ഇറ്റലിയിലെ ഈസ്റ്ററിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ‘ല കൊളോമ്പ’ (La Comlomba) എന്ന പേരില്‍ അറിയപ്പെടുന്ന പ്രാവിന്റെ ആകൃതിയിലുള്ള കേക്ക് ആണ്. ഇറ്റലിയിലെ മിലാനില്‍ നിന്നും ലോകമെമ്പാടും പ്രചരിച്ച ഈസ്റ്റര്‍ കേക്കിനെ കുറിച്ച് കൂടുതല്‍ അറിയാം…
മറ്റു കേക്കുകളെ അപേക്ഷിച്ച്, ‘കൊളോമ്പ’ എന്ന സ്പെഷ്യല്‍ ഈസ്റ്റര്‍ കേക്ക് തയ്യാറാക്കാന്‍ വളരെയേറെ ക്ഷമയും വൈദഗ്ധ്യവും സമയവും വേണം. പരമ്പരാഗത രീതിയില്‍, മൈദയും മുട്ടയും പഞ്ചസാരയും നെയ്യും ചേര്‍ത്ത് തയ്യാറാക്കുന്ന കേക്ക് മിശ്രിതം നാച്ചുറല്‍ യീസ്റ്റ് ഉപയോഗിച്ച് 30 മണിക്കൂറോളം പുളിപ്പിച്ച ശേഷമാണ് ബേക്ക് ചെയ്യുന്നത്. ഓറഞ്ച് തൊലികളും ബദാമും ഉണക്കമുന്തിരിയും പഞ്ചസാര മിഠായികളും ചേര്‍ത്ത് അലങ്കരിച്ച് തയ്യാറാക്കുന്ന രുചികരമായ കേക്ക് ആണിത്. അധികം മധുരമില്ലാത്ത, പഞ്ഞിക്കെട്ട് പോലെ മൃദുലമായ ഈ കേക്ക് ഈസ്റ്റര്‍ ആഘോഷങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്.
വസന്തകാലത്താണ് (Spring) ഈസ്റ്റര്‍ ആഘോഷിക്കുന്നത് എന്നതിനാല്‍, വസന്തത്തിന്റെ പ്രതീകമായ പ്രാവിന്റെ ആകൃതിയിലാണ് ഈ കേക്ക് തയ്യാറാക്കുന്നത്. ‘കൊളോമ്പ’ (Colomba) എന്നാല്‍ ‘പ്രാവ്’ എന്നര്‍ത്ഥം. പ്രാവിന്റെ ആകൃതിയില്‍ ഈ കേക്ക് നിര്‍മ്മിക്കുന്നതിന് പിന്നില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. ആറാം നൂറ്റാണ്ടില്‍ നോര്‍ത്ത് ഇറ്റലി കീഴടക്കിയ ലൊംബാര്‍ഡിയന്‍ ചക്രവര്‍ത്തി ‘ആല്ബോയിനു’മായി (The Lombard King Alboin) ബന്ധപ്പെട്ട കഥകളാണ് അവയില്‍ ഏറെയും…
ആല്‍ബോയിന്‍ ചക്രവര്‍ത്തി തന്റെ പ്രജകളോട്, സ്വര്‍ണ്ണവും വിലകൂടിയ രത്നങ്ങളും മുത്തുകളും മധുരപ്പതിനാറുകാരികളായ പന്ത്രണ്ട് കന്യകകളെയും സമ്മാനിക്കാന്‍ ആവശ്യപ്പെട്ടു. രാജാവിന്റെ ഉത്തരവ് അനുസരിച്ച്, ഗത്യന്തരമില്ലാതെ പ്രജകള്‍ സമ്മാനങ്ങളുമായി കൊട്ടാരത്തിലെത്തി; ഭയന്നു വിറച്ച പന്ത്രണ്ട് പെണ്‍കുട്ടികളെയും രാജാവിന് കാഴ്ച നല്കി. സമ്മാനങ്ങള്‍ക്കിടയില്‍, രാജാവിന്റെ പാചകക്കാരന് പ്രത്യേകമായി തയ്യാറാക്കിയ പ്രാവിന്റെ ആകൃതിയിലുള്ള ഒരു കേക്കും ഉണ്ടായിരുന്നു. വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ്, ബദാമും ഉണക്ക മുന്തിരിയും കൊണ്ട് അലങ്കരിച്ചിരുന്ന വ്യത്യസ്തമായ ആ കേക്ക് രാജാവിന്റെ ശ്രദ്ധയില്‍ പെട്ടു. ഭയാശങ്കകളാല്‍ കലുഷിതമായ പന്ത്രണ്ട് ജോഡി കണ്ണുകള്‍ കാണ്‍കെ രാജാവ് ആദ്യമേ ആ കേക്ക് എടുത്തു മുറിച്ചുകഴിച്ചു. വളരെ മൃദുവും രുചികരവുമായ ആ കേക്കില്‍ ആകൃഷ്ടനായ രാജാവ്, പാചകക്കാരനെ അനുമോദിക്കുകയും ചെയ്തു. വസന്തകാലം ആയതിനാലും, ‘പ്രാവ്’ സമാധാനത്തിന്റെ പ്രതീകം ആയതിനാലുമാണ് താന്‍ ‘കൊളോമ്പ’ എന്ന പേരില്‍ ഈ കേക്ക് ഉണ്ടാക്കിയതെന്നും പാചകക്കാരന് ഉണര്‍ത്തിച്ചു. ഈ പ്രവര്‍ത്തിയില്‍ അത്യധികം ആകൃഷ്ടനായ രാജാവ്, ‘ഇനി മേലില്‍ പ്രാവുകളെ താന്‍ ഉപദ്രവിക്കുകയില്ല എന്നും, അവയെ സംരക്ഷിക്കു’മെന്നും പ്രഖ്യാപിച്ചു.
കേക്ക് കഴിച്ചുകഴിഞ്ഞ ഉടനെ അദ്ദേഹം പെണ്‍കുട്ടികളെ ഓരോരുത്തരെയായി അടുക്കലേക്ക് വിളിപ്പിച്ചു. ആദ്യത്തെ പെണ്‍കുട്ടിയോട് ‘നിന്റെ പേരെന്താ’ണെന്ന് ചോദിച്ചപ്പോള്‍, ആ പെണ്‍കുട്ടി പറഞ്ഞു, ‘കൊളോമ്പ’. അദ്ദേഹം അവളെ മാറ്റിനിറുത്തി. അടുത്ത പെണ്‍കുട്ടിയെ വിളിച്ചു; അവളും തന്റെ പേര് ‘കൊളോമ്പ’ എന്നു പറഞ്ഞു. പിന്നാലെ വന്ന മറ്റു പെണ്‍കുട്ടികളും, പേര് ‘കൊളോമ്പ’ എന്ന് തന്നെ പറഞ്ഞു.
അതോടെ രാജാവ് വിഷമവൃത്തത്തിലായി. എന്നിരുന്നാലും തന്റെ വാക്ക് പാലിക്കാന്‍ രാജാവ് തീരുമാനിക്കുകയും ആ പന്ത്രണ്ട് പെണ്‍കുട്ടികളെയും സ്വതന്ത്രരാക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് തന്റെ പ്രജകള്‍ക്ക് സമാധാനത്തിന്റെ പ്രതീകമായി കൊളോമ്പ കേക്ക് സമ്മാനിക്കുകയും ചെയ്തു എന്നാണ് ചരിത്രം. അങ്ങനെ സ്വാതന്ത്രത്തിന്റെയും, സമാധാനത്തിന്റെയും ചിഹ്നമായ ‘കൊളോമ്പ’ എന്ന കേക്ക് ഇറ്റലിയുടെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി മാറുകയും ചെയ്തു.
Post Your Comments