Latest NewsKeralaNewsUncategorized

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനൊരുങ്ങുന്ന ഭിന്നശേഷിക്കാര്‍ക്കായി പുതിയ മാർഗനിർദേശങ്ങൾ

ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിച്ച് ഗതാഗത കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകും. ഭിന്നശേഷിയുള്ളവര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ സാധിക്കുമെന്ന് ഉറപ്പായാല്‍ ലൈസന്‍സ് അനുവദിക്കണമെന്നതിലായിരിക്കണം ലൈസന്‍സ് അതോറിറ്റിയുടെ മുന്‍ഗണന.

Read Also: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതൃത്വം

ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമായി ആറുമാസത്തിലൊരിക്കല്‍ ലേണേഴ്‌സ് ലൈസന്‍സും ഡ്രൈവിംഗ് ടെസ്റ്റും നടത്തണം. ഇത്തരം സന്ദര്‍ഭങ്ങളില്‍, ലിഫ്റ്റ് സൗകര്യമില്ലാത്ത ഓഫീസുകളില്‍ ലേണേഴ്‌സ് ടെസ്റ്റ് നടത്താന്‍ താഴത്തെ നിലയിലോ, സൗകര്യപ്രദമായി എത്താന്‍ കഴിയുന്ന അടുത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ സജ്ജീകരണമൊരുക്കണം. മോണോക്കുലര്‍ വിഷന്‍ മാത്രമുള്ള വ്യക്തികള്‍ക്ക് നോണ്‍ കൊമേഴ്‌സ്യല്‍ കാറുകളും മോട്ടോര്‍ സൈക്കിളും ഓടിക്കുന്നതിന് അവശേഷിക്കുന്ന കണ്ണിന്റെ കാഴ്ച 6/12 അല്ലെങ്കില്‍ അതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കണം. തിരശ്ചീനമായ ദൃശ്യതലം 120 ഡിഗ്രി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ളതായി ഗോള്‍ഡ്മാന്‍ പെരിമെട്രി/കണ്‍ഫ്രണ്ടേഷന്‍ ടെസ്റ്റില്‍ തെളിയണം. ഒരു കണ്ണ് നഷ്ടപ്പെടുകയോ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മതിയായ സമയം (ആറ് മാസം) സാധാരണ ജീവിതവുമായി ഇണങ്ങിച്ചേരാന്‍ അവസരം നല്‍കിയശേഷമേ ടെസ്റ്റ് നടത്താവൂ എന്ന് മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേള്‍വിക്ക് ഭിന്നശേഷിയുള്ള വ്യക്തികളുടെ വാഹനത്തില്‍ ഡ്രൈവര്‍ കേള്‍വിക്ക് ഭിന്നശേഷിയുള്ള ആളാണെന്ന് സൂചിപ്പിക്കുന്ന ചിഹ്‌നം വാഹനത്തില്‍ പതിപ്പിക്കണം. ഇത്തരം അപേക്ഷകരുടെ ഡ്രൈവിംഗ് ടെസ്റ്റ് മറ്റ് സാധാരണ അപേക്ഷകരുടെ ടെസ്റ്റ് പോലെതന്നെ നടത്തി, പാസായാല്‍ ലൈസന്‍സ് നല്‍കണം.
ഭിന്നശേഷിക്കാരായ വ്യക്തികള്‍ അവരവരുടെ ശാരീരികക്ഷമതയ്ക്കനുസരിച്ച് റിട്രോഫിറ്റ് ചെയ്തതോ കമ്പനി നിര്‍മ്മിച്ച ഇന്‍വാലിഡ് കാര്യേജ്/ഓട്ടോമാറ്റിക് ക്ലച്ച്/ഓട്ടോമാറ്റിക് ഗിയര്‍ എന്നിവ ഘടിപ്പിച്ച വാഹനമോ സഹിതം ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കണം. ഡ്രൈവിംഗ് ലൈസന്‍സിന് അത്തരം വാഹനം പരീക്ഷാര്‍ഥി തന്നെ ഹാജരാക്കണം.

ഭിന്നശേഷിയുള്ളവര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍/ഓര്‍ത്തോപീഡിക് സര്‍ജന്‍ എന്നിവരില്‍ ആരിലെങ്കിലും നിന്ന് ലഭിച്ച നിര്‍ദേശപ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തിയ വാഹനം ഓടിക്കാനാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. അപേക്ഷകന്‍ ടെസ്റ്റിനായി കൊണ്ടുവരുന്ന വാഹനം അയാളുടെ കൈകളോ കാലുകളോ, കൈകാലുകളുടെ സംയുക്ത ഉപയോഗത്തോടെയോ അനായാസകരമായും പൂര്‍ണനിയന്ത്രത്തോടെയും തനിയ്ക്കും മറ്റ് ഹോഡ് ഉപഭോക്താക്കള്‍ക്കും സുരക്ഷിതമായും ഓടിക്കാനാകുമെന്ന് ലൈസന്‍സിംഗ് അതോറിറ്റിക്ക് ബോധ്യമായാല്‍ ലൈസന്‍സ് നല്‍കണം.

സര്‍ക്കാര്‍ ആശുപത്രിയിലെ ഓര്‍ത്തോസര്‍ജന്‍/ഒഫ്താല്‍മോളജിസ്റ്റ്/ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് എന്നിവരില്‍നിന്നും അപേക്ഷകന്റെ ഭിന്നശേഷിക്കനുസൃതമായി പൂര്‍ണമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഫോറം ഒന്ന് എ യില്‍ ലഭ്യമാക്കണം. ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന് അപേക്ഷകന് ലൈസന്‍സ് നല്‍കുന്നതില്‍ അനുകൂല തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ജോയന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുമായി ചേര്‍ന്ന് ടീമായി വീണ്ടും ടെസ്റ്റ് നടത്തണം.

കൃത്യമായ അപാകതകള്‍ ഇല്ലാത്തപക്ഷം ലൈസന്‍സ് നല്‍കണം, അല്ലെങ്കില്‍ 14 ദിവസത്തെ പരിശീലനം നടത്തി വീണ്ടും ടെസ്റ്റിന് ഹാജരാകണം. ഇത്തരം അപേക്ഷകര്‍ക്ക് ടെസ്റ്റ് സമയത്ത് മുന്‍ഗണന നല്‍കണം. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ അവര്‍ക്കുമാത്രമായി പ്രത്യേകദിവസം ക്യാമ്പ് നടത്തി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കണം.സര്‍ക്കുലറിലെ കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ എല്ലാ ആര്‍.ടി.ഒ/സബ് ആര്‍.ടി.ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കണം. ലേണേഴ്‌സ് ലൈസന്‍സ് നല്‍കുമ്പോള്‍ സര്‍ക്കുലറിന്റെ പകര്‍പ്പും ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കമെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button