ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിക്ക് മധുരമായി പ്രതികാരം വീട്ടിയിരിക്കുകയാണ് ബിജെപി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ പത്ത് സീറ്റുകളില്‍ എട്ട് പേരെ വിജയിപ്പിക്കാന്‍ കരുത്തുണ്ടായിരുന്ന ബിജെപി ഒമ്പതാമത് ഒരാളെ കൂടി വിജയിപ്പിച്ചു. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി, വക്താവ് ജി.വി.എല്‍. നരസിംഹ റാവു എന്നിവര്‍ വിജയികളുടെ പട്ടികയിലുണ്ട്.
മായാവതിയുടെ ബി.എസ്.പിക്ക് ആകെ അടിപതറി. എസ്.പിയില്‍നിന്നും ബി.എസ്.പിയില്‍നിന്നും വോട്ട് ചോര്‍ന്നതോടെ ബി.എസ്.പി. സ്ഥാനാര്‍ഥി ഡോ. ഭീംറാവു അംബേദ്കര്‍ തോറ്റു. 37 ഒന്നാം വോട്ടുകള്‍ വേണ്ടിയിരുന്ന സ്ഥാനത്ത് അംബേദ്കര്‍ക്ക് 32 എണ്ണം മാത്രമാണു ലഭിച്ചത്. ജയാ ബച്ചന് എസ്.പി. ടിക്കറ്റില്‍ വിജയം കണ്ടു. കര്‍ണാടകയില്‍നിന്നു ബി.ജെ.പി. സ്ഥാനാര്‍ഥിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചു.
also read:
പശ്ചിമ ബംഗാളിലെ അഞ്ചു സീറ്റിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസിലെ നാലു പേരും കോണ്‍ഗ്രസില്‍നിന്ന് ഒരാളും വിജയിച്ചപ്പോള്‍ സി.പി.എമ്മിന് അടിതെറ്റി. അഞ്ചാമത്തെ സീറ്റിലേക്കു മത്സരിച്ച സി.പി.എമ്മിന്റെ റബിന് ദേബ് പരാജയപ്പെട്ടു.
രാജ്യസഭയിലേക്കു 16 സംസ്ഥാനങ്ങളില്‍നിന്നായി 58 ഒഴിവുകളിലേക്കാണു നിശ്ചയിച്ചിരുന്നത്. കേരളത്തിലെ ഒരു ഒഴിവില്‍ ഉപതെരഞ്ഞെടുപ്പായിരുന്നു. അതില്‍ എം.പി. വീരേന്ദ്രകുമാര്‍ വിജയം കണ്ടു. മഹാരാഷ്ട്രയില്‍നിന്നു വി. മുരളീധരന് അടക്കം 33 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആറു സംസ്ഥാനങ്ങളിലായി ശേഷിച്ച 25 ഒഴിവിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
Post Your Comments