കരിപ്പൂര്‍: വിമാനറാഞ്ചൽ ഉണ്ടായാൽ അതെങ്ങനെ നേരിടണമെന്നത് അധികൃതർ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. നന്നായി മനസിലാക്കണമെങ്കിൽ അത് നേരിട്ട് തന്നെ അനുഭവിച്ചറിയണം. ഇതാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വിമാനറാഞ്ചല്‍ നാടകം. വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെയും പ്രവര്‍ത്തനമികവിന്റെയും ഭാഗമായാണ് മാനറാഞ്ചല് നാടകം അരങ്ങേറിയത്. ഉദ്ദേശം മറ്റൊന്നുമല്ല, ഇത്തരം ഒരു സന്ദർഭത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ഉദ്യോഗസ്ഥർക്ക് മനസിലാക്കിക്കൊടുക്കുക.
വിമാനം തീവ്രവാദികള്‍ തട്ടിയെടുക്കുന്നതും ദേശീയ സുരക്ഷാഗാര്‍ഡിന്റെ സഹായത്തോടെ തീവ്രവാദികളെ വധിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തുന്നതുമാണ് വിമാനത്താവളത്തില്‍ ആവിഷ്കരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.55-നാണ് എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗം, നൂറിലധികം യാത്രക്കാരുമായി ഗള്‍ഫിലേക്ക് പറക്കാനൊരുങ്ങിയ വിമാനം റാഞ്ചിയതായി വിമാനത്താവള സുരക്ഷാചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാസേനയ്ക്ക് വിവരം കൈമാറിയത്.
also read:കരിപ്പൂർ കുതിപ്പിലേക്ക്: കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കാൻ നീക്കം
തുടര്‍ന്ന് വിമാനത്താവളത്തിലെ ദുരന്തനിവാരണ ഗ്രൂപ്പ് അടിയന്തര യോഗം ചേരുകയും സംസ്ഥാന പോലീസ്, ആന്റി ടെററിസ്റ്റ് ഗ്രൂപ്പ്, എന്‍.എസ്.ജി, ജില്ലാ ഭരണകൂടം എന്നിവയ്ക്ക് വിവരം കൈമാറുകയും ചെയ്തു. റാഞ്ചപ്പെട്ട വിമാനത്തെ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയും റണ്‍വേ അടയ്ക്കുകയുംചെയ്തു. ജില്ലാ മെഡിക്കല്‍ വിഭാഗം വിമാനത്താവളത്തില്‍ അടിയന്തര മെഡിക്കല്‍ യൂണിറ്റ് സ്ഥാപിക്കുകയും വിമാനക്കമ്പനി യാത്രക്കാരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി പ്രത്യേക കൗണ്ടര്‍ ആരംഭിക്കുകയുംചെയ്തു.
വിമാനത്താവള ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ, സി.ഐ.എസ്.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് ഡാനിയല്‍ ഡിസൂസ, ഡെപ്യൂട്ടി കളക്ടര്‍ അബ്ദുള്‍റാഷിദ്, ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ എന്നിവര്‍ തീവ്രവാദികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. വിവിധ ഭാഷകള്‍ സംസാരിക്കുന്ന തീവ്രവാദികളുമായി സന്ധിസംഭാഷണങ്ങള്‍ക്ക് കോഴിക്കോട് സര്‍വകലാശാലയില്‍നിന്നുള്ള വിദഗ്ധരുടെ സഹായവും തേടി. സമീപത്തെ ഹോസ്പിറ്റലുകളിലേക്കും മറ്റു ഏജന്‍സികളിലേക്കും വിവരം കൈമാറി. തുടര്‍ന്ന് എത്തിയ ദേശീയ സുരക്ഷാഗാര്‍ഡ് സൈനികര്‍ സംസ്ഥാന പോലീസിന്റെയും സി.ഐ.എസ്.എഫിന്റെയും സഹായത്തോടെ തീവ്രവാദികളെ വധിക്കുകയും യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തതോടെയാണ് പരിശീലനം അവസാനിച്ചത്. പരിശീലനത്തിന് നേതൃത്വംനല്കാന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക എന്‍.എസ്.ജി. വിഭാഗവും കോഴിക്കോട്ടെത്തിയിരുന്നു. ഇത് വളരെ വേറിട്ട അനുഭവവും അറിവുമാണ് ഉദ്യോഗസ്ഥർക്ക് നല്‍കിയത്.
Post Your Comments