KeralaLatest NewsNews

ആള്‍നൂഴികള്‍ ശുചിയാക്കാന്‍ ഇനി ‘ബന്‍ഡിക്കൂട്ട്’ തയാര്‍

തിരുവനന്തപുരം• സാമൂഹ്യപ്രതിബദ്ധതയോടെ നൂതനാശയങ്ങളുമായി മുന്നോട്ടുവരാനുള്ള യുവസംരംഭകരുടെ കഴിവിന്റെ ഉദാഹരണമാണ് ‘ബന്‍ഡിക്കൂട്ട്’ റോബോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പ് മിഷനിലൂടെ ഇത്തരത്തില്‍ വലിയ സൗകര്യമാണ് യുവപ്രതിഭകള്‍ക്ക് ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആള്‍നൂഴികള്‍ ശുചിയാക്കുന്ന ‘ബന്‍ഡിക്കൂട്ട്’ റോബോട്ടിന്റെ അനാച്ഛാദനവും പ്രവര്‍ത്തനോദ്ഘാടനവും ജലഭവന്‍ അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പി.എസ്.സിക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവരെ കാത്തിരിക്കുന്നത് പിഴ

യുവതലമുറയുടെ സംരംഭങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്. ഇവര്‍ക്ക് നല്ല പ്രോത്‌സാഹനവും നല്‍കണം. ഊഹിക്കാന്‍ പോലും കഴിയാത്ത മഹത്തായ കണ്ടുപിടുത്തങ്ങളുമായാണ് സ്റ്റാര്‍ട്ട് അപ്പുകളിലൂടെ കുട്ടികള്‍ വരുന്നത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഇവര്‍ക്ക് അംഗീകാരം നേടാന്‍ കഴിയുന്നുമുണ്ടെന്ന് ‘ബാന്‍ഡിക്കൂട്ട്’ രൂപകല്‍പനചെയ്ത ജന്റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പിന് തായ്‌വാനിലും സിംഗപൂരിലും ലഭിച്ച അംഗീകാരങ്ങള്‍ ഉദാഹരിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിശ്ചയിച്ചതിലും വേഗത്തില്‍ യന്ത്രമനുഷ്യന്റെ രൂപം തയാറാക്കാനും ജന്റോബോട്ടിക്‌സിന് കഴിഞ്ഞിട്ടുണ്ട്.

ജീര്‍ണവും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന മാന്‍ഹോള്‍ ശുചിയാക്കുന്ന ദുരിതസാഹചര്യം അവസാനിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. കോഴിക്കോട്ട് മാന്‍ഹോളില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാനിറങ്ങി ജീവന്‍ നഷ്ടപ്പെട്ട നൗഷാദിന്റെ അനുഭവവും ഈ കണ്ടുപിടുത്തത്തിന് പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിച്ചു. പണമല്ല, ആശയമാണ് ഇത്തരം കണ്ടുപിടുത്തങ്ങളില്‍ മൂലധനമാകേണ്ടതെന്നും അതിനുള്ള അവസരമുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണിന് അതോറിറ്റിയുടെ ജലവിതരണസംബന്ധമായ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പരിഷ്‌കൃത രീതിയില്‍ തൊഴിലാളികള്‍ക്ക് പണിയെടുക്കാന്‍ ‘ബന്‍ഡിക്കൂട്ട്’ അവസരമൊരുക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവമന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇത്തരമൊരു ആശയം രൂപപ്പെടുത്തിയപ്പോള്‍ തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് ജന്റോബോട്ടിക്‌സ് ഇതേറ്റെടുത്തത്. കുടിവെള്ള പൈപ്പുകളിലെ ഭൂമിക്കടിയിലെ ലീക്ക് കണ്ടുപിടിക്കാനുള്ള നൂതയനവിദ്യ രൂപീകരിക്കാനും വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണ്‍ വഴി ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, വാട്ടര്‍ അതോറിറ്റി ബോര്‍ഡംഗം ടി.വി. ബാലന്‍, കെ. ഡബ്‌ള്യൂ.എ.ഇ.യു ജനറല്‍ സെക്രട്ടറി എം. തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജെന്റോബോട്ടിക്‌സ് സി.ഇ.ഒ എം.കെ. വിമല്‍ ഗോവിന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാട്ടര്‍ അതോറിറ്റി എം.ഡി എ. ഷൈനാമോള്‍ സ്വാഗതവും ടെക്‌നിക്കല്‍ മെമ്പര്‍ ടി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണിന്റെ ആഭിമുഖ്യത്തില്‍ ജന്റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ആള്‍നൂഴി (മാന്‍ഹോള്‍) ശുചിയാക്കുന്ന യന്ത്ര മനുഷ്യന്‍ രൂപകല്‍പന ചെയ്തത്. കഴുത്തറ്റം മാലിന്യത്തില്‍ മുങ്ങി മാന്‍ഹോള്‍ ശുചീകരിക്കുന്ന തൊഴിലാളിയുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു യന്ത്രമനുഷ്യന്റെ ആശയത്തിലേക്ക് എത്തുന്നത്. ആ ചിത്രത്തിലുണ്ടായിരുന്ന തൊഴിലാളി ചെങ്കല്‍ചൂള സ്വദേശി സതീഷും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം മാന്‍ഹോള്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് പരിശീലനവും ജെന്റോബോട്ടിക്‌സിന്റെ നേതൃത്വത്തില്‍ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button