Latest NewsArticleNerkazhchakalEditorialWriters' Corner

തെറിയും തല്ലിക്കൊല്ലലും മൂക്കിടിച്ച്‌ പപ്പടമാക്കുകയും ചെയ്തു പോലീസ് അരങ്ങ് വാഴുമ്പോള്‍

ഇതാന്‍ട്ര പോലീസ് എന്ന സിനിമാ ഡയലോഗിനു കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന മലയാളികള്‍ ആണ് നമ്മള്‍. മുന്‍കാലങ്ങളില്‍ ലോക്കപ്പ് മര്‍ദ്ദനവും മൂന്നാം മുറയും ഉരുട്ടി കൊലയും നടന്നതില്‍ നിന്നും മാറി ജനമൈത്രി പോലീസാക്കി ഇവരെ മാറ്റിയത് വെറുതെയായോ എന്ന് സംശയിക്കേണ്ടിവരും. കാരണം അങ്ങനെയാണ് പോലീസുകാരുടെ ഇപ്പോഴത്തെ പോക്ക്. ജനമൈത്രി പോലീസ് ജനങ്ങളുടെ ജീവന് തന്നെ ഭീഷണി ആയി മാറിയിരിക്കുകയാണ്. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പരസ്യമായി തെറിവിളിക്കുകയും വഴിയോര കച്ചവടക്കാര്‍ക്ക് നേരെ കയ്യൂക്കും അസഭ്യ വര്‍ഷവും നടത്തുന്ന ഏമാന്‍മാര്‍ സൂക്ഷിക്കേണ്ടി ഇരിക്കുന്നു. ആളെകൊല്ലികളാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിര്‍മ്മിച്ച വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ ജീവനെടുത്താലോ? ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ. ഉരുട്ടി കൊലകള്‍ നടന്ന നാടല്ലെ ഇതില്‍ എന്ത് അത്ഭുതം അല്ലെ. പ്രണയത്തിന്റെ പേരില്‍ ഒരു യുവാവിനെ പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിന്റെ ഫലമാണ് ശ്രീജിത്ത്‌ എന്ന യുവാവിന്റെ എഴുന്നൂറില്‍ അധികം ദിവസം നീണ്ട സമരം. എന്നിട്ടെന്തുണ്ടായി? ഇതുപോലെ ഒന്നും രണ്ടും പ്രശ്നമല്ല ദിനം തോറും ഉണ്ടാകുന്നത്. ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ യാത്രചെയ്ത യുവാക്കള്‍ക്കുനേരെ ഈരാറ്റുപേട്ട എസ്.ഐ. നടത്തിയ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. കഴിഞ്ഞദിവസം വാഹനം പിടികൂടി സ്റ്റേഷനിലെത്തിച്ചശേഷം ചീത്തവിളിക്കുകയായിരുന്നു എസ് ഐ. ഇത് മൊബൈല്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ജനമൈത്രി പോലീസിന്റെ അഭിമാനം ഒന്നുകൂടി വര്‍ദ്ധിച്ചു. എന്തായാലും ജില്ലാപോലീസ് മേധാവി സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പാലാ ഡിവൈ.എസ്.പി.യോട് റിപ്പോര്‍ട്ടുനല്‍കാനാണ് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുള്ളത്.

ശ്രീജിവിന്റെ മരണത്തിനു ഉത്തരവാദികളായ പോലീസുകാര്‍ ഇപ്പോഴും ജോലിയില്‍ സുഖിച്ചു കഴിയുകയാണ്. അതിനെതിരെയാണ് സഹോദരന്‍ ശ്രീജിത്ത്‌ സമരവുമായി സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിയത്. സിബിഐ അന്വേഷണം വരെ ശ്രീജിത്ത്‌ സാരം തുടര്‍ന്നു. പാവപ്പെട്ടവനെ തല്ലിക്കൊല്ലുന്ന ഈ പോലീസുകാര്‍ ഇനി എന്ന് നന്നാവാന്‍! ലോക്കപ്പ് കൊല കൂടാതെ റോഡില്‍ പോലും ആളെ കൊല്ലാന്‍ ഇറങ്ങിയിരിക്കുകയാണ് നമ്മുടെ പോലീസ്. കഴിഞ്ഞ മാര്‍ച്ച്‌ 11നു ആണ് ഹൈവേ പോലീസ് വാഹന്‍ കുറുകെ നിര്‍ത്തിയുണ്ടാക്കിയ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചത്. ഷേബുവും സുമിയും രണ്ടു മക്കളും ബൈക്കില്‍ പോകവേ പോള്ളീസ് കൈകാണിച്ചു. എന്നാല്‍ ഇവര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലീസ് പിന്തുടരുകയും നടു റോഡില്‍ വാഹനം കുറുകെയിട്ടു. അതിനെ തുടര്‍ന്ന് മറ്റൊരു ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഷേബു തല്‍ക്ഷണം മരിക്കുകയും സുമി ആശുപത്രിയില്‍ വച്ച് മരണമടയുകയും ചെയ്തു. ഇവരുടെ രണ്ടു പെണ്‍കുട്ടികള്‍ക്കും കാര്യമായ പരിക്കേറ്റു. എന്നാല്‍ ഈ സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യ എന്ന പേരില്‍ സുമിയുടെ ഭര്‍ത്താവ് ഷേബുവിനെയാണ് പോലീസ് പ്രതിയാക്കിയത്. മാരാരിക്കുളം പോലീസിന്റെ കേസില്‍ ഹൈവേ പോലീസിന്റെ വാഹന പരിശോധനാ വിവരവും ഇല്ല വാഹനം കുറുകെയിട്ടതും ഇല്ല. ഈ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ എസ്.ഐ.യ്ക്ക് വീഴ്ചപറ്റിയതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് എസ്.ഐ. എസ്. സോമനെ മേഖലാ ഐ.ജി. സസ്‌പെന്‍ഡ് ചെയ്തു. ഹൈവേ പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഡി. സുരേഷ്ബാബു, സിവില്‍ പോലീസ് ഓഫീസര്‍ ടി.എസ്. രതീഷ് എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തു.

ഇതെല്ലാം ഒരാഴ്ച പഴക്കമുള്ള സംഭവങ്ങള്‍ ആണെങ്കില്‍ കഴിഞ്ഞ ദിവസമാണ് മലപ്പുറം കോട്ടയ്ക്കലില്‍ ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ കാര്‍യാത്രക്കാരന്റെ മൂക്കിനിടിച്ച സംഭവമുണ്ടാകുന്നത്. കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ബെന്നി വര്‍ഗീസാണ് 69-കാരനായ റിട്ട. റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ കൊളത്തൂപ്പറമ്പ് ‘ശ്രുതി’യില്‍ ജനാര്‍ദനനാണ് മര്‍ദ്ദിച്ചത്. കാര്‍ വേണ്ടത്ര ഒതുക്കിനിര്‍ത്തിയില്ലെന്നു പറഞ്ഞായിരുന്നു പോലീസുകാരന്റെ ഈ അതിക്രമം. ഈ സംഭവത്തിലും നടപടിയായി. ബെന്നി വര്‍ഗീസിനെ നല്ലനടപ്പിനുള്ള നിര്‍ബന്ധിത പരിശീലനത്തിനായി തിരുവനന്തപുരം സ്‌പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനിലേക്ക് സ്ഥലംമാറ്റി. മൂന്നുമാസം അവധിയില്ലാതെ പരിശീലനം പൂര്‍ത്തിയാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button