കംപാല•വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ എമിറേറ്റ്സ് ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ജീവനക്കാരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് ദുബായില്‍ നിന്നും എന്റെബെയിലെത്തിയ എമിറേറ്റ്സ് EK 730 വിമാനം യാത്രക്കാരെ ഇറക്കിയ ശേഷം ദുബായിലേക്കുള്ള യാത്രക്കാരെ കയറ്റാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം.
സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.പക്ഷേ, ആത്മഹത്യയാകാനാണ് സാധ്യതയെന്ന് ചില ദൃക്സാക്ഷികളെ ഉദ്ധരിച്ച് ‘ഡെയിലി നേഷന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാടുന്നതിന് കുപ്പി പോലെ എന്തോ ഒന്ന് ചുണ്ടിന് കീഴെയായി പിടിച്ചിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
വാതില്‍ തുറന്ന് പുറത്തേക്ക് വീണ് ജീവനക്കാരി മരിച്ചതായി എമിറേറ്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ ചിന്തയും പ്രാര്‍ത്ഥനയും അവരുടെ കുടുംബത്തോടൊപ്പമുണ്ടെന്നും അവര്‍ക്ക് നല്കാന് കഴിയുന്ന എല്ലാവിധ പിന്തുണയും സംരക്ഷണവും തങ്ങള്‍ നല്‍കുമെന്നും എമിറേറ്റ്സ് അറിയിച്ചു. അന്വേഷണത്തിന് അധികൃതരുമായി പൂര്‍ണമായും സഹകരിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അതേസമയം, എമിറേറ്റ്സ് ജീവനക്കാരി നിര്‍ഭാഗ്യവശാല്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് ഉഗാണ്ടന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവന പറയുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരണം അവര്‍ നല്‍കുന്നില്ല.
Post Your Comments