കൗമാരപ്രായത്തിലുള്ള മക്കള്‍ മാതാപിതാക്കള്‍ക്ക് എന്നും ടെന്‍ഷനാണ്. നല്ലതും ചീത്തയുമായ കൂട്ടുകെട്ടുകളില്‍ അവര്‍പ്പെടുന്ന കാലം. അതുകൊണ്ട് തന്നെ കൗമാരക്കാരില്‍ പലരും മോശമാണെന്ന് അറിയാതെ ചില കുരുക്കുകളില്‍ചെന്നുപെടാറുണ്ട്. ടെക്നോളജിയുടെ ഈ വികസനകാലത്ത് ബന്ധങ്ങള്‍ ചുരുങ്ങുകയും നമളെല്ലാം സൈബര്‍ യുഗത്തിലെയ്ക്ക് മാറുകയും ചെയ്തു. എന്നാല്‍ ആ ഒരു രീതി അത്ര നല്ലതല്ലെന്ന് നിരവധി പഠനങ്ങള്‍ വന്നു കഴിഞ്ഞു. ഇപ്പോള്‍ കൗമാരക്കാര്‍ക്കിടയിലെ സെക്സ്റ്റിംഗ് വര്‍ദ്ധിക്കുന്നതായി ഗവേഷണഫലങ്ങള്‍. സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായുള്ള കൗമാരക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് സെക്‌സ്റ്റിംഗ് കൂടുന്നതിന് പിന്നില്‍.
എന്താണ് സെക്സ്റ്റിംഗ്?
ലൈംഗിക വിശദാംശങ്ങൾ അടങ്ങിയ ഫോട്ടോകൾ, ലൈംഗിക പ്രേരണയുളവാക്കുന്ന ഫോട്ടോകൾ, ടെക്സ്റ്റ് സന്ദേശങ്ങൾ, ശബ്ദ സന്ദേശങ്ങൾ, മെസഞ്ചർ സന്ദേശങ്ങൾ, വീഡിയോകൾ എന്നിവ സെൽഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ഇന്റർനെറ്റിലൂടെയോ, വെബ് ക്യാമറയിലൂടെയോ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതിനെയാണ് ‘സെക്റ്റിംഗ്’ (സെക്സ് ടെക്സ്റ്റിംഗ്) എന്ന് വിളിക്കുന്നത്. 1990 മുതല്‍ 2016 വരെയുള്ള 39 പഠനഫലങ്ങളും, 1 ലക്ഷത്തില്‍പരം കൗമാരക്കാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു കണ്ടെത്തല്‍ ലഭിച്ചിരിക്കുന്നത്. ഏഴില്‍ ഒരു കൗമാരക്കാരന്‍ വീതം സെക്സ്റ്റ് അയയ്ക്കുന്നതായും, നാലില്‍ ഒരാള്‍ വീതം ഇത് സ്വീകരിക്കുന്നതായും കണ്ടെത്തി. നഗ്നചിത്രങ്ങളും, സന്ദേശങ്ങളും ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്നതോടെ പരിഹാസവും, ബ്ലാക്ക്‌മെയിലിംഗും, ചിലപ്പോള്‍ ആത്മഹത്യ വരെ കാര്യങ്ങള്‍ എത്തുന്നു. മക്കളെ ഇത്തരം വിഷയങ്ങളുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് നയിക്കുക മാത്രമാണ് പരിഹാരമെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു.
കൗമാരക്കാരുടെ സെക്സ്റ്റിംഗ് ശീലം വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടിയിട്ടുള്ള കാര്യമാണ്. ഇത് മാതാപിതാക്കൾക്കും അധ്യാപകർക്കും നിയമപാലകർക്കും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യം കൂടിയാണ്. ഈ ശീലം 13-19 വയസ്സ് പ്രായമുള്ളവർക്കിടയിലാണ് സാധാരണ കണ്ടുവരുന്നത്. മൂന്ന് പേരിൽ ഒരാൾക്ക് എന്ന തോതിൽ കൗമാരക്കാർക്കിടയിൽ ഈ ശീലം വേരോടിയിരിക്കുന്നു.
ചില പഠനങ്ങൾ പറയുന്നത് അനുസരിച്ച്, സെക്സ്റ്റിംഗ് സ്വഭാവം ആലോചന കൂടാതെയുള്ള പ്രവർത്തനത്തിന്റെ പൊതുവായ സൂചനയും മയക്കുമരുന്നു ഉപയോഗത്തിന്റെ സവിശേഷമായ സൂചനയുമാണ്. സെക്സ്റ്റിംഗ് ശരിയായ മാനസിക നിലയുടെ സൂചന അല്ല എന്നു മാത്രമല്ല അപകടകരമായ ലൈംഗികസ്വഭാവത്തിന്റെ സൂചനകൂടിയാവാം. ഇതില്‍ നിന്നും നമ്മുടെ കുട്ടികളെ മോചിപ്പിക്കേണ്ടതുണ്ട്. അതിനായി ഇനി പറയുന്ന കാര്യങ്ങള്‍ മനസിലാക്കുക.
സെക്സ്റ്റിംഗിന്റെ കാരണങ്ങൾ എന്തൊക്കെ?
കൗമാര പ്രായത്തിൽ ലൈംഗികപരമായ വികാസങ്ങൾക്കൊപ്പം ലൈംഗിക കാര്യങ്ങളോട് ജിജ്ഞാസ കാണിക്കുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ, സെക്സ്റ്റിംഗിന് നിരവധി കാരണങ്ങൾ ഉണ്ടാകാം. കാരണങ്ങൾക്ക് ലിംഗഭേദമനുസരിച്ച് വ്യത്യാസവുമുണ്ടായിരിക്കും.
മൊബൈൽ സംഭാഷണത്തെക്കാൾ സുരക്ഷിതവും സ്വകാര്യവും സാധാരണവുമായ ഒരു ആശയവിനിമയ മാർഗമായിട്ടാണ് ഭൂരിഭാഗം കൗമാരക്കാരും യുവാക്കളും സെക്സ്റ്റിംഗിനെ കാണുന്നത്. ഗർഭം, ലൈംഗിക രോഗങ്ങൾ തുടങ്ങിയവയൊന്നും ഭീഷണി ഉയർത്താത്ത സുരക്ഷിതമായ ലൈംഗികതയായാണ് ചില കൗമാരക്കാർ സെക്സ്റ്റിംഗിനെ കണക്കാക്കുന്നത്. ടെക്സ്റ്റിംഗ് എന്നാൽ, ശൃംഗാരം നടത്തുന്നതിനും അതുവഴി പ്രാമുഖ്യം ലഭിക്കുന്നതിനുമുള്ള സ്വാഭാവിക വഴിയാണെന്നാണ് ചില കൗമാരക്കാർ കരുതുന്നത്.
പെൺകുട്ടികളിൽ മിക്കവരും തമാശയ്ക്ക് വേണ്ടിയാണ് സെക്സ്റ്റിംഗ് നടത്തുന്നത്. സെക്സി ആണെന്ന് തോന്നിക്കുന്നതിനും ശ്രദ്ധപിടിച്ചുപറ്റുന്നതിനും വേണ്ടിയാണ് അവർ ഇതിൽ ഏർപ്പെടുക. 2008 ൽ പുറത്തുവന്ന ഒരു പഠനത്തിൽ പറയുന്നതു പ്രകാരം, 51% പെൺകുട്ടികൾ ആൺകുട്ടികളുടെയും 18% ആൺകുട്ടികൾ പെൺകുട്ടികളുടെയും സുഹൃത്തുക്കളുടെയും സമ്മർദ്ദം മൂലമാണ് സെക്സ്റ്റിംഗിൽ ഏർപ്പെടുന്നത്.
സെക്സ്റ്റിംഗിൽ നിന്ന് വിട്ടുനിൽക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത് ഒഴിവാക്കുകയാണ് ഏറ്റവും സുരക്ഷിതമായ വഴി. തമാശയ്ക്ക് അത് ചെയ്താൽപ്പോലും ഒരിക്കലും പങ്കുവയ്ക്കാൻ മുതിരരുത്. ആരെങ്കിലും സമ്മർദം ചെലുത്തുകയാണെങ്കിൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന ആൾ അപേക്ഷിക്കുകയാണെങ്കിൽ പോലും, അവർക്ക് ഇഷ്ടക്കേട് തോന്നാത്ത രീതിയിൽ നിരസിക്കുക. ഇത്തരത്തിൽ ഒരാവശ്യം ഒരു അപരിചിതയോ അപരിചിതനോ ആണ് ഉന്നയിക്കുന്നതെങ്കിൽ, അതിനോട് പ്രതികരിക്കാതിരിക്കുകയും ഇക്കാര്യം രക്ഷകർത്താക്കളെ അറിയിക്കുകയും ചെയ്യുക. നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഇരയായിട്ടുണ്ട് എങ്കിൽ, അത് മാതാപിതാക്കളെയോ വിശ്വാസമുള്ള മറ്റ് ആരെയെങ്കിലുമോ അറിയിക്കാൻ വൈകരുത്.
നിങ്ങൾക്ക് കൗമാരക്കാരുടെ സെക്സ്റ്റിംഗ് ലഭിച്ചാൽ, അത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുത്. കരുതലോടെ ഇരുന്നിട്ടും, നിങ്ങൾ സാഹചര്യങ്ങളുടെ ഇരയായി മാറിയിട്ടുണ്ട് എങ്കിൽ, ധൈര്യം കൈവിടാതിരിക്കുക. ആത്മഹത്യ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതു പോലും ഭീരുത്വമാണെന്ന് തിരിച്ചറിയുക. നിലവിലെ സാഹചര്യത്തെ മറികടക്കുന്നതിന്, ഉത്തരവാദിത്വബോധത്തോടെ രക്ഷകർത്താക്കളുടെയും സുഹൃത്തുക്കളുടെയും പൊലീസിന്റെയും സഹായം തേടുക.
തയ്യാറാക്കിയത്: പവിത്ര പല്ലവി
Post Your Comments