വാരണാസി : അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചതിന് ആൾക്കൂട്ടം വിചാരണ നടത്തി കൊലപ്പെടുത്തിയ മധുവിന് പ്രധാനമന്ത്രിയുടെ മണ്ഡലവും , കാശി വിശ്വനാഥന്റെ പുണ്യഭൂമിയുമായി വാരണാസിയിൽ വ്യത്യസ്തമായ രീതിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചിരിക്കുകയാണ് ജഗദീഷ് പിള്ള എന്ന മലയാളി. ലോകത്തിലെ ഏറ്റവും കൂടുതൽ ഗിന്നസ്സ് റെക്കോർഡുകൾ നേടിയ ഉത്തരേന്ത്യൻ പ്രവാസി മലയാളി കൂടിയാണ് ഡോ ജഗദീഷ് പിള്ള. വിശപ്പിന്റെ ഇരയായി മരിച്ച മധുവിന് പ്രണാമം അർപ്പിച്ചു കൊണ്ട് കാശി വിശ്വനാഥ ക്ഷേത്രത്തിനു മുന്നിലെ “കിച്ചടി” ബാബ ക്ഷേത്രത്തിനു മുന്നിൽ ഗംഗാ തീരത്തു നൂറുകണക്കിന് ദരിദ്രർക്കാണ് ഇദ്ദേഹം അന്നദാനം നടത്തിയത്.
മോക്ഷ നഗരിയായ വാരണാസിയിൽഇങ്ങനെ ഒരു വേറിട്ട രീതിയിൽ മധുവിന് ശ്രദ്ധാഞ്ജലി അർപ്പിച്ച ജഗദീഷിന് അഭിനന്ദന പ്രവാഹമാണ്. വാട്സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രതിഷേധം അർപ്പിക്കുന്നതിൽ യാതൊരു കാര്യവുമില്ലെന്ന തിരിച്ചറിവാണ് ജഗദീഷ് പിള്ളയെ കൊണ്ട് ഇത്തരം ഒരു കാര്യം ചെയ്യാൻ പ്രേരിപ്പിച്ചത്. ഒരു നേരം ഒരാൾക്കെങ്കിലും , ഒരാളുടെയെങ്കിലും വിശപ്പിനു ശമനം ഉണ്ടാക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അതിൽ പരം പുണ്യം നിങ്ങൾ വേറെ ചെയ്യാൻ ഇല്ലെന്നാണ് ജഗദീഷ് പിള്ളയുടെ പക്ഷം.
” മധുവിന്റെ കാര്യം വളരെ ഗുരുതരമായ ഒന്നാണ് , വിശന്നു വലയുന്നവർക് മാത്രമേ അതിന്റെ വേദന അറിയു…ഒരിക്കലും ഇനി ഇത്തരം ദുരന്തങ്ങൾ ഉണ്ടാവാതിരിക്കട്ടെ, പ്രതിഷേധിക്കുമ്പോൾ അതുകൊണ്ട് ഒരു മാറ്റം കൊണ്ട് വരാൻ സാധിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ , അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് ,ഈ സംഭവത്തിനെതിരെ പ്രധിഷേധിക്കുന്നവർ ഒരാൾക്കെങ്കിലും ഒരു നേരം ആഹാരം നൽകിയാൽ തീരാവുന്ന ദാരിദ്ര്യമേ നമ്മുടെ നാട്ടിൽ ഉള്ളു … ” അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിനു രൂപയുടെ വ്യവസായം ഉപേക്ഷിച്ചു മുഴുവൻ സമയ സാമൂഹ്യ സേവന രംഗത്ത് പ്രവൃത്തിക്കുന്നയാളാണ് ജഗദീഷ്. ബഹുമുഖ പ്രതിഭയായ ജഗദീഷ് പിള്ള ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകൾ സ്വന്തമായുള്ള മലയാളി എന്ന നിലയിലും ഉത്തർ പ്രദേശിലെ ഏറ്റവും കൂടുതൽ ഗിന്നസ് നേട്ടങ്ങൾ സ്വന്തമായുള്ള വ്യക്തി എന്നീ നിലയിലും അറിയപ്പെടുന്ന ആളാണ്. കേന്ദ്ര സർക്കാരിന്റെ 4 വികസന പദ്ധതികൾ ആസ്പദമാക്കിയാണ് 4 ഗിന്നസ് നേട്ടങ്ങളും ഇദ്ദേഹം കൈവരിച്ചത്.
Post Your Comments