ന്യൂഡല്‍ഹി•ഓഹരി വിപണി നിരീക്ഷണ സംവിധാനമായ സെബി (സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) എന്‍.ഡി.ടി.വിയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ എന്‍.ഡി.ടി.വി പ്രമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്.
450 കോടി രൂപയുടെ ആദായനികുതി രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തിയതിനാണ് നടപടി. നാലുവര്‍ഷം മുന്‍പ് വൈസ് ചെയർപേഴ്സൻ അവരുടെ പേരിലെ ഷെയറുകൾ വിറ്റ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചില്ലെന്നും പരാതിയുണ്ട്. പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് സെബി നടപടി സ്വീകരിച്ചത്.
മാര്‍ച്ച് 16 ന് പുറത്തിറങ്ങിയ 23 പേജ് ഉത്തരവില്‍ എന്‍.ഡി.ടി.വിയ്ക്ക് 10 ലക്ഷം രൂപയും പ്രണോയ് റോയ്, രാധിക റോയ്, വിക്രമാദിത്യ ചന്ദ്ര (ആ സമയത്തെ ഗ്രൂപ്പ് സി.ഇ.ഒ), അനൂപ് സിംഗ് ജുനേജ (കംപ്ലൈൻസ് ഓഫീസർ) എന്നിവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും സെബി പിഴ വിധിച്ചിട്ടുണ്ട്.
കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ കെ.വി.എല്‍ നാരായണ്‍ റാവുവിനും സെബി നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം അദ്ദേഹം മരിച്ചുപോയതിനാല്‍ നപടിക്രമങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
അതേസമയം, തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായില്ലെന്നും എല്ലാ രേഖകളും യഥാസമയം സമർപ്പിച്ചതാണെന്നും എന്‍.ഡി.ടി.വി അധികൃതര്‍ അറിയിച്ചു.
Post Your Comments