Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ചന്ദ്രബോസ് കൊലക്കേസ് : നിഷാമിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയ കോണ്‍ഗ്രസ്‌ എംഎല്‍എ ആര് ?

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ പ്രതിയായ കോടീശ്വരന്‍ മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എത്തിയതിന് പിന്നാലെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും രംഗത്തെത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പത്തനംതിട്ട എസ്പി ജേക്കബ് ജോബിന്റെ വെളിപ്പെടുത്തലോടെ ചൂടുപിടിച്ചപ്പോള്‍ നിഷാമിനെ രക്ഷിക്കാന്‍ കച്ചമുറുക്കി രംഗത്തിറങ്ങിയവരുടെ കൂട്ടത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയും ഉണ്ടായിരുന്നു എന്നാണ് സൂചന.ചന്ദ്രബോസിന്റെ മരണമൊഴി എടുക്കാന്‍ ജേക്കബ് ജോബ് പേരാമംഗലം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പേരാമംഗലം പൊലീസ് തെളിവെടുപ്പിനായി നിഷാമിനെ ബെംഗളൂരുവില്‍ കൊണ്ടുപോകാന്‍ തിരക്കുകൂട്ടിയെന്ന് അന്നത്തെ നടപടികള്‍ സൂചിപ്പിക്കുന്നു.

ചന്ദ്രബോസിന്റെ മരണമൊഴി എടുത്തശേഷം പതുക്കെ നിഷാമിനെ ബെംഗളൂരുവില്‍ കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു ജേക്കബ് ജോബിന്റെ നിലപാട്. നിഷാമിനെ ഉടന്‍ ബെംഗളൂരുവിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ ജേക്കബ് ജോബിനെ വിളിച്ചിരുന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് നിഷാമിനെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച 2015 ജനുവരി 29നു തന്നെ, സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബ് നേരിട്ടു കേസന്വേഷണത്തില്‍ ഇടപെട്ടിരുന്നു. അന്ന് കേസെടുത്തതത് ചന്ദ്രബോസിനെ വാഹനം കയറ്റി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു. അതുകൊണ്ടുതന്നെ 12നു കോടതിയില്‍ ഹാജരാക്കുമ്പോള്‍ നിഷാമിനു ജാമ്യം കിട്ടാനുള്ള സാധ്യത ഉണ്ടായിരുന്നു.

Also read : ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില ഇങ്ങനെ

ചന്ദ്രബോസിന്റെ നില അതീവ ഗുരുതരമായിരുന്നതിനാല്‍ നിഷാം ജയിലില്‍നിന്നു പുറത്തിറങ്ങാതെ നോക്കണമെന്നു ജേക്കബ് ജോബ് നിര്‍ദേശിച്ചു. ഇവിടം മുതല്‍ തന്നെ ഉന്നത തലത്തില്‍ ജേക്കബ് ജോബിനെതിരെ നീക്കം തുടങ്ങി എന്നാണ് അദ്ദേഹം നല്‍കുന്ന സൂചനകള്‍. നിഷാം അന്നത്തെ ഭരണക്കാരുടെയും പ്രിയങ്കരനായിരുന്നു എന്നത് വാസ്തവമായിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേക പരിഗണന തന്നെ നിഷാമിന് ലഭിച്ചു. നിഷാം പുറത്തിറങ്ങുന്നതു തടയാനുള്ള മാര്‍ഗം അന്വേഷിച്ച ജേക്കബ് ജോബിനു കേസ് ചാര്‍ജ് ചെയ്ത പേരാമംഗലം പൊലീസ് സ്റ്റേഷനില്‍നിന്നു തണുത്ത പ്രതികരണമാണു ലഭിച്ചത്. കൂടുതല്‍ കേസ് ഉണ്ടെങ്കില്‍ കാപ്പ ഉള്‍പ്പെടുത്തി റിമാന്‍ഡ് നീട്ടാമെന്നായിരുന്നു ജേക്കബ് ജോബിന്റെ തീരുമാനം.

ഇതിനായി നിഷാമിനു കേസില്‍ കാപ്പ ചുമത്താവുന്ന വിവരങ്ങള്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഇതിലും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് ഇതു നല്‍കിയില്ല. ഇതു വൈകിയതിനെത്തുടര്‍ന്നു സിഐക്കു ജേക്കബ് ജോബ് നോട്ടീസ് നല്‍കി. എന്നിട്ടും വിവരം ലഭ്യമാക്കാതെ അലംഭാവം കാണിച്ചു. ഇതിനെല്ലാം പിന്നില്‍ ഉന്നതനായ ഉദ്യോഗസ്ഥന്റെ ഇടപെടലായിരുന്നു. കാപ്പ ചുമത്തി നിഷാമിനെ ജയിലില്‍ അടയ്ക്കാതിരിക്കാനാണ് കോണ്‍ഗ്രസ് എംഎല്‍എ ഇടപെട്ടുവെന്നും സൂചനകള്‍. ഇദ്ദേഹത്തിനു നിഷാമുമായുള്ള ബന്ധംകൊണ്ടാണോ ഇടപെടല്ലെന്ന കാര്യം വ്യക്തമല്ല. കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടതായി എസ്പി ജേക്കബ് ജോബ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Also read : എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ക്കായി ഇനി പ്രത്യേക കോടതി

ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച കേസില്‍ നിഷാമിനെ ജേക്കബ് ജോബിന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇടിച്ചു 16 ദിവസത്തിനു ശേഷമാണു ചന്ദ്രബോസ് മരിക്കുന്നത്. എന്നാല്‍, ഇതിനിടയില്‍ വാഹനാപകടക്കേസ് ചാര്‍ജ് ചെയ്തു നിഷാമിനെ പുറത്തിറക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം ശ്രമിച്ചെന്നാണ് കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതിയെ സഹായിക്കുന്നെന്ന് ആരോപിച്ചു കുത്തിയിരിപ്പു സമരം നടത്തുമെന്നാണ് എംഎല്‍എ പറഞ്ഞത്. അത്യാവശ്യമായെടുക്കേണ്ടതു മരണമൊഴിയാണെന്നു ജേക്കബ് ജോബ് പറഞ്ഞുനോക്കിയെങ്കിലും എംഎല്‍എ സമ്മതിച്ചില്ല. തുടര്‍ന്നു മരണമൊഴി എടുക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ ബെംഗളൂരുവിലേക്ക് അയച്ചു.

ജേക്കബ് ജോബ് പറഞ്ഞതുപോലെ ബെംഗളൂരുവില്‍നിന്നു കാര്യമായ തെളിവുകളൊന്നും കിട്ടിയുമില്ല. നിഷാമിനെതിരെ ബെംഗളൂരുവില്‍ കേസുകള്‍ ഉണ്ടോ എന്ന് അന്വേഷിക്കാന്‍ പ്രതിയുമായി അങ്ങോട്ടുപോയ സംഘത്തോട് എസ്പി ആവശ്യപ്പെട്ടു. ഈ വിവരം എടുക്കാതെയാണു സംഘം മടങ്ങിയത്. വഴിയില്‍ വച്ച്‌ ഇതേക്കുറിച്ചു സംശയം തോന്നിയ ജേക്കബ് ജോബ് സംഘത്തെ വിളിച്ചു. ബന്ധപ്പെട്ട സ്റ്റേഷനില്‍ കേസില്ല എന്നായിരുന്നു വിവരം. ബെംഗളൂരു ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ ഇതു ലഭ്യമാകുമെന്നു പറഞ്ഞു സംഘത്തിലെ ചിലരെ മടക്കി അയച്ചാണു വിവരം ശേഖരിച്ചത്.

Also read : കൊട്ടാരക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം

അവിടെ മാനഭംഗ കേസില്‍ പ്രതിയാണെന്ന വിവരമാണു കാപ്പ ചുമത്താന്‍ ആധാരമായത്. ബെംഗളൂരുവില്‍ കേസില്ല എന്നു വരുത്തിതീര്‍ത്തു നിഷാമിനെ പുറത്തിറക്കാന്‍ പൊലീസിലെ ചിലര്‍ ശ്രമിച്ചുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബെംഗളൂരു യാത്രയ്ക്കിടയില്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ നിഷാമിനോടു പണം ചോദിച്ചുവെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന് അന്വേഷണ സംഘം തിരിച്ചെത്തിയപ്പോള്‍ ജേക്കബ് ജോബ് നിഷാമിനെ ചോദ്യംചെയ്തിരുന്നു. മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ലാതെ ചോദ്യം ചെയ്തുവെന്നു കാണിച്ചു ജേക്കബ് ജോബിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. പിന്നീട് അദ്ദേഹം നിരപരാധിയാണെന്നു കോടതി കണ്ടെത്തിയതിനെത്തുടര്‍ന്നു തിരിച്ചെടുക്കുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ വിനോദയാത്രയിലേതുപോലെ അവിടെ പ്രതിയുടെ ലക്ഷ്വറി കാറുകള്‍ക്കൊപ്പം പോസ് ചെയ്യുന്ന ഫോട്ടോകള്‍ പിന്നീടു പുറത്തുവന്നു. ഇതേക്കുറിച്ച്‌ അന്വേഷണമുണ്ടായില്ല. എന്നാല്‍ ഇതിനെതിരെ മൂന്ന് ദിവസം മുമ്പ് പത്തനംതിട്ട ടൗണ്‍ഹാളില്‍ നടന്ന പൊലീസ് അസോസിയേഷന്‍ ജില്ലാകമ്മറ്റി സംഘടിപ്പിച്ച സെമിനാറില്‍ ജേക്കബ് ജോബ് തുറന്നടിച്ചത്. ചിലരോടൊക്കെ എസ്പി മനസു തുറന്നുവെന്നാണ് അറിയുന്നത്. ഒരു മുന്‍ഡിജപിയാണ് ആരോപണ വിധേയന്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷയനുഭവിച്ചെന്ന് ജേക്കബ് ജോബ് സുഹൃത്തുക്കളോടും ചില സഹപ്രവര്‍ത്തകരോടും എപ്പോഴും പറയുമായിരുന്നു. തന്നെ സമീപിച്ച ചില മാധ്യമപ്രവര്‍ത്തകരോടും ഈ വിവരം പറഞ്ഞിട്ടുണ്ട്. ഓര്‍ത്തോര്‍ത്ത് മനസു വിഷമിക്കുമ്പോള്‍ എല്ലാം വിളിച്ചു പറയുമെന്ന് എസ്പി തന്നെ പറഞ്ഞിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button