മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസിന്റെ സാഹസികമായ സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് സംഘം കടത്തിയ ഒരു കിലോ സ്വർണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. വിമാനത്താവളത്തിൽ നിന്ന് സംഘം പുറത്ത് എത്തിച്ച സ്വർണം കവർച്ച ചെയ്യാൻ എത്തിയ രണ്ട് പേരെയും പൊലീസ് പിടികൂടി.
തിരൂർ സ്വദേശിയായ ഷക്കീബ് ചുള്ളിയിൽ ആണ് അബുദാബിയിൽ നിന്നും സ്വർണം കടത്തിയത്. ഷക്കീബിനെയും കള്ളകടത്ത് സ്വർണം അപഹരിക്കാൻ എത്തിയ രണ്ട് കൊടുവള്ളി സ്വദേശികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Also read: കൈരളിയും, ദേശാഭിമാനിയും മാത്രം മതിയോ സഖാക്കന്മാരേ? ലക്ഷ്മി പദ്മയ്ക്ക് പിന്തുണയുമായി ബിന്ദു കൃഷ്ണ
തിരൂർ സ്വദേശി ഷക്കീബ് അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലാണ് സ്വർണം കടത്തിയത്. വിമാനം ഇറങ്ങി പുറത്ത് വന്ന ഷക്കീബ് വാഹനത്തിൽ കയറാൻ പാർക്കിംഗ് ഏരിയയിലേക്ക് പോകുന്നതിനിടെയാണ് ആറോളം പേര് ഇയാളുമായി പിടിവലി കൂടിയത്. ഇത് കണ്ട വിമാനത്താവളത്തിലെ പൊലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്നാണ് ഇവരിൽ നിന്ന് സ്വർണം പിടികൂടുന്നത്. സംഘട്ടനത്തിനിടെ നാല് പേർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. പിടിയിലായ മൂന്ന് പേരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
രാമനാട്ടുകര സ്വർണകവർച്ചയ്ക്ക് ശേഷം സ്വർണം കൊള്ളയടിക്കുന്നവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യാറുണ്ട്. തുടർന്ന് നിരവധി പേർ പിടിയിലാവുകയും ചെയ്തിരുന്നു. കരിപ്പൂർ ഇന്റർനാഷണൽ ടെർമിനലിൽ ഇന്നലെയാണ് പുതിയ പൊലീസ് എയിഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്.
Post Your Comments