കെമെറോവോ: ഇന്നലെ സൈബീരിയിലെ കെമെറോവോ നഗരത്തിലെ ഷോപ്പിങ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപത്തിനാലിനോട് അടുക്കുമ്പോഴും കൃത്യമായ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല. തീപിടുത്തത്തില്‍ കൊല്ലപ്പെട്ടതാകട്ടെ ഭൂരിഭാഗം കുട്ടികളുമാണ്. ട്രസ്‌ചേവിസ്‌കി എന്ന ചെറിയ പട്ടണത്തിലെ സ്‌കൂള്‍ കുട്ടികളാണ് അധ്യാപകരുമൊത്ത് കെമെറോവോയിലെ ഷോപ്പിങ് മാളിലേക്ക് വിനോദയാത്രയ്ക്ക് വന്നത്.
ഐസ്‌ക്രീമും കഴിച്ച് മാളിലേക്ക് സിനിമയ്ക്ക് കേറുമ്പോള്‍ അവര്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല തങ്ങളെ കാത്തിരിക്കുന്ന മഹാദുരന്തത്തെ പറ്റി. ഏകദേശം 41 കുട്ടികളാണ് സിനിമ കാണാന്‍ തിയറ്ററിലുണ്ടായിരുന്നത്. തീ പടര്‍ന്നപ്പോള്‍ ഇവര്‍ തിയറ്ററിനുള്ളില്‍ കുടുങ്ങി പോയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മാളിന്റെ നാലാംനിലയിലായിരുന്നു തീപിടിത്തമുണ്ടായത്. തിയറ്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണത് മരണസംഖ്യ ഉയരാനും കാരണമായി.
സിനിമാ തിയറ്ററും കുട്ടികളുടെ പാര്‍ക്കും വളര്‍ത്തുമൃഗങ്ങളും ഈ നിലയിലാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കുട്ടികളാണ് മരിച്ചവരിലേറെയെന്നാണ് സൂചന. തീപിടിത്തത്തില്‍ മാളില്‍ ചൂട് 700 ഡിഗ്രിയായിരുന്നു. എന്നാല്‍ തീപിടിത്തത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 288 അഗ്‌നിശമനാസേന ഉദ്യോഗസ്ഥര്‍ 19 മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 27 വര്‍ഷത്തിനിടയില്‍ റഷ്യയിലുണ്ടായ എറ്റവും വലിയ തീപിടിത്തമാണിത്.
എന്നാല്‍ ഇപ്പോഴും എല്ലാവരുടെയും മനസില്‍ മായാതെ നില്‍ക്കുന്നത് വികയുടേയും മരിയയുടേയും വാക്കുകളായിരിക്കും. വിക, അവള്‍ എന്നെ വിളിച്ചിരുന്നു. ഒരു നാലുമണിയോടെ അടുപ്പിച്ചാണ് അവള്‍ വിളിച്ചത്. ചുറ്റും തീയാണ്, തിയറ്ററിന്റെ ഡോര്‍ ഒന്നും തുറക്കാന്‍ കഴിയുന്നില്ല, ചുറ്റും പുകയാണ്, ശ്വാസം പോലും കിട്ടുന്നില്ല…’ ആ മുത്തശി വാവിട്ടുനിലവിളിച്ചുപോയി. അപകടത്തിനിടെയില്‍ വീട്ടിലേക്ക് വിളിച്ച വിക അവസാനമായി മുത്തശ്ശിയോട് പറഞ്ഞത് ഇത്രമാത്രം. അമ്മയോട് പറയണം, എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടമായിരുന്നെന്ന്. മുത്തശ്ശിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
മരിയ, അവളുടെ അവസാന സന്ദേശം ഇങ്ങനെയായിരുന്നു, ഞങ്ങള്‍ മരിക്കാന്‍ പോകുകയാണ്. ഒരുപക്ഷേ ഇത് അവസാന ഗുഡ്‌ബൈ ആയിരിക്കും. ചുറ്റും പുകയും നിലവിളിയും ഉയരുമ്പോള്‍ അവള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കുറച്ച് നേരം മുന്‍പുവരെ ചിരിയും കളിയും നിറഞ്ഞ ആ കുഞ്ഞുങ്ങളുടെ ലോകത്തേക്കാണ് ഒരുനിമിഷം കൊണ്ട് ചാരവും പുകയും മൂടിയത്.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പറയാനുള്ളത് മറ്റൊരു മഹാദുരന്തത്തിന്റെ കഥകളാണ്. അതില്‍ ഏറെ വേദനിപ്പിക്കുക ഒരു പതിനൊന്ന് വയസുകാരനാണ്. അപകടത്തില്‍ നിന്നും അവന്‍ രക്ഷപ്പെടുമ്പോള്‍ മരണം കവര്‍ന്നത് അവന്റെ അച്ഛനെയും അമ്മയെയും കുഞ്ഞനുജത്തിയെയും. ശരീരമാസകലം ഗുരുതര പരുക്കോടെ ആശുപത്രിയില്‍ കഴിയുന്ന അവന്‍ മാനസികമായും ആകെ തകര്‍ന്നിരിക്കുന്നു.
എന്നാല്‍ ഇനിയും എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടില്ല. സ്വന്തം കുഞ്ഞുങ്ങളുടെ മൃതദേഹത്തനായി അവിടെ കാത്തു കിടക്കുന്ന മാതാപിതാക്കളുടെ മനസില്‍ ഒന്നുമാത്രമേ ഇന്നുള്ളൂ…തന്റെ കുഞ്ഞ് ഇതില്‍ കാണരുതേ എന്ന്. അവള്‍ ഏതെങ്കിലും ആളുപത്രിയില്‍ സുഖമായിരിക്കണേ എന്ന്.
Post Your Comments