Latest NewsNewsIndia

തേനിയില്‍ കാട്ടുതീയില്‍പ്പെട്ട സ്ഥലത്ത് ഹൃദയഭേദകമായ കാഴ്ചകള്‍ : ആരെയും നടുക്കും

തേനി : തമിഴ്‌നാട്- കേരള അതിര്‍ത്തിയില്‍ കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ രക്ഷാപ്രവര്‍ത്തനത്തിനു പോയവരെ കാത്തിരുന്നതു ദാരുണമായ ദൃശ്യങ്ങള്‍. കുടിക്കാന്‍ ഒരു തുള്ളി വെള്ളമോ മരുന്നോ സുരക്ഷാസ്ഥാനത്തേക്കു മാറ്റാന്‍ സൗകര്യമോ ഇല്ലാതെ ദുരിതം അനുഭവിക്കുന്നവരെയാണു കാട്ടിനുള്ളിലെ ഇരുട്ടില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്.

ഞായറാഴ്ച അര്‍ധരാത്രിയോടെ കാട്ടിലേക്കു കടന്ന രക്ഷാപ്രവര്‍ത്തകരാണു ജീവച്ഛവം പോലെ കാട്ടില്‍ അകപ്പെട്ടവരെ കണ്ടെത്തിയത്. ഇവര്‍ക്കു കാര്യമായ സഹായമൊന്നും നല്‍കാനാകാത്തതിന്റെ നിസ്സഹായതയും പലരും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. വനത്തിലെ കാഴ്ചകള്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങളിലാണു ഞെട്ടിക്കുന്ന കാഴ്ചകളുള്ളത്.

വസ്ത്രങ്ങള്‍ പോലും പൂര്‍ണമായും കത്തിപ്പോയ അവസ്ഥയിലായിരുന്നു ചിലര്‍. ശബ്ദിക്കാന്‍ പോലുമാകാതെ ഇരുന്നവര്‍ക്ക് ആകെ നല്‍കാനായതു കുപ്പിവെള്ളം മാത്രം. ഇതുപോലും അല്‍പം കഴിഞ്ഞപ്പോള്‍ തീര്‍ന്നുപോയി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരുടെ കയ്യിലുണ്ടായിരുന്ന വെള്ളമാണു പലര്‍ക്കും നല്‍കിയത്. അല്‍പം വെള്ളം മാത്രം നല്‍കിയപ്പോള്‍ ‘അണ്ണാ, കുറച്ചു കൂടി വെള്ളം തരാമോ…?’ എന്നു കേഴുന്ന ദൃശ്യങ്ങളും മനഃസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.

പലരും തങ്ങളുടെ ബന്ധുക്കളുടെ ഫോണ്‍നമ്പരും രക്ഷാപ്രവര്‍ത്തകര്‍ക്കു പറഞ്ഞു കൊടുത്തു. സഹായവുമായി ഹെലികോപ്റ്റര്‍ വരുന്നുണ്ടെന്നു രക്ഷാപ്രവര്‍ത്തകര്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. അതുവരെ കാത്തിരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടു കേഴുന്ന കാഴ്ചയായിരുന്നു ചുറ്റിലും. പാറകള്‍ക്കടിയിലും മറ്റും അഭയം തേടിയവര്‍ക്കും ഗുരുതര പൊള്ളലേറ്റു.

മേഖലയിലെ പുല്‍മേടു മുഴുവന്‍ തീപിടിച്ചു നശിച്ച അവസ്ഥയിലായിരുന്നു. കൊടുംകാട്ടിനു നടുവില്‍ ഒരു പുതപ്പിന്റെ മാത്രം അഭയത്തിലായിരുന്നു പൊള്ളലേറ്റവര്‍ കഴിഞ്ഞത്. വിഡിയോ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍ക്ക് 80 ശതമാനം വരെ പൊള്ളലേറ്റിരുന്നു. ഇവരില്‍ ചിലര്‍ പിന്നീടു മരണപ്പെട്ടു. ബാക്കിയുള്ളവര്‍ ചികിത്സയിലാണ്. അതേസമയം അതീവദാരുണ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button