തിരുവനന്തപുരം: ഇന്ന് മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ അറിയിച്ചു. ശമ്പള പരിഷ്‌കരണ ഉത്തരവ് ഈ മാസം 31 നകം പുറത്തിറക്കുമെന്ന് ഉറപ്പ് കിട്ടി. കൂട്ട അവധിയെടുത്ത് സമരം ചെയ്യാനായിരുന്നു സംഘടനയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആരോഗ്യ മന്ത്രിയും തൊഴില്‍ മന്ത്രിയും പങ്കെടുത്ത ഉന്നത തല യോഗത്തിന് ശേഷമാണ് യുഎന്‍എ തീരുമാനമറിയിച്ചത്. അടിസ്ഥാന ശമ്പളം ഉയര്‍ത്തുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചിരുന്നത്.
also read: “എസ്മ’യ്ക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് നഴ്സുമാര്‍
അതേസമയം ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരും. കഴിഞ്ഞ 196 ദിവസങ്ങളായി ഇവിടുത്തെ നഴ്‌സുമാര്‍ സമരം നടത്തുകയാണ്. യുഎന്‍എയുമായി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയും കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. എന്നാല്‍ നഴ്സുമാര്‍ സമരം നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി വിലക്ക് നിലനില്‍ക്കുന്നതിനാലാണ് കൂട്ട അവധിയെടുത്ത് സമരം തുടങ്ങാനിരുന്നത്. അടിസ്ഥാന ശമ്പളം 20000 രൂപ നിശ്ചയിച്ചിട്ടുളള ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്കില്ലെന്ന് യുഎന്‍എ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments