Easter

വിശുദ്ധിയുടെ 50 ദിനങ്ങൾ!

ശിവാനി ശേഖര്‍
ഹേമന്തം നിറമുള്ള പട്ടുചേല ചുറ്റുമ്പോൾ , ലോകമെമ്പാടുമുള്ള വിശ്വാസികൾ ദൈവപുത്രന്റെ ഉയിർത്തെഴുന്നേല്പു് തിരുനാൾ ആഘോഷിക്കാനൊരുങ്ങുകയാണ്.വ്രതശുദ്ധിയുടെ നിറവിൽ 50 നോമ്പിന് വിരാമമാകുമ്പോൾ, പ്രതീക്ഷയുടെ തിരിനാളം കൊളുത്തി “ഈസ്റ്ററും” വിരുന്നെത്തി!
അർക്കന്റെ പ്രയാണം ഭൂമദ്ധ്യരേഖയിൽ എത്തിയതിനു ശേഷം വരുന്ന പൗർണ്ണമിയെത്തുടർന്നു വരുന്ന ഞായറാണ് ഈസ്റ്ററായി ആഘോഷിക്കുന്നത്.ഭൂരിപക്ഷം ക്രിസ്ത്യൻ സഭകളും ഗ്രിഗോറിയൻ കലണ്ടറിനെ അടിസ്ഥാനമാക്കിയാണ്  ഈസ്റ്റർ ദിനം ആചരിക്കുന്നതെങ്കിലും ,ചുരുക്കം ചില സഭകൾ ഇപ്പോഴും ജൂലിയൻ കലണ്ടറിനെയാണ് ആശ്രയിക്കുന്നത്.”ആനന്ദത്തിന്റെ ഞായർ” എന്നാണ് റോമിലെ വിശ്വാസികൾ ഈസ്റ്ററിനെ വിശേഷിപ്പിക്കുന്നത്!
വെളുത്ത ലില്ലിപ്പൂക്കൾ വിതറി,ഒലിവില വിരിച്ച്, ദുഃഖം തുളുമ്പുന്ന വെള്ളിയും ശനിയും പടികടത്തിയെത്തുന്ന ഈസ്റ്റർ ദിനത്തിൽ, ദേവാലയങ്ങളിൽ പ്രത്യേക കുർബാനയും, പ്രാർത്ഥനകളും, ദിവ്യബലിയുമൊക്കെയായി ഉയിർപ്പ് തിരുക്കർമ്മങ്ങൾ നടത്തുന്നു.വിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ലോകജനതയ്ക്കായി പ്രശസ്തമായ ” ഊർബി എറ്റ് ഓർബി” (നഗരത്തോടും,ലോകത്തോടും) പകർന്നു നല്കുന്നു!
തങ്ങളുടെ പാപങ്ങൾ തീർക്കാൻ മനുഷ്യപുത്രനായി ജനിച്ച് സത്യത്തിന്റെ പാതയിൽ ചരിച്ച് കുരിശുമരണം ഏറ്റുവാങ്ങിയ ക്രിസ്തുനാഥൻ മരണത്തെ തോല്പിച്ച് ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിശ്വാസികൾ ഈ സുവിശേഷ വചനം ആവർത്തിക്കുന്നു.
“പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും അവർക്ക് ജ്ഞാനസ്നാനം നല്കുവിൻ.. ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കുവാൻ അവരെ പഠിപ്പിക്കുവിൻ,യുഗാന്തരം വരെ എന്നും ഞാൻ നിങ്ങൾക്കൊപ്പമുണ്ടായിരിക്കും”
സത്യത്തിന്റെ വഴികളിൽ എത്ര മുള്ള് തറച്ചാലും പിന്തിരിയരുതെന്നും അസത്യത്തിന്റെയും തിന്മയുടെയും മാർഗ്ഗം ശാശ്വതമല്ലെന്നും പ്രതീക്ഷയും വിശ്വാസവും കൈവെടിയാതിരിക്കണമെന്നുമുള്ള മഹത്തായ പാഠം ഈസ്റ്റർ ദിനത്തിൽ നമുക്കോർത്തു വെയ്ക്കാം! ഈസ്റ്റർ ദിനാശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button