KeralaLatest NewsNews

ജോണ്‍സണ്‍ ഔസേപ്പിനെ കുടുക്കിയത് വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ

കോട്ടയം : കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പിനെ കുരുക്കിയത്, മുമ്പ് ജോലി ചെയ്ത വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിലെ വീട്ടിലേക്ക് ഇന്നലെ ഇയാള്‍ എത്തിയപ്പോള്‍ വീട്ടുകാരാണ് ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്തകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ജോണ്‍സണ്‍ ഔസേപ്പ് വീട്ടിലേക്ക് എത്തിയതെന്നും വീട്ടുടമ രമ്യ രാധാകൃഷ്ണന്‍ പറയുന്നു.

Read Also:കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കുറിച്ചിയിലെ വീട്ടുകാര്‍ക്ക് തോന്നിയ സംശയമാണ് ആതിര കൊലക്കേസ് പ്രതിയെ കുടുക്കുന്നതില്‍ ഫലം കണ്ടത്. ഇന്നലെ ജോണ്‍സണ്‍ എത്തിയതിന് പിന്നാലെ വീട്ടുകാര്‍ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. പൊലീസ് എത്തുംവരെ വീട്ടുകാര്‍ പ്രതിയെ പോകാനും അനുവദിച്ചില്ല. മുമ്പ് ഒരു മാസം ജോണ്‍സണ്‍ കുറിച്ചിയിലെ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് വീട്ടുടമസ്ഥ രമ്യ പറയുന്നു.

”ഫേസ്ബുക്കിലൂടെയാണ് വാര്‍ത്തയറിഞ്ഞത്. അനിയത്തിയാണ് വാര്‍ത്ത കാണിച്ചത്. നമ്മുടെ വീട്ടില്‍ അച്ഛനെ നോക്കാനായി നിന്നിരുന്ന ആളാണെന്ന് മനസിലായി. ഇന്നലെ വൈകിട്ട് 3.15ന് ഇയാള്‍ വീട്ടിലേക്ക് വന്നു. അച്ഛന്‍ വിളിച്ച് എന്നെ നോക്കാന്‍ വരുന്നയാളെത്തിയെന്ന് പറഞ്ഞു. ഞാന്‍ വീട്ടിലേക്ക് എത്തി. പൊലീസിനെ വിവരമറിയിച്ചു. അച്ഛന്‍ കാലൊടിഞ്ഞ് കിടക്കുകയായിരുന്നു. അച്ഛനെ നോക്കാന്‍ വേണ്ടിയാണ് ഏജന്‍സി വഴി ആളെ തേടിയത്. അങ്ങനെയാണ് ജോണ്‍സണ്‍ വീട്ടിലേക്ക് ജോലിക്ക് വന്നത്. ഡിസംബര്‍ 8 ന് വന്ന് ജനുവരി 7 വരെ ജോലി ചെയ്ത് തിരികെ പോയി. പിന്നീട് ഇന്നലെയാണ് വീട്ടിലേക്ക് വന്നത്. വീട്ടില്‍ ഇയാളുടെ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. അതെടുക്കാനാണ് ഇവിടേക്ക് വന്നതെന്നാണ് മനസിലാക്കുന്നത്”.

അച്ഛനെ നോക്കാനായി എത്തിയ ആളായിരുന്നതിനാല്‍ ഈ വീട്ടില്‍ തന്നെയായിരുന്നു താമസമെന്നും ജോണ്‍സണ്‍ വീട്ടിലെത്തിയപ്പോള്‍ വിവരം പൊലീസിനെ വിളിച്ച് അറിയിച്ചുവെന്നും രമ്യ വിശദീകരിച്ചു. ജോലി ചെയ്തിരുന്ന കാലത്ത് സൗമ്യമായ ഇടപെടല്‍ ആയിരുന്നു ജോണ്‍സണിന്റേതെന്നും എലി വിഷം കഴിച്ചതിനെ പറ്റി അറിയില്ലെന്നും വീട്ടുടമ രമ്യ രാധാകൃഷ്ണന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button