Latest NewsNewsIndia

ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ നീക്കം : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലും ചൈനയ്ക്ക് ആശങ്ക

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യക്ക് നിരന്തരം ഭീഷണി ഉയര്‍ത്തുന്ന ചൈനയെ ഞെട്ടിച്ചും ലോക രാഷ്ട്രങ്ങളെ അമ്പരപ്പിച്ചും ഇന്ത്യന്‍ നീക്കം.

പാക്കിസ്ഥാനിലെ ഗദ്വാര്‍ തുറമുഖം, ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം, മാലിദ്വീപിലെ ചില ദ്വീപുകള്‍ എന്നിവ പാട്ടത്തിനെടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ചൈനയെ പ്രതിരോധത്തിലാക്കുന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ തന്ത്രങ്ങള്‍.

16 രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ സംഘടിപ്പിക്കുന്ന ‘മിലന്‍’ എന്ന നാവികാഭ്യാസത്തില്‍ ഉറക്കം നഷ്ടപ്പെട്ട ചൈനക്കുള്ള അപ്രതീക്ഷിത തിരിച്ചടിയാണ് ആണവശക്തിയായ ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ പുതിയ കരാറുകള്‍.

ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ക്ക് ഫ്രാന്‍സിന്റെ അധീനതയിലുള്ള നാവികസേനാ താവളങ്ങളില്‍ പ്രവേശിക്കാനും തിരിച്ച് ഫ്രഞ്ച് പടക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക താവളങ്ങള്‍ ഉപയോഗിക്കാനും നല്‍കുന്നതായ കരാറാണ് ചൈനയെ അസ്വസ്ഥമാക്കുന്നത്.

കരാര്‍ പ്രകാരം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയന്‍ ദ്വീപില്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്നത് ഇന്ത്യയെ സംബന്ധിച്ച് വന്‍ നേട്ടമാണ്. കിഴക്ക് മലാക്കാ കടലിടുക്കിനടുത്ത് ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് സിംഗപ്പൂരും പ്രവേശനാനുമതി നല്‍കി കഴിഞ്ഞു. അമേരിക്കയാവട്ടെ തെക്ക് ഡീഗോ ഗാര്‍ഷ്യയില്‍ ബര്‍ത്തിംഗ് സൗകര്യമാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.

കടല്‍ മാര്‍ഗ്ഗം ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് നീക്കത്തിനെതിരെ പ്രതിരോധിക്കാന്‍ ഇന്ത്യയെ ആണ് മിക്ക ലോക രാഷ്ട്രങ്ങളും ഇപ്പോള്‍ പ്രതീക്ഷയോടെ കാണുന്നത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ സൈനിക താവളം നിര്‍മ്മിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

ചൈനയുടെ അയല്‍രാജ്യമായ വിയറ്റ്‌നാമിന് ബ്രഹ്മോസ് മിസൈല്‍ അടക്കമുള്ള ആധുനിക ആയുധങ്ങള്‍ നല്‍കിയത് അവിടെയും ഇന്ത്യ സൈനികതാവളം ലക്ഷ്യമിടുന്നത് കൊണ്ടാണെന്നാണ് ചൈന സംശയിക്കുന്നത്. ഇറാനുമായും ജപ്പാനുമായും കൂടുതല്‍ വിപുലമായ സഹകരണം ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുന്നതും തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ്.

പാക്ക് അധീന കശ്മീരിലേയ്ക്ക് പീരങ്കി ആക്രമണം നടത്തി അനവധി ഭീകര കേന്ദ്രങ്ങള്‍ അടുത്തയിടെ ഇറാന്‍ തകര്‍ത്തിരുന്നു. വിയറ്റ്‌നാമും ജപ്പാനുമാകട്ടെ ചൈനയുടെ ബന്ധശത്രുക്കളുമാണ്. ചൈനയുടെ ശത്രുക്കളെയെല്ലാം കൂടെ നിര്‍ത്തി ഇന്ത്യ നടത്തുന്ന നീക്കങ്ങളെ നയതത്ര വിദഗ്ധര്‍ നിര്‍ണായക നീക്കമായാണ് വിലയിരുത്തുന്നത്.

ഒരേ സമയം അമേരിക്കയുമായും റഷ്യയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന അസാധാരണ നയതന്ത്ര മികവാണ് മോദി കാഴ്ചവയ്ക്കുന്നത്.

അതേസമയം അധികം താമസിയാതെ ചൈനയെ കടത്തിവെട്ടി വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന റിപ്പോര്‍ട്ടുകള്‍ ചൈനയെ മാത്രമല്ല പാക്കിസ്ഥാനെയും ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നുണ്ട്.

സാമ്പത്തിക ശക്തിയാവുക എന്നതിനും അപ്പുറം ചൈനയെ വെല്ലുവിളിക്കുന്ന വന്‍ സൈനിക ശക്തിയായി മാറാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നതാണ് ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ പുതിയ സഹകരണത്തെയും നാവികാഭ്യാസത്തെയും എതിര്‍ത്താണ് ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button