കേരളത്തിന്റെ അഭിമാനമായി മാറുമെന്നു പ്രതീക്ഷിച്ചു ആഘോഷിക്കപ്പെട്ട പദ്ധതികളാണ് കൊച്ചി മെട്രോയും അനുബന്ധ പദ്ധതിയായ വാട്ടർ മെട്രോയും. എന്നാല്‍ ഡിഎം ആര്‍ സിയും ഇ ശ്രീധരനും മെട്രോ പ്രോജക്റ്റില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത ആശങ്കയോടെയാണ് കേരള ജനത കേട്ടത്. സര്‍ക്കാരുമായി ഒത്തു പോകാന്‍ കഴിയില്ലെന്ന സാഹചര്യത്തിലാണ് പിന്മാറ്റം. 5181 കോടി ചെലവ് കണക്കാക്കയ പദ്ധതി പാളാന്‍ കാരണം സര്‍ക്കാരിന്റെ മേല്ലപോക്കോ?. 2016ല്‍ ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന് വിശ്വസിച്ചു. ഇഴഞ്ഞു നീങ്ങുകയാണ് കൊച്ചി മെട്രോ. നിര്‍മാണം 2019ലേക്ക് നീളുമ്പോള്‍ എല്ലാം ശരിയായല്ല നടക്കുന്നതെന്ന് വ്യക്തം. തുടക്കത്തിലെ വേഗം ചുവപ്പുനാടയ്ക്ക് മുന്നില്‍ കീഴടങ്ങുകയാണ്.
കൊച്ചി മെട്രോ ഭീമമായ നഷ്ടത്തിലെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിക്ക് ജീവവായുവാകേണ്ട അനുബന്ധ വികസന പദ്ധതികളെല്ലാം സര്‍ക്കാര്‍ അട്ടിമറിച്ചു . കാക്കനാട്ടെ മെട്രോ വില്ലേജിന് മുന്‍സര്‍ക്കാര്‍ വിട്ടുകൊടുത്ത 17 ഏക്കര്‍ സ്ഥലം പോക്കുവരവു ചെയ്തു നല്‍കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാരായിട്ടില്ല. ബജറ്റ് ഫ്ളാറ്റ് ഷോപ്പിങ് മാള്‍ ബിസിനസ് സെന്റര്‍ ഐടി പാര്‍ക്ക് അങ്ങിനെ പലതും അവിടെ പദ്ധതിയിട്ടിരുന്നു. അതിന് ആദ്യം വേണ്ടിയിരുന്നത് ഈ സ്ഥലം സ്വതന്ത്ര വിനിയോഗത്തിന് കെഎംആര്‍എലിന് വിട്ടുകൊടുക്കുകയെന്നായിരുന്നു മെട്രോ നിര്‍മാണം തുടങ്ങിയ കാലത്തു തന്നെ തത്വത്തില്‍ ഈ സ്ഥലം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഭൂമി കൈമാറാനും തീരുമാനിച്ചതാണ്. പക്ഷെ എല്ലാം ശരിയാക്കാന്‍ വന്ന ഇടതു പക്ഷവും ഭൂമി അനുവദിച്ച വലതു പക്ഷവും ഇപ്പോഴും ഇതിനെക്കുറിച്ച് മിണ്ടുന്നില്ല. ഈ അവസരത്തില്‍ കേരളീയരെ ആശങ്കപ്പെടുത്തി ഒരു പദ്ധതികൂടി അവതാളത്തില്‍ ആയതായി സൂചന. കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായ വാട്ടർ മെട്രോയും ‘വെള്ളത്തിലായ’ അവസ്ഥയിൽ ആയിക്കഴിഞ്ഞു. പദ്ധതി നിര്‍വഹണം പാളിയതോടെ മനംമടുത്ത് വാട്ടർ മെട്രോ ചുമതലയുള്ള ജനറല്‍ മാനേജര്‍ രാജിവച്ചു.
വാട്ടര്‍ മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും ശരിയായ ദിശയിലല്ല മുന്നോട്ടുപോകുന്നത്. പദ്ധതിയുടെ ചുമതലക്കാര ന്‍ യുഎസിൽ നിന്നെത്തിയ ജലഗതാഗത വിദഗ്ധൻ കൂടിയായ ബിജിമോന്‍ പുന്നൂസ് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു കഴിഞ്ഞു. 740 കോടി രൂപയുടെ പദ്ധതിക്ക് ജര്‍മന്‍ ബാങ്ക് 570 കോടിരൂപയാണ് വായ്പയായി അനുവദിച്ചത്. 38 പുതിയ ജെട്ടികള്‍, 78 അതിവേഗ ബോട്ടുകള്‍, പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് 76 കിലോമീറ്റര്‍ നീളുന്ന ജലപാത ഇതായിരുന്നു പദ്ധതിയുടെ സാരാംശം. എല്ലാറ്റിനും ചേര്‍ത്ത് 747 കോടി രൂപയാണ് ബജറ്റിട്ടത്. ഇതില്‍ 570 കോടി ജര്‍മന്‍ ബാങ്ക് വായ്പ നൽകാമെന്നു സമ്മതിച്ചിരുന്നു. എന്നാല്‍ 2020ല്‍ പൂര്‍ത്തിയാകേണ്ട പദ്ധതിയെ, സുന്ദരമായ നടക്കാത്ത സ്വപ്നമെന്ന് വിശേഷിപ്പിക്കേണ്ടി വരുമോ എന്ന സംശയത്തിലാണ് നാട്ടുകാർ.
കൊച്ചി മെട്രോയുടെ നിര്‍മാണം മിന്നുംവേഗത്തില്‍ നടന്ന കാലത്താണ് കെഎംആര്‍എല്‍ ജര്‍മന്‍ പ്രതിനിധി സംഘത്തെ കൊച്ചിയിലെത്തിച്ചത്. മെട്രോ നിര്‍മാണ പുരോഗതി കണ്ട് കണ്ണുമഞ്ഞളിച്ച സംഘം മുന്നും പിന്നും നോക്കാതെ വാട്ടർ മെട്രോയുടെ സാധ്യത പരിശോധിച്ചു. ഒടുവില്‍ 570 കോടി രൂപ വായ്പയായി തരാന്‍ കരാറുമായി. വാട്ടര്‍ മെട്രോയ്ക്കായി ബോള്‍ഗാട്ടിയടക്കം അഞ്ചു ബോട്ടുജെട്ടികള്‍ക്ക് സമീപം 35 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. പക്ഷേ, കൊച്ചി മെട്രോയുടെ ഒന്നാംഘട്ട ഉദ്ഘാടനത്തിനു ശേഷം ഒന്നും മുന്നോട്ടു പോയില്ല. മെട്രോയ്ക്ക് ശേഷം വാട്ടര്‍ മെട്രോ എന്ന നിലപാടിലേക്കു സര്‍ക്കാര്‍ ചുരുങ്ങിയതോടെയാണ് പദ്ധതി നിര്‍വഹണം പാളിയത്. ഇപ്പോള്‍ പിടിച്ചതും ഇല്ല കടിച്ചതും ഇല്ല എന്ന അവസ്ഥയിലാണ് ജനങ്ങള്‍..
രശ്മിഅനില്‍
Post Your Comments