പെട്ടെന്നു കുഴഞ്ഞു വീണു സംഭവിക്കുന്ന മരണങ്ങളെക്കുറിച്ചു ഈയിടെയായി പത്രങ്ങളിലും നവ മാധ്യമങ്ങളിലും ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ഇത് വളരെയധികം ആശങ്കകളും സംശയങ്ങളും ഉണ്ടാക്കുന്നുമുണ്ട്.
കുഴഞ്ഞു വീഴുന്നത് എന്തുകൊണ്ട്?
പല കാരണങ്ങള്‍ മൂലം ഇത് സംഭവിക്കാം.
1 . രക്തസമ്മര്‍ദം ക്രമാതീതമായി കുറയുക
2 . രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയുക
3 . ശരീരത്തിന്റെ സന്തുലനാവസ്ഥ തെറ്റുക (ചെവിയുടെയോ മസ്തിഷ്‌കത്തിന്റയോ പ്രശ്‌നങ്ങള്‍ മൂലം)
4 . മസ്തിഷ്‌കാഘാതം (stroke )
5 . അപസ്മാരം (Seizure)
6. ഹൃദയസ്തംഭനം (Cardiac Arrest )
7. ശ്വാസകോശത്തിലോട്ടുള്ള പ്രധാന രക്തധമനിയില്‍ (Pulmonary Artery) ബ്ലോക്ക് ഉണ്ടാകുന്ന അവസ്ഥ (Pulmonary Embolism)
ഇവയെല്ലാം തന്നെ അപകടകാരികള്‍ ആയേക്കാമെങ്കിലും കുഴഞ്ഞു വീണു പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് ഹൃദയസ്തംഭനം മൂലവും പള്‍മൊണറി എംബോളിസം മൂലവും ആണ് . ഇതില്‍ തന്നെ ഏറ്റവും സാധാരണയായി സംഭവിക്കുന്നത് ഹൃദയസ്തംഭനം തന്നെ.
എന്താണ് ഹൃദയസ്തംഭനം
ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യുന്നതു മൂലം (സാധാരണ ഹൃദയമിടിപ്പിന്റെ തോത് മിനിറ്റില്‍ 60 -100 ആണ്) തലച്ചോറിലേക്കും മറ്റു അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം കുറയുന്ന അവസ്ഥ ആണിത് . ഇത്തരം സാഹചര്യങ്ങളില്‍ കൃത്യ സമയത്തു ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ് (Sudden cardiac death ). രോഗലക്ഷണങ്ങള്‍ ആരംഭിച്ചതിനു ശേഷം ഒരു മണിക്കൂറിനുളില്‍ മരണം സംഭവിക്കുന്നതിനാണ് Sudden Cardiac death എന്നു പറയുന്നത്
ഹൃദയസ്തംഭനം എന്തുകൊണ്ട്?
ഹൃദയപേശികള്‍ക്കു രക്തം എത്തിക്കുന്ന രക്ത ധമനികളില്‍ (coronary arteries ) പെട്ടെന്ന് ബ്‌ളോക്ക് ഉണ്ടായി ഹൃദയാഘാതം(Heart Attack അഥവാ Myocardial Infarction) സംഭവിക്കുന്നതാണ് ഏറ്റവും കൂടുതലായി കാണുന്ന കാരണം.
സാധാരണയായി പ്രായം ചെന്നവരിലാണ് ഇതു സംഭവിക്കുന്നതെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാരിലും കാണുന്നുണ്ട്. പ്രമേഹം, അമിത രക്ത സമ്മര്‍ദം, പുകവലി, വ്യായാമം ഇല്ലായ്മ, പാരമ്പര്യം എന്നിവ ഇതിനുള്ള കാരണങ്ങളില്‍ ചിലതാണ്.
2. മുന്‍പ് ഹൃദയാഘാതം വന്ന ആളുകളിലും ഹൃദയത്തിന്റെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ വ്യക്തികളിലും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി (ventricular tachycardia / ventricular fibrillation ) ഹൃദയസ്തംഭനം സംഭവിക്കാം.
3 ഹൃദയ വാല്‍വുകള്‍ക്കു ചുരുക്കം സംഭവിക്കുന്നതു മൂലം (പ്രത്യേകിച്ചും ആയോര്‍ട്ടിക് വാല്‍വിന് – Aortic Stenosis )
4 ഹൃദയഭിത്തികള്‍ക്കു കട്ടി കൂടുന്ന ഹൈപെര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി (Hypertrophic cardiomyopathy)
5 ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുവാനോ (Ventricular tachycardia / ventricular fibrillation ) കുറയുവാനോ (bradyarrhythmia) സാധ്യതയുള്ള ജനിതക രോഗങ്ങള്‍
ഹൃദയസ്തംഭനത്തിനു മുന്നറിയിപ്പ് തരുന്ന രോഗലക്ഷണങ്ങള്‍
നടക്കുമ്പോഴോ കയറ്റം കയറുമ്പോഴോ നെഞ്ചിനു വേദനയോ ഭാരമോ തോന്നുകയാണെങ്കില്‍ അത് ഹൃദ്രോഗത്തിന്റെ ലക്ഷണം ആകാന്‍ സാധ്യത ഉണ്ട്
കണ്ണില്‍ ഇരുട്ടു കയറുക, ബോധക്ഷയം സംഭവിക്കുക, വളരെ വേഗത്തിലുള്ള നെഞ്ചിടിപ്പ് എന്നീ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഹൃദയസ്തംഭനത്തിന്റെ മുന്നോടിയായി കാണാറുണ്ട്.
ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍(ECG, Echocardiogram, Treadmill Tests, Holter test etc) നടത്തുന്നത് ഉചിതം ആയിരിക്കും.
ഹൃദയാഘാതം മൂലം ആണ് ഹൃദയസ്തംഭനം സംഭവിച്ചതെങ്കില്‍ കൊറോണറി രക്ത ധമനികളിലെ ക്ലോട്ട് അലിയിക്കുന്ന ത്രോംബോളൈറ്റിക് ചികിത്സയോ എമര്‍ജന്‍സി ആന്‍ജിയോപ്ലാസ്റ്റിയോ ആണ് ചികിത്സ. (ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍ ഉടനെ ചെയ്യുന്ന ആന്‍ജിയോപ്ലാസിക്ക് Primary angioplasty എന്ന് പറയും). ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ത്രോംബോളൈറ്റിക് ചികിത്സയെക്കാള്‍ ഫലപ്രദം ആന്‍ജിയോപ്ലാസ്റ്റി ആണ്.
ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയതാണ് ( ventricular tachycardia / ventricular fibrillation ) കാരണമെങ്കില്‍ defibrillator എന്ന ഉപകരണം ഉപയോഗിച്ച് നെഞ്ചില്‍ ഷോക്ക് കൃത്യമായി കൊടുത്താല്‍ രോഗിയെ രക്ഷിക്കാന്‍ സാധിച്ചേക്കും.
ഹൃദയമിടിപ്പ് തീരെ കുറഞ്ഞു പോയതാണ് കാരണമെങ്കില്‍ പേസ്മേക്കര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പ് കൂട്ടുക എന്നതാണ് ചികിത്സാരീതി.
ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുന്ന ventricular tachycardia അല്ലെങ്കില്‍ ventricular fibrillation ഇനി വീണ്ടും സംഭവിക്കാന്‍ സാധ്യത ഉണ്ടെങ്കില്‍ ഹൃദയത്തിന്റ്‌റെ ഉള്ളില്‍ ഷോക്ക് കൊടുക്കുന്ന (Implantable Cardioverter Defibrillator ) എന്ന ഉപകരണം പേസ്മേക്കര്‍ ഘടിപ്പിക്കുന്നത് പോലെ ഹൃദയത്തിന്റെ ഉള്ളില്‍ ഘടിപ്പിച്ചാല്‍ ഇനിയും ഹൃദയസ്തംഭനം സംഭവിച്ചു ജീവഹാനി ഉണ്ടാകുന്നത് തടയാന്‍ സാധിക്കും.
നമ്മുടെ മുന്‍പില്‍വച്ച് ഒരാള്‍ക്ക് ഹൃദയസ്തംഭനം സംഭവിച്ചാല്‍….?
നമ്മുടെ മുന്‍പില്‍ വച്ച് ഒരാള്‍ കുഴഞ്ഞു വീണാല്‍ മനഃസാന്നിധ്യത്തോടെയുള്ള ഇടപെടല്‍ ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിച്ചേക്കാം.
ഹൃദയസ്തംഭനം ആണ് സംഭവിച്ചിരിക്കുന്നതെന്ന് മനസ്സിലായാല്‍ ആദ്യം ചെയ്യേണ്ടത് മറ്റുള്ളവരെ സഹായത്തിനായി വിളിക്കുക (Call for help )യാണ് . എത്രയും പെട്ടെന്ന് വിദഗ്ധ വൈദ്യ സഹായം എത്തിച്ചാല്‍ മാത്രമേ മിക്ക അവസരങ്ങളിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
വൈദ്യ സഹായം എത്തുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ CPR (Cardiopulmonary resuscitation ) അത്യന്താപേക്ഷിതം ആണ്.
എങ്ങനെ ചെയ്യണം?
ഹൃദയസ്തംഭനം സംഭവിച്ച ആളെ ഉറച്ച പ്രതലത്തില്‍ മലര്‍ത്തി കിടത്തുക.
അതിനു ശേഷം അയാളുടെ നെഞ്ചിന്റെ നടുവില്‍ മുകളിലും താഴെയുമായി കൈകള്‍ ചേര്‍ത്ത് പിടിച്ചു ശക്തിയായി വേഗത്തില്‍ അമര്‍ത്തുകയും അയക്കുകയും ചെയ്യുക .
ഉദ്ദേശം 100 മുതല്‍ 120 തവണയെങ്കിലും ഒരു മിനിറ്റില്‍ അമര്‍ത്തണം. ഓരോ പ്രാവശ്യവും അമര്‍ത്തുമ്പോള്‍ രണ്ട് ഇഞ്ച് എങ്കിലും നെഞ്ച് താഴാന്‍ മാത്രം ശക്തി ഉപയോഗിച്ച് വേണം അമര്‍ത്തുവാന്‍ .
വായുപയോഗിച്ചു രോഗിയുടെ വായിലൂടെയോ മൂക്കിലൂടെയോ ശ്വാസം നല്‍കുവാന്‍ പണ്ടൊക്കെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും, CPR ഇല്‍ പ്രത്യേക പരിശീലനം നേടാത്ത വ്യക്തികള്‍ ആണ് CPR ചെയ്യുന്നതെങ്കില്‍ നെഞ്ച് അമര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധിക്കുക എന്നതാണ് ഇപ്പോഴത്തെ വിദഗ്ധ അഭിപ്രായം.
രോഗിയുടെ ഹൃദയസ്തംഭനത്തിന്റെ കാരണം കണ്ടു പിടിച്ചു ഹൃദയമിടിപ്പിന്റെ തോത് ക്രമാതീതമായി കൂടുന്ന ventricular tachycardia അല്ലെങ്കില്‍ ventricular fibrillation ആണെങ്കില്‍ അത് തിരിച്ചറിഞ്ഞു കൃത്യമായി ഷോക്ക് കൊടുക്കുവാന്‍ സഹായിക്കുന്ന Automatic external defibrillator(AED ), എയര്‍പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍ പോലുള്ള സ്ഥലങ്ങളില്‍ ചിലപ്പോള്‍ കണ്ടേക്കാം. AED ഉപയോഗം പലപ്പോഴും രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചേക്കാം.
Post Your Comments