തിരുവനന്തപുരം: ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ട്രാൻസ്‌പോർട്ട് കമ്മീഷണർ. റോഡു സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സംബന്ധിച്ചു പുറപ്പെടുവിച്ച 4/2024 -ാം നമ്പർ സർക്കുലറിലെ നിർദേശങ്ങളിൽ ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ (Motor Cycle without gear) ടെസ്റ്റിൽ ഒരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read Also: സംസ്ഥാനത്ത് ചൂട് കൂടുന്നു: 9 ജില്ലകളിലെ താപനില ഉയർന്ന നിലയിൽ
അത്തരത്തിലുള്ള തെറ്റിദ്ധാരണകൾ പൊതുജനങ്ങളിൽ നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇതു സംബന്ധിച്ച വിശദീകരണം നൽകിയത്. അതേസമയം, ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന പല വാഹനങ്ങളും കാലപ്പഴക്കമുള്ളതും പുതിയ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായതിനാൽ ഡ്രൈവിങ് സ്‌കൂൾ ലൈസൻസിൽ ചേർക്കുന്ന വാഹനങ്ങളുടെ പ്രായം 15 വർഷമായി നിജപ്പെടുത്തും. ഇത്തരം പഴയ വാഹനങ്ങൾ 1-5-2024 ന് മുൻപായി മാറ്റി 15 വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്‌കൂളിന്റെ എൽഎംവി വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിന് ഡാഷ് ബോർഡ് ക്യാമറയും, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസും ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്ത് മെമ്മറി കാർഡ് ഓഫീസിലെ കമ്പൂട്ടറിൽ കോപ്പി ചെയ്ത് 3 മാസം വരെ സൂക്ഷിക്കേണ്ടതാണ്. എൽഎംവി ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്,സിഗ്‌സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം പരിശോധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Read Also: വീട്ടിൽ 3 കഞ്ചാവ് ചെടികൾ വരെ നട്ടുപിടിപ്പിക്കാം ! കഞ്ചാവ് കൃഷി നിയമവിധേയമാക്കി ഈ രാജ്യം
Post Your Comments