KeralaLatest NewsNews

ജാതി മതഭ്രാന്തുകളുടെ ക്രൂരതയിൽ ജീവിതങ്ങൾ ബലിയാടാകുമ്പോൾ ഒരച്ഛന്റെയും മകളുടെയും കുറിപ്പുകൾ ശ്രദ്ധപിടിച്ചുപറ്റുന്നു

താ‍ഴ്ന്ന ജാതിക്കാരനെ വിവാഹം ക‍ഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ പിതാവ് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഒരച്ഛനും മകളും എഴുതിയ കുറിപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടി കെ മഞ്ജു എന്ന യുവതിയും പിതാവ് ടി.കെ നാരായണദാസുമാണ് ഈ കുറിപ്പുകൾ എഴുതിയിരിക്കുന്നത്. ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണമെന്ന് മകളും എന്നാൽ ജാതി, മതഭ്രാന്തുകള്‍ക്ക് ചെയ്യാൻ കഴിയാത്ത ക്രൂരതകളില്ലെന്ന് അച്ഛനും തങ്ങളുടെ പോസ്റ്റുകളിലൂടെ വ്യക്തമാക്കുന്നു.

മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്;

അച്ഛാ…….
ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം അച്ഛന്റ കുഞ്ഞുടൊട്ടൊ ആയി ആ നെഞ്ചിൽ കിടന്ന് കരയണം ചിരിക്കണം……

പെണ്ണായ് പിറന്നിട്ടും കെട്ടിച്ചയക്കാൻ മാത്രമായി വളർത്താത്തതിന് , തിരഞ്ഞെടുപ്പുകൾക്ക് സ്വാതന്ത്ര്യവും ആത്മവിശ്വാസവും തന്നതിന്,

ജനിപ്പിച്ചു എന്നതിന്റെ പേരിൽ, ചിലവിന് തന്നു എന്നതിന്റെ പേരിൽ ,എന്നെ സ്നേഹിക്കുന്നു എന്ന നാട്യത്തിൽ എന്റെ ജീവിതവും സ്വപ്നങ്ങളും ബോധ്യങ്ങളുമാകെ തീറെഴുതി വാങ്ങാത്തതിന്

കാലിടറിയപ്പോഴെല്ലാം കൈത്താങ്ങ് തന്നതിന്
തണൽമരമായ് വിരിഞ്ഞ് നിന്നപ്പോഴും പൊരിവെയിലിൽ ഇറങ്ങി നടക്കാൻ കരുത്തും കരുതലും തന്നതിന്

ജാതി മത ദേശ ഭേദങ്ങൾക്കപ്പുറം മനുഷ്യ നെ മനുഷ്യനായ് കാണാൻ പഠിപ്പിച്ചതിന് അങ്ങനെ ജീവിക്കാൻ നട്ടെല്ലുള്ള പെണ്ണായ് വളർന്നതിൽ സന്തോഷിച്ചതിന്

ഒരു കൈ കൊണ്ട് ഇടനെഞ്ചിൽ ചേർത്ത് പിടിച്ചു മാത്രം എന്റെ തെറ്റുകളിലേക്ക് വിരൽ ചൂണ്ടിയതിന്,

അച്ഛാ…. എങ്ങനാണൊരച്ഛന് തന്റെ മകളെ കൊല്ലാനാവുക….. അച്ഛാ എന്ന വിളി മുറിച്ചു കൊണ്ട് കത്തി താഴ്ത്താനാവുക

പിതാവിന്റെ മറുപടി കുറിപ്പ്;

അച്ഛന്റെ കൊച്ചു ടോട്ടോ,
……………………………………..
ഇന്നലെ നിന്റെ പോസ്റ്റിന് പ്രതികരിക്കാൻ കഴിയാതെ വന്നത് അതിന്റെ വൈകാരികതയിൽ ഞാനറിയാതെ അലിഞ്ഞു പോയതുകൊണ്ടാണ്.

നിന്റെ തൊട്ടുപിറകെ നടന്ന്
നീ വീഴുമ്പോൾ താങ്ങായി
അഥവാ വീണാൽ തലോടി സാന്ത്വനിപ്പിച്ച്
നിന്റെ എല്ലാ കുസൃതികളേയും വികൃതികളേയും ക്ഷമയോടെ കൗതുകത്തോടെ നോക്കി നിന്ന്,
നീ വളർന്നു വന്നപ്പോൾ നിന്റെ ധിക്കാരങ്ങളേയും പരിഹാസങ്ങളേയും ക്ഷമയോടെ സഹിച്ച്
അസാമാന്യമായ മനസ്സാന്നിധ്യത്തോടെ നിന്റെ കൂടെത്തന്നെ നിന്ന്….

അതാരാണെന്ന് നിനക്കറിയാം.

ടോട്ടോച്ചാൻ എഴുതിയ ടെറ്റ് സൂക്കോ കുറോ യാ നാഗിക്ക് ജയ്ലിൽ നിന്ന് ഒരു തടവുപുള്ളി പുസ്തകം വായിച്ച ശേഷം ഇങ്ങിനെ എഴുതിയ ത്രെ : “നിങ്ങളുടെ അമ്മയെപ്പോലെ ഒരമ്മയും കാവോ ബാഷി മാഷെപ്പോലെ ഒരു മാഷും ഉണ്ടായിരുന്നെങ്കിൽ ഞാനീ തടവറയിൽ എത്തുമായിരുന്നില്ല.”

തന്റേടിയായ ഒരു പെൺകുട്ടിയായി നിന്നെയും ഒരു തന്റേടി കുട്ടിയുടെ അച്ഛനായി എന്നെയും വളർത്തിയത് അവരാണ്. നമുക്ക് ഈ സന്തോഷവും അഭിമാനവും നല്കിയത് അവരാണ്‌.

പീന്നെ നിന്റെ അവസാനത്തെ ചോദ്യം: അച്ഛാ എന്ന വിളി മുറിച്ചു കൊണ്ട് കത്തിയിറക്കാൻ ഒരച്ഛനു കഴിയുമോ?
ഇല്ല; ഒരച്ഛനും അതു കഴിയില്ല.
ആതിരയെ കൊന്നത് ജാതിഭ്രാന്താണ്.
ജാതിഭ്രാന്തിനും മതഭ്രാന്തിനും ചെയ്യാൻ കഴിയാത്ത ക്രൂരതകളില്ല.

ജീവനു വേണ്ടി യാചിച്ചു നില്ക്കുന്ന കുത്തബുദ്ദീൻ അൻസാരി. വെട്ടി നുറുക്കാൻ കൊലവെറി പൂണ്ടു നില്ക്കുന്ന അശോക് ബക് ചി. ചിത്രം ഓർമ്മയില്ലേ? രണ്ടു പേരും കണ്ണൂരിൽ വേദി പങ്കിട്ടപ്പോൾ അയാൾ പറഞ്ഞു. “അന്ന് എനിക്കു ഭ്രാന്തായിരുന്നു.”
അശോകിനു കുടിക്കാൻ കുത്തബുദ്ദീൻ ജലം നല്കി. അശോക് കുത്തബുദീന് ഒരു റോസാപ്പൂവും.

അശോക് സ്നേഹമില്ലാത്തവനല്ല; ഗുജറാത്തിൽ വിവരണാതീതമായ ക്രൂരതകൾ കാട്ടിയവർ സ്നേ ഹമില്ലാത്തവരായിരുന്നില്ല’ . അവർക്കു ഭ്രാന്തു പിടിച്ചിരുന്നു’
പെഷവാറിൽ 128 സ്കൂൾ കുട്ടികളെ വെടിവെച്ചു വീഴ്ത്തി ആ ഇളം ചോരയിൽ Ak – 47 ഉയർത്തി നൃത്തം ചെയ്ത താലിബാൻകാരും മനുഷ്യരായിരുന്നു! പക്ഷെമത ഭ്രാന്ത് അവരെ ചെകുത്താന്മാരാക്കിയിരുന്നു.

“അമ്പലക്കുളം ” എന്ന കവിതയിൽ മുങ്ങിമരിക്കുന്ന മകളെ രക്ഷിക്കാൻ തുനിഞ്ഞവരെ വിലക്കുന്ന ഒരച്ഛനുണ്ട്. കുളവും മകളും അശുദ്ധമാവാൻ പാടില്ലെന്ന വാശിയായിരുന്നു ആ പിതാവിന് ‘ പരിഹാസ്യമായ ആ ദീനം പിടിച്ച മനസ്സ് ഇന്നും വേരറ്റുപോയിട്ടില്ല. അരീക്കാട് രാജനിലൂടെ , ജാതിയുടേയും മതത്തിനേറെയും പേരിൽ വിദ്യേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരിലൂടെ ആ ഭ്രാന്തൻ മനസ്സ് ഇന്നും ജീവിക്കുന്നു ‘

ഉള്ളൂർ.-S – പരമേശ്വരയ്യരുടെ വിമർശനം പാഴായിപ്പോയിരിക്കുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button