തിരുവനന്തപുരം :തൃശൂര്‍ പൂരം വെടിക്കെട്ട് അടക്കം കേരളത്തില്‍ ക്ഷേത്രോല്‍സവങ്ങളുടെ വെടിക്കെട്ടിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണയും സന്‍ംസ്ഥാന സര്‍ക്കാരിനും ജില്ലാ കളക്ടര്‍മാര്‍ക്കും നോട്ടീസ് അയച്ചു. ഡെപ്യൂട്ടി ചിഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷനു (പെസോ)മാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ തവണ പ്രത്യേക അനുമതി നല്‍കിയാണ് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിയത്. ഇത്തവണ വെടിക്കെട്ട് നടത്താനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ്‌സ് വിഭാഗം.
കഴിഞ്ഞ തവണ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയാണ് തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള അനുമതി നേടിയെടുത്തത്. പൂരത്തിനു പൊട്ടിക്കാനുള്ള ഇനങ്ങളുടെ സാമ്പിള്‍ ചെന്നൈയില്‍ കൊണ്ടുപോയി പരിശോധന നടത്തിച്ചിരുന്നു. മാത്രമല്ല, വെടിക്കെട്ടു നടക്കുമ്പോള്‍ വെടിക്കെട്ടു നടക്കുന്ന തേക്കിന്‍കാട് മൈതാനിയോടു ചേര്‍ന്നുള്ള സ്വരാജ് റൗണ്ടിലേക്ക് ആരേയും പ്രവേശിപ്പിച്ചിരുന്നില്ല. വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിന് 250 മീറ്ററിനുള്ളില്‍ സ്‌കൂളോ ആശുപത്രിയോ ഉണ്ടാകാന്‍ പാടില്ല. തൃശൂരില്‍ ജില്ലാ സഹകരണ ആശുപത്രിയും സിഎംഎസ് സ്‌കൂളും ഈ നിബന്ധന പാലിക്കുന്നതിനു തടസമാകും. പൊട്ടിക്കുന്ന സ്ഥലത്തിന് നൂറു മീറ്റര്‍ അകലംവരെ സുരക്ഷാ മേഖലയായിരിക്കണം. ഈ മേഖലയില്‍ കെട്ടിടങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. നൂറു മീറ്റര്‍ പരിധിയിലേക്കു ജനങ്ങളെ പ്രവേശിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. കരാറുകാര്‍ പെസോ ലൈസന്‍സില്‍ അനുവദിക്കപ്പെട്ടതിലേറെ വെടിക്കെട്ടു സ്ാധനങ്ങള്‍ തയാറാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കണം.
ജില്ലാ കളക്ടര്‍ ലൈസന്‍സ് നല്‍കിയ വെടിക്കെട്ടു നിര്‍മാണ കരാറുകാരുടെ വെടിക്കോപ്പുകള്‍ വെടിക്കെട്ടിനായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നീ ഇനങ്ങള്‍ തയാറാക്കാനുള്ള ലൈസന്‍സ് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ല. ഇത്തരം ഇനങ്ങള്‍ക്കു ലൈസന്‍സ് നല്‍കേണ്ടതും വെടിക്കെട്ടിന് അനുമതി നല്‍കേണ്ടതും ‘പെസോ’ ആണെന്നും ഉത്തരവില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. 22 നിബന്ധനകളാണ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് പുറത്തിറക്കിയ ഉത്തരവില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ആറാട്ടുപുഴ പൂരത്തിന്റേയും വെടിക്കെട്ടിനും അനുമതിക്കു തടസമുണ്ടാകുമെന്നാണു ചൂണ്ടിക്കാണിക്കുന്നത്. കോടതി വിധിയുമായാണ് ചാലക്കുടി വേലുപ്പിള്ളി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ വെടിക്കെട്ട് നടത്തിയത്. ജില്ലാ കളക്ടര്‍ പ്രത്യേക അനുമതി നല്‍കി കുറ്റിയാങ്കാവില്‍ അനുവദിച്ചതിലും അധികം പൊട്ടിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments