പാലക്കാട്•അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ പശ്ചാത്തലാമാക്കി സെൽഫി എടുത്ത തൊട്ടിയിൽ ഉബൈദ് കേസിൽ എട്ടാം പ്രതി. മധുവിനെ പിടികൂടിയതിന് ശേഷം ഉടുമുണ്ട് അഴിച്ച് കൈകൾ കെട്ടി പാറയിടുക്കിന് സമീപത്ത് നിര്‍ത്തിയിരിക്കുമ്പോഴാണ് 25 കാരനായ ഉബൈദ് സെൽഫി പകർത്തിയത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വ്യാപക ജനരോഷത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
കേസിൽ പിടിയിലായ എല്ലാ പ്രതികൾക്കെതിരെ ചേർത്തിരുന്ന വകുപ്പുകൾ തന്നെയാണ് ഉബൈദിനെതിരെയും ചേർത്തിരിക്കുന്നത്. കാട്ടിൽ നിന്ന് സെൽഫിയടക്കമുള്ള ചിത്രങ്ങളും തുടർന്ന് മുക്കാലിയിൽ എത്തി മധുവിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും പകർത്തിയിരുന്നു.
പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്‌വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ പൊലീസെത്തുമ്പോൾ മരത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു മധു. പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോകും വഴി തന്നെ മധു അസ്വസ്ഥതകൾ കാണിക്കാൻ തുടങ്ങി. തുടര്‍ന്ന് ഛർദ്ദിച്ച് അവശനിലയിലായ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു.
Post Your Comments