വാഷിങ്ടണ്‍: പ്രതിഷേധങ്ങള്‍ അവഗണിച്ച് സൗദി അറേബ്യയുമായി വന്‍ ആയുധ കരാറിന് അമേരിക്കയുടെ തീരുമാനം. സൗദി അറേബ്യയുടെ സമ്പത്ത് വീതംവയ്ക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് കോടികളുടെ ആയുധ കരാര്‍. നൂറ് കോടി ഡോളറിന്റെ ആയുധങ്ങള്‍ സൗദി അറേബ്യക്ക് നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു.
സൗദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് നിരവധി രാജ്യങ്ങളില്‍ ആവശ്യമുയര്‍ന്നിരിക്കെയാണ് എല്ലാ പ്രതിഷേധങ്ങളും തള്ളി ട്രംപ് ആയുധകൈമാറ്റ കരാറിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. യമനില്‍ സൗദി സൈന്യം നശീകരണ ആയുധങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് വിമര്‍ശകരുടെ ആരോപണം. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ചില യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ആയുധം കൈമാറുന്നതിനെതിരെ പ്രതിഷേധമുള്ളത്.
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ബ്രിട്ടീഷ് സന്ദര്‍ശന വേളയിലും സമാനമായ പ്രതിഷേധം നിലനിന്നിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ തള്ളി ബ്രിട്ടന് പിന്നാലെ അമേരിക്കയുടെ ആയുധങ്ങളും ഉടന്‍ സൗദിയിലേക്കെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്
സൗദി അറേബ്യയ്ക്ക് പ്രകൃതി വിഭവങ്ങളടക്കം ശതകോടിയുടെ ആസ്തിയും വരുമാനവുമുണ്ട്. ഇവ അമേരിക്കയുമായി പങ്കുവയ്ക്കണമെന്നാണ് പ്രസിഡന്റ് ട്രംപ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പറഞ്ഞത്. സൗദി അറേബ്യ അമേരിക്കയില്‍ നിക്ഷേപിക്കുകയും അമേരിക്കയുടെ ആയുധങ്ങള്‍ വാങ്ങുകയും ചെയ്യണമെന്നാണ് ട്രംപിന്റെ ഈ വാക്കുകളുടെ കാതല്‍. തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും കോടികളുടെ ആയുധ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. നൂറ് കോടി ഡോളറിന്റെ ആയുധങ്ങള്‍ സൗദിക്ക് കൈമാറാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 67 കോടി ഡോളറിന്റെ സൈനിക ടാങ്ക് തകര്‍ക്കുന്ന മിസൈലുകളും ഉള്‍പ്പെടും.
6500 മിസൈലുകള്‍ക്ക് സൗദി അറേബ്യയില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. കൂടാതെ ഹെലികോപ്റ്റര്‍ അറ്റക്കുറ്റ പണിക്കാവശ്യമായ സാമഗ്രികളും സൈനിക വാഹനങ്ങളുടെ ഭാഗങ്ങളും സൗദി വാങ്ങുന്നുണ്ട്. പശ്ചിമേഷ്യയിലെ സൗഹൃദ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും മുന്‍നിര്‍ത്തിയാണ് ആയുധങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. നേരത്തെ 35000 കോടി ഡോളറിന്റെ ആയുധ കൈമാറ്റത്തിന് തീരുമാനിച്ചിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വിലയ ആയുധ ഇടപാടായിരുന്നു അത്.
സൗദി അറേബ്യ അമേരിക്കയില്‍ നിന്ന് മാത്രമല്ല, അടുത്തിടെ റഷ്യയില്‍ നിന്നു ആയുധങ്ങള്‍ വാങ്ങാനും കരാറുണ്ടാക്കിയിരുന്നു. ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ആണ് റഷ്യയില്‍ നിന്ന് പ്രധാനമായും സൗദി വാങ്ങുന്നത്. പുറമെ, കോര്‍ണറ്റ്-ഇഎം റോക്കറ്റ് സംവിധാനവും റഷ്യ സൗദിക്ക് നല്‍കും. സൈനിക ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണിത്. ഒന്നിലധികം റോക്കറ്റുകള്‍ ഒരേ സമയം വിക്ഷേപിക്കാന്‍ സാധിക്കുന്ന ടോസ്-വണ്‍ എ എന്ന സംവിധാനവും റഷ്യ സൗദിക്ക് നല്‍കും. എജിഎസ്-30 ഓട്ടോമേറ്റഡ് ഗ്രനേഡുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളും നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ കലാഷ്നിക്കോവ് എകെ -103 തോക്കുകളും നല്‍കുന്നുണ്ട്.
Post Your Comments