ഓഹരി വിപണിയിൽ ഷോർട്ട് സെല്ലിംഗ് കൂടുതൽ സുതാര്യമാക്കാനൊരുങ്ങി മാർക്കറ്റ് റെഗുലേറ്ററായ സെബി. ഇതിനായി പ്രത്യേക നിയമങ്ങൾ ആവിഷ്കരിക്കാനാണ് സെബിയുടെ തീരുമാനം. ഇതുവഴി ചെറുകിട നിക്ഷേപകർക്കും, നിക്ഷേപക സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ എല്ലാ നിക്ഷേപകർക്കും ഷോർട്ട് സെല്ലിംഗ് സാധ്യമാകുന്നതാണ്. അതേസമയം, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കാത്ത ഷോർട്ട് സെല്ലിംഗ് അനുവദിക്കുകയില്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. കടം വാങ്ങിയ ഓഹരികൾ വിപണിയിൽ വിറ്റ് ലാഭമെടുക്കുന്ന രീതിയാണ് ഷോർട്ട് സെല്ലിംഗ്.
നിയമത്തിന്റെ ചില പഴുതുകൾ ഉപയോഗിച്ച് പലപ്പോഴും ഷോർട്ട് സെല്ലിംഗ് രഹസ്യമായാണ് നിക്ഷേപകർ നടത്തുന്നത്. പലപ്പോഴും 2-3 ദിവസം വരെ കഴിഞ്ഞാണ് ഇത്തരം ഇടപാടുകളുടെ സെറ്റിൽമെന്റ് നടക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് നടപടികൾ കൂടുതൽ സുതാര്യമാക്കാനുള്ള പദ്ധതികൾക്ക് സെബി തുടക്കമിടുന്നത്. ഇതോടെ, അതത് ദിവസം തന്നെ ഷോർട്ട് സെല്ലിംഗ് നടത്തിയ ഓഹരികളെ കുറിച്ച് എക്സ്ചേഞ്ചുകളെ നിർബന്ധമായും അറിയിക്കേണ്ടതാണ്. വില കുറയാൻ സാധ്യതയുള്ള ഓഹരികൾ കണ്ടെത്തി, നിലവിലെ വിപണി വിലയിൽ വിൽക്കുകയും വില താഴേക്ക് പോകുമ്പോൾ വാങ്ങുന്നതുമാണ് ഷോർട്ട് സെല്ലിംഗിന്റെ രീതി. വിറ്റ വിലയും വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ ലാഭമായി കണക്കാക്കുന്നത്.
Post Your Comments