ഞ ചെയ്താണ് എല്ലാവരും കയറുന്നതു തന്നെ. കാഴ്ചകളെല്ലാം വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും അതും പൊതുജനങ്ങള്‍ക്ക് അപ്രാപ്യം. മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ എന്നിവിടങ്ങളിലെ രാജകുടുംബങ്ങളില്‍ നിന്നായിരുന്നു പണ്ട് ക്ഷേത്രത്തിലേക്കുള്ള സമര്‍പ്പണങ്ങളുടെ ഒഴുക്ക്. വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള വിലപിടിച്ച ആഭരണങ്ങളായിരുന്നു അതിലേറെയും. ഒട്ടേറെ ഭക്തരാണു ഇന്നും ക്ഷേത്രത്തിലേക്ക് ആഭരണങ്ങളും മറ്റു വിലപിടിച്ച വസ്തുക്കളും സംഭാവന ചെയ്യുന്നത്.
Post Your Comments