ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വെടിവച്ചുകൊലപ്പെടുത്തിയതിനുപിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പ്രത്യേക അന്വേഷകസംഘം. ഗൗരി ലങ്കേഷിനുപുറമെ പ്രമുഖ എഴുത്തുകാരന്‍ കെ എസ് ഭഗവാനെയും സംഘം ലക്ഷ്യമിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. കര്‍ണാടകത്തിനുപുറമെ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് ഗൂഢാലോചനയുടെ കേന്ദ്രങ്ങളെന്ന് അന്വേഷകസംഘം അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഗൗരി ലങ്കേഷ് കൊലപാതകത്തിലും ഗൂഢാലോചനയിലും കര്‍ണാടകത്തിലെ തീവ്ര ഹിന്ദുത്വസംഘടനകള്‍ക്ക് ബന്ധമുണ്ട്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനുള്ള ആസൂത്രിതശ്രമം നേരത്തെ ആരംഭിച്ചിരുന്നു. ഇതിനുമുന്നോടിയായുള്ള ഗൂഢാലോചനയില്‍ സംസ്ഥാനത്തെ നിരവധി പ്രമുഖര്‍ക്കും പങ്കാളിത്തമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടകത്തിനുപുറത്തുനിന്നുള്ള ‘ഹിറ്റ്മാന്‍ സംഘമാണ് കൊലപാതകം നടത്തിയത്. ഇവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് ഗൂഢാലോചനയില്‍കൂടി പങ്കാളിയായ നവീന്‍കുമാറാണ്.
അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേകസംഘം മഹാരാഷ്ട്ര, ഗോവ, കര്‍ണാടകത്തിന്റെ തീരമേഖല എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തുകയാണ്. എന്നാല്‍, നുണപരിശോധനയ്ക്ക് വിധേയനാകാന്‍ നവീന്‍ വിസമ്മതിച്ചു. ഹര്‍ജി വിധിപറയാന്‍ 15ലേക്ക് മാറ്റി. അതിനിടെ, നവീന്‍കുമാറിനെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷകസംഘം കോടതിയുടെ അനുമതി തേടി.
നവീന്‍കുമാര്‍ എന്ന ഹൊട്ട നവീനിന്റെ മൊഴിയനുസരിച്ച് പ്രവീണ്‍ എന്നയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ, നവീന്‍കുമാറിനുവേണ്ടി ഹിന്ദു വിധിധ്യാന പരിഷത്തിലെ നിരവധി പ്രമുഖ അഭിഭാഷകരാണ് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായത്. കര്‍ണാടകത്തിലെയും പുറത്തെയും തീവ്ര ഹിന്ദുത്വസംഘടനകള്‍ക്ക് നിയമോപദേശം നല്‍കുന്നത് ഹിന്ദു വിധിധ്യാന പരിഷത്താണ്.
Post Your Comments