KeralaLatest NewsNews

അടിവസ്ത്രത്തിനുള്ളിലും മലദ്വാരത്തിലുമായി കടത്തിയത് 3 കിലോ സ്വർണം: സ്വർണം കടത്താൻ പുത്തൻ രീതികൾ

മലപ്പുറം: കരിപ്പൂരിൽ യാത്രക്കാരിൽ നിന്നും സ്വർണ്ണം പിടികൂടി. മൂന്നു കിലോയിലേറെ സ്വർണ്ണമാണ് കസ്റ്റംസ് മൂന്ന് യാത്രക്കാരില്‍ നിന്നായി പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം രൂപ വിലമതിക്കും. 1054 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം കടത്തി കൊണ്ടുവന്ന മലപ്പുറം സ്വദേശി ജംഷീദ് എട്ടേപ്പാടൻ (32) ആണ് ആദ്യം കസ്റ്റംസിന്റെ പിടിയിലായത്. 4 ക്യാപ്സ്യൂളുകളിൽ ആയാണ് ഇയാൾ സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.

പിന്നാലെ വയനാട് സ്വദേശി ബുഷറയും കുടുങ്ങി. 1077 ഗ്രാം സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ടായിരുന്നു ബുഷാറ വിമാനത്താവളം കടക്കാൻ ശ്രമിച്ചത്. നാല് കുട്ടികളും ഇവരുടെ കൂടെ ഉണ്ടായിരുന്നു. കുട്ടികളെ മറയാക്കി അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും രക്ഷപ്പെടാമെന്നായിരുന്നു ഇവർ കരുതിയത്. ഇതിന് പുറമെ 24 കാരറ്റിൻ്റെ 249 ഗ്രാം ആഭരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു.

679 ഗ്രാം കടത്തിയ കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ ആണ് പിടിയിലായ മൂന്നാമൻ. മിശ്രിത രൂപത്തിൽ ഉള്ള സ്വർണം 3 ക്യാപ്സൂളുകളിലായി ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മൂന്ന് പേരിൽ നിന്നുമായി ആകെ 3059 ഗ്രാം സ്വർണം ആണ് പിടിച്ചെടുത്തത്. ഏകദേശം 1,36,40,000 രൂപയാണ് ഇതിൻ്റെ വിപണി മൂല്യമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്നും വന്ന വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോയിലേറെ തൂക്കമുള്ള 8 സ്വർണ്ണക്കട്ടികളും കണ്ടെടുത്തിരുന്നു.

സ്വർണം കടത്താൻ പല വഴികളാണ് സംഘം പരീക്ഷിക്കുന്നത്. മിശ്രിത രൂപത്തിൽ ഉള്ള സ്വർണം തുണിയിലും സോക്‌സിലും പൊതിഞ്ഞ നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിമാനത്തിൽ നിന്ന് ലഗ്ഗേജ് കൊണ്ട് വരുന്ന ട്രാക്ടർ ട്രോളിയിൽ നിന്ന് തന്നെ ഇൻഡിഗോ ജീവനക്കാർ സ്വർണം അടങ്ങിയ പെട്ടി മാറ്റും. പെട്ടിയിൽ ആഭ്യന്തര പുറപ്പെടൽ ടാഗ് പതിച്ച് കൊണ്ടുവരും. ഇങ്ങനെ കസ്റ്റംസ് പരിശോധനയിൽ നിന്നും വെട്ടിച്ച് കൊണ്ടുവരുന്ന പെട്ടി പുറത്ത് എത്തിച്ച് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button