ചെന്നൈ: കേരള- തമിഴ്നാട് അതിര്‍ത്തിയിലെ തേനിയില്‍ കുരങ്ങിണി വനമേഖലയില്‍ ട്രക്കിങ്ങിന് എത്തിയ സംഘത്തിന് അവസരമൊരുക്കിയത് ഫെയ്സ്ബുക്ക് ഗ്രൂപ്പ്. ചെന്നൈ ട്രക്കിങ് ക്ലബാണ്(സിടിസി) വനിതാ ദിനത്തോടനുബന്ധിച്ച് യാത്ര സംഘടിപ്പിച്ചത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നു കീഴടക്കുക എന്നതായിരുന്നു ഫെയ്സ്ബുക്ക് ഗ്രൂപ്പ് ഒരുക്കിയ ട്രക്കിങിന്റെ ദൗത്യം. ഇതു സംബന്ധിച്ച് സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും, ഫെയ്സ്ബുക്ക് പേജിലും വിവരങ്ങള്‍ നല്‍കിയിരുന്നു. കൊളുക്കുമലയില്‍ രണ്ടു ദിവസത്തെ ട്രക്കിങ്ങിനായി ഫെബ്രുവരി ഒമ്ബതിനാണ് രജിസ്ട്രേഷന് ആരംഭിച്ചത്. സംഘത്തില്‍ ഏറെയും ഐടി ജീവനക്കാരാണെന്നാണ് സൂചനകള്‍.
സംഘാടകര്‍ ഉള്‍പ്പെടെ 20 പേര് അടങ്ങുന്ന സംഘമാണെന്നാണ് വിവരം. മാര്‍ച്ച് ഒമ്പതിനു രാവിലെ ചെന്നൈയില്‍ നിന്നു യാത്ര തിരിച്ച സംഘം 11 നു രാത്രി ഒമ്പതോടെ യാത്ര അവസാനിപ്പിക്കാനും, 12 നു രാവിലെ തിരികെ ചെന്നൈയില്‍ എത്താനും ആയിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ അതിനിടെ അപ്രതീക്ഷിതമായി സംഘത്തെ തേടി ദുരന്തമെത്തുകയായിരുന്നു.
ഗതാഗത ചിലവിനൊപ്പം 1500 രൂപയുമായിരുന്നു ട്രക്കിങ്ങിന്റെ ചിലവ്. ദിവ്യ, നിഷ എന്നിവരാണു സംഘാടകരെന്നും വെബ്സൈറ്റിലുണ്ട്. ട്രക്കിങ്ങിനായി എല്ലാ പരിശീലനവും, മുന്നറിയിപ്പുകളും നല്‍കിയാണ് സിടിസി അംഗങ്ങളെ യാത്രയ്ക്ക് ഒരുക്കുന്നത്. യാത്രക്കിടെ അപകടം സംഭവിച്ചാല്‍ സിടിസി ഉത്തരവാദിയല്ലെന്നും രജിസ്ട്രേഷന് സമയത്ത് പങ്കെടുക്കുന്നവരെ അറിയിക്കും. 2008 ല്‍ രൂപപ്പെട്ട ഈ കൂട്ടായ്മ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ട്രക്കിങ് ഗ്രൂപ്പുകളിലൊന്നാണ്. എന്നാല്‍ നിലവില്‍ സിടിസി ഫെയ്സ്ബുക്ക് പേജില്‍ അപകടം സംബന്ധിച്ച വിവരങ്ങളൊന്നുമില്ല.
Post Your Comments