Latest NewsKerala

പരിഷ്‌കാരം ‘പാളി’: വ്യാപക പ്രതിഷേധം ഉയർന്നതോടെ ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രതിദിനം ഒരു കേന്ദ്രത്തില്‍ 50പേരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം പിന്‍വലിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയന്ത്രണത്തിനെതിരെ സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം പിന്‍വലിച്ചത്. ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവര്‍ക്കെല്ലാം ടെസ്റ്റ് നടത്താനും ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു.

ഇന്നലെയാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് ഗണേഷ് കുമാറിന്റെ നിര്‍ദേശം വന്നത്. ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ടെസ്റ്റിന് എത്തിയവരോട് 50 പേര്‍ക്ക് മാത്രമേ ടെസ്റ്റ് നടത്തുകയുള്ളൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതാണ് പ്രതിഷേധത്തില്‍ കലാശിച്ചത്. നിയന്ത്രണം നടപ്പാക്കിയാല്‍ ഇന്ന് സ്ലോട്ട് കിട്ടിയ പലര്‍ക്കും മടങ്ങിപ്പോകേണ്ടി വരും. ഇതിനെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ ടെസ്റ്റിന് എത്തിയവര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശിച്ചത്. മെയ് ഒന്നു മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം പെട്ടെന്ന് ഏര്‍പ്പെടുത്തിയത്. പുതിയ തീരുമാനത്തില്‍ ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരും പ്രതിഷേധം അറിയിച്ചിരുന്നു.

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കുമെന്നു കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റയുടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 അംഗ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ചാണ് പരിഷ്‌കാരങ്ങള്‍ വരുത്തിയത്.

ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കൈ കൊണ്ട് ഗിയറ് പ്രവര്‍ത്തിപ്പിക്കുന്ന വാഹനത്തിന് പകരം കാലില്‍ ഗിയറുള്ള വാഹനം നിര്‍ബന്ധമാക്കി. കാര്‍ ലൈസന്‍സ് എടുക്കാന്‍ ഓട്ടോമാറ്റിക് ഗിയറുള്ള വാഹനം, ഇലക്ട്രിക് വാഹനം ഉപയോഗിക്കാന്‍ പാടില്ല. മെയ് ഒന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നിലവില്‍ വരുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. സാധാരണനിലയില്‍ 100 മുതല്‍ 180 വരെയുള്ള ആളുകള്‍ക്ക് ദിവസത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താറുണ്ട്. ഇത് 50 ആയി ചുരുങ്ങുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button