ചെന്നൈ•ദ്രാവിഡ പ്രസ്ഥാന സ്ഥാപകന്‍ ഇ.വി രാമസ്വാമി പെരിയാറിനെതിരെ വിവാദ പ്രസ്താവന നടത്തിയ തമിഴ്നാട് ബി.ജെ.പി നേതാവ് എച്ച്. രാജയുടെ പ്രസ്താവനയെ കിരാതമെന്ന് വിശേഷിപ്പിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനി കാന്ത്. പക്ഷേ, രാജ മാപ്പ് പറഞ്ഞ സ്ഥിതിയ്ക്ക് വിഷയം കൂടുതല്‍ ‘വലുതാ’ക്കരുതെന്നും രജനി ആവശ്യപ്പെട്ടു.
“പെരിയാറിന്റെ പ്രതിമ നീക്കം ചെയ്യണമെന്ന് സൂചിപ്പിക്കുന്ന രാജയുടെ പരാമര്‍ശവും തുടര്‍ന്ന് ഉണ്ടായ പ്രതിമ തകര്‍ക്കലും കിരാതമായ നടപടിയാണ്. അതിനെ ഞാന്‍ ശക്തമായി അപലപിക്കുന്നു”- രജനി പറഞ്ഞു.
“രാജാ ഖേദം പ്രകടിപ്പിച്ചതിനാൽ പ്രശ്നം കൂടുതൽ വഷളാക്കരുതെന്നാണ് എന്റെ എളിയ വീക്ഷണം”- രജനി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വിവിധ നേതാക്കന്മാരുടെ പ്രതിമകള്‍ക്കെതിരെ അക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് രജനിയുടെ പ്രതികരണം.
മാര്‍ച്ച് 6 നാണ് തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുപ്പട്ടൂരില്‍ പെരിയാറിന്റെ പ്രതിമ ആക്രമിക്കപ്പെട്ടത്. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ പ്രതിമയുടെ അതേവിധി യുക്തിവാദി നേതാവിന്റെ (പെരിയാര്‍) പ്രതിമയും നേരിടണമെന്ന എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെയാണ് പ്രതിമ ആക്രമിക്കപ്പെട്ടത്.
സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു രാജ മാപ്പ് പറഞ്ഞിരുന്നു. തന്റെ അഡ്മിന്‍മാര്‍ തന്റെ അനുവാദമില്ലാതെ ചെയ്ത പോസ്റ്റ് ആയിരുന്നു അതെന്നായിരുന്നു രാജയുടെ വിശദീകരണം.
രാജയുടെ പരാമര്‍ശത്തില്‍ നിന്ന് അകലം പാലിച്ച തമിഴ്നാട് ബി.ജെ.പി ഘടകം അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പരാമര്‍ശമാണെന്ന നിലപാടാണ് സ്വീകരിച്ചത്.
ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, എം.ഡി.എം.കെ, മക്കള്‍ നീതി മൈയ്യം നേതാവ് കമല്‍ ഹസന്‍ തുടങ്ങി നിരവധി പാര്‍ട്ടികളും നേതാക്കളും രാജയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments