പലപ്പോഴും നമ്മുടെ അമ്മമാര്‍ തങ്ങളുടെ മക്കള്‍ക്ക് രണ്ടു പേരിടാറുണ്ട്. വീട്ടില്‍ വിളിക്കാന്‍ ഒന്ന്, സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ഒന്ന്. എന്നാല്‍ ഇങ്ങനെ ഒന്നുമല്ലാതെ രണ്ടു പേരുകള്‍ കൊണ്ട് പൊല്ലാപ്പില്‍ ആയിരിക്കുകയാണ് ഹരിപ്പാട് താമല്ലാക്കല്‍ പുത്തന്‍കണ്ടത്തില്‍ കൃഷ്ണന്‍കുട്ടി. സംഭവം ഇങ്ങനെ.. എട്ടുമക്കളടങ്ങുന്ന വലിയ കുടുംബത്തിലെ ഒരംഗം. അതുകൊണ്ട് തന്നെ കൃഷ്ണന്‍കുട്ടി എന്ന് ആദ്യം വിളിച്ചിരുന്ന ഇദ്ദേഹത്തിനു അമ്മ കൊടുത്ത മറ്റൊരു പേര് ഗോപാലകൃഷ്ണന്‍. അതോടെ രണ്ടു പേരുള്ള വ്യക്തിയായി. എന്നാല്‍ ഇത് വെറും സാധാരണകാര്യം അല്ല. ഈ രണ്ടു പേരും ഒരാളുടെ വിവിധ തിരിച്ചറിയല്‍ രേഖകളില്‍ വന്നാല്‍ എങ്ങനെയിരിക്കും? എസ്.എസ്.എല്‍.സി. ബുക്കിലും ഡ്രൈവിങ് ലൈസന്‍സിലും കൃഷ്ണന്‍കുട്ടി. റേഷന്‍കാര്‍ഡിലും ആധാറിലും പാന്‍ കാര്‍ഡിലും ഗോപാലകൃഷ്ണന്‍. ഒരു വ്യക്തി തന്നെ രണ്ടു പേരിലുള്ള രേഖകളുമായി നില്‍ക്കുമ്പോള്‍ നമുക്ക് ആരെ കുറ്റം പറയാന്‍ കഴിയും?
ഇന്ഷുറന്സ് തുക തട്ടിയെടുക്കാന്‍ വ്യാജ മരണം നടത്തുന്ന ഈ നാട്ടില്‍ ഒരാള്‍ തന്നെ രണ്ടു പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ എന്ത് ചെയ്യും? ഇത്തരം ഒരു പൊല്ലാപ്പ് നേരിട്ട കൃഷ്ണന്‍ കുട്ടി ആളൊന്നാണെങ്കിലും പേരിന്റെ പേരിലുള്ള പൊല്ലാപ്പുമാറ്റാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇപ്പോള്‍. താമല്ലാക്കല്‍ പുത്തന്‍കണ്ടത്തില്‍ മാധവന്‍ ആശാന്റെ മകനായ കൃഷ്ണന്‍ കുട്ടിയ്ക്ക് അമ്പത്തിനാലുവയസ്സുണ്ട്. രണ്ടു പേരുകളും ഒരു പ്രശ്നവും ഇല്ലാതെ സുഖമായി കഴിഞ്ഞിരുന്ന കാലത്താണ് ഒരു വാഹനാപകടം ഉണ്ടായത്. ഇതിന്റെ ചികിത്സയ്ക്കായി ഹാജരാക്കിയ രേഖകളില്‍ രണ്ടു പേരുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത് പൊല്ലാപ്പായി മാറിയത്. ആള്‍ മാറാട്ടത്തിനു കേസ് എടുക്കുമെന്ന് പോലീസുകാര്‍ പറഞ്ഞു. സംഭവം ശരിയാണ് രേഖകളില്‍ രണ്ടുപേരായാല്‍ ആളുമാറിയില്ലേ. ഒടുവില്‍ രണ്ടുപേരുകളും ഒരാളുടേതാണെന്നുകാട്ടി വീട്ടുകാര്‍ വില്ലേജ് ഓഫീസില്‍നിന്ന് രേഖയുണ്ടാക്കിയാണ് രക്ഷപ്പെടുത്തിയത്. അന്നു മുതല്‍ രേഖകളില്‍ പേര് ഒന്നാക്കാനുള്ള നെട്ടോട്ടത്തിലാണ് കൃഷ്ണന്കുട്ടിയെന്ന ഗോപാലകൃഷ്ണന്‍. ഒരു ഇനിഷ്യലോ കുത്തോ കോമയോ മാറിയാല്‍ ചുറ്റിക്കുന്ന യൂണിവേഴ്സിറ്റികള്‍ ഉള്ള നാട്ടില്‍ ഇത്രയും കാലം രണ്ടു പേരില്‍ അദ്ദേഹം സുഖമായി ജീവിച്ചത് അത്ഭുതം തന്നെയാണ്.
കൃഷ്ണന്കുട്ടിയ്ക്ക് രണ്ടു പേര് വന്നത്തിനു കാരണം അമ്മയാണ്. എട്ടുമക്കളടങ്ങുന്ന വലിയ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. നാലാംക്ലാസ് കഴിഞ്ഞപ്പോള്‍ സഹോദരിക്കൊപ്പം കരുനാഗപ്പള്ളിയിലായി താമസം. ശാസ്താംകോട്ട വേങ്ങ എം.എസ്. ഹൈസ്‌കൂളില്‍ പത്താം തരം വരെ പഠിച്ചു. സ്‌കൂള്‍ രേഖകളിലെല്ലാം പേര് കൃഷ്ണന്‍കുട്ടിയെന്നാണ്.. ഈ സമയം അമ്മ റേഷന്‍കാര്‍ഡില്‍ ഗോപാലകൃഷ്ണന്‍ എന്ന പേരില്‍ പേര് ചേര്‍ത്തു. ഇതോടെ ആള്‍ ഒന്നാണെങ്കിലും പേര് രണ്ടായി. പക്ഷെ ഇത് തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷവും. കാരണം സഹോദരിയ്ക്കൊപ്പം കരുനാഗപള്ളിയില്‍ താമസിച്ചു പഠിച്ചിരുന്ന കൃഷ്ണന്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം കുടംബ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രണ്ടു പേരുള്ളത് അറിഞ്ഞത്.
അതിനിടയില്‍ പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സ് റെഡിയാക്കി. വീട്ടിലെ റേഷന്‍കാര്‍ഡ് തിരിച്ചറിയില്‍ രേഖയായി കാണിച്ച് ആധാറും പാന്‍ കാര്‍ഡുമെടുത്തു. അങ്ങനെ അത് രണ്ടിലും പേര് ഗോപാലകൃഷ്ണനെന്നായി. കൂടാതെ റേഷന്‍കാര്‍ഡ് ആധാരമായി നല്‍കിയ എല്ലാ കാര്യങ്ങളിലും ഇദ്ദേഹത്തിനു പേര് ഗോപാലകൃഷ്ണന്‍ എന്നാണു. മൂന്ന് എല്‍.ഐ.സി. പോളിസികളും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗത്വവും ഗോപാലകൃഷണന്‍ എന്ന പേരില്‍ ആണ്. അതുകൊണ്ടുതന്നെ കൃഷ്ണന്‍കുട്ടിയെ മാറ്റി പേര് ഗോപാലകൃഷ്ണന്‍ എന്ന് സ്ഥിരപ്പെടുത്താനാണ് ശ്രമം. പക്ഷെ അവിടെ വില്ലന്‍ എസ് എസ് എല്‍ സി ബുക്കാണ്. ഗസറ്റില്‍ പേര് തിരുത്താനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. മേസ്തിരിപ്പണിക്കാരനായ കൃഷ്ണകുട്ടി ജോലിക്ക് പോലും ശരിയ്ക്കും പോകാന്‍ കഴിയാതെ ഗോപാലകൃഷ്ണന്‍ ആകാനുള്ള ഓട്ടത്തിലാണ്.
Post Your Comments