ന്യൂഡൽഹി: കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണ് ഇന്ത്യയിലെ ബാങ്കിങ് രംഗം മുഴുവനായും കുത്തഴിഞ്ഞുപോയതെന്ന ആരോപണവുമായി ബിജെപി. ബാങ്കിങ് രംഗം തകർത്തത് മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തെ ‘അനാവശ്യ ഇടപെടലു’കളാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. നിഷ്ക്രിയ ആസ്തിയായി നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തു നൽകിയ ഒരു വായ്പ പോലും മാറിയിട്ടില്ല. യുപിഎ സർക്കാരിന്റെ കാലത്തു ബാങ്കിങ് രംഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളൊന്നും കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ ആക്രമിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയത് വജ്രവ്യാപാരി നീരവ് മോദി ഉൾപ്പെട്ട പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ളവ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ്. പിഎൻബി ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്നു വലിയ ബഹളം ഉണ്ടാക്കിയിരുന്നു. ഇതോടെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച ബജറ്റ് സമ്മേളനം ഇരു സഭകളിലും മുടങ്ങുകയും ചെയ്തു.
Post Your Comments