FoodLife StyleHealth & Fitness

കുട്ടികളുടെ ഭക്ഷണ ക്രമീകരണങ്ങള്‍ പഠിത്തത്തെയും പരീക്ഷഹാളിലെ ആത്മവിശ്വാസത്തെയും പോലും സ്വാധീനിക്കുന്നതിങ്ങനെ

നല്ല ഭക്ഷണം കഴിക്കൂ…. സമാര്‍ട്ടായി പരീക്ഷാ ഹാളിലേക്കെത്താം. കുട്ടികളെ ചുറുചുറുക്കോടെ പരീക്ഷ എഴുതാന്‍ സഹായിക്കുന്ന ബ്രെയിന്‍ ഫുഡകളും ദിനചര്യകളും ഏന്തൊക്കെ?

ഇനി വരാന്‍ പോകുന്നത് പരീക്ഷക്കാലമാണ്. പരിക്ഷയെന്നുകേള്‍ക്കുമ്പോഴേ നന്നായി പഠിക്കുന്ന കുട്ടികള്‍ക്കു പോലും പേടിയാണ്. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തെല്ലും പേടിക്കാതെ പഠിച്ചതെല്ലാം ഓര്‍ത്തെടുക്കാനും അതിലൂടെ പരീക്ഷയെ ആത്മ വിശ്വാസത്തോടെ നേരിടാനും ആകും.

ഭക്ഷണം

പരീക്ഷാക്കാലത്ത് എന്തൊക്കെ കഴിക്കാം എന്തെല്ലാം കഴിക്കരുത് എന്നുള്ളത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമാണ്. ഒരു കാരണവശാലും പരീക്ഷക്കാലത്ത് പ്രാതല്‍ ഉപേക്ഷിക്കാന്‍ പാടില്ല.പ്രോട്ടീന്‍ അധികം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ കുട്ടികളില്‍ മാനസിക ഉണര്‍വ് ഉണ്ടാകുകയും ക്ഷീണം കുറയുകയും ചെയ്യുന്നു.

എന്താണ് ബ്രയിന്‍ ഫുഡ്? അതിന്റെ ഗുണങ്ങളെന്തെല്ലാമാണെന്നു നോക്കാം. കുട്ടികളെ സ്മാര്‍ട്ടാക്കാനായി പരസ്യത്തില്‍ കാണുന്ന പാനിയങ്ങള്‍ വാങ്ങി നല്‍കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ അവരില്‍ പലരും ശ്രദ്ധിക്കാത്ത കാര്യമാണ്, തലച്ചോറിന് ആവശ്യമായ ഭക്ഷണം അഥവാ ബ്രെയിന്‍ ഫുഡ് എന്ന വിഭാഗത്തില്‍ വരുന്ന ഭക്ഷണങ്ങള്‍. ബ്രയിന്‍ ഫുഡ് നല്‍കിയാല്‍ കുട്ടികളില്‍ പഠന നിലവാരം വളരെയധികം ഉയരുന്നുവെന്നത് ശാസത്രീയമായ വസ്തുതയാണ്. ന്യൂറോട്രന്‍സ്മിറ്ററുകള്‍ എന്ന രാസഘടകങ്ങളാണ് തലച്ചോറിലെ ആശയവിനിമയം സാധ്യമാക്കുന്നത്. ഈ രാസഘടകങ്ങളുടെ സജീവപ്രവര്‍ത്തനം നടക്കണമെങ്കില്‍ തലച്ചോറിനിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കണം. വയറു നിറച്ച് ഭക്ഷണം കഴിച്ചാലൊന്നും തലച്ചോറിനാവശ്യമായ ഭക്ഷണം ലഭ്യമാകുന്നില്ല. ബ്രെയിന്‍ ഫുഡ്, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമാക്കുന്നതിലുടെ ഓര്‍മ്മ, ഏകാഗ്രത എന്നിവ കൂട്ടാന്‍ സഹായിക്കുന്നു.

മുട്ട, പാല്‍, മത്സ്യം, ഓട്സ്, ഓറഞ്ച്, ഏത്തപ്പഴം, ക്യാരറ്റ്, ബീറ്ററൂട്ട്, ചീര, ബ്രെക്കോളി, സ്ട്രോബറി, നട്സ്, ഉണങ്ങിയ പഴങ്ങള്‍ എന്നിവയെല്ലാം തലച്ചോറിന് ഉണര്‍വേകുന്ന ഭക്ഷണങ്ങളാണ്. കടും നിറത്തിലുള്ള പച്ചക്കറികളെല്ലാം തന്നെ ഓര്‍മ്മശക്തിയും പ്രതിരോധശേഷിയും കുട്ടാന്‍ കഴിവുള്ളവയാണ്.

മുട്ടയുടെ മഞ്ഞ, ഓര്‍മ്മ ശക്തി കുട്ടാന്‍ സഹായകമാണ്. മീനിലടങ്ങിയിട്ടുള്ള ഒമേഗ 3 ആസിഡ്‌ തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. മാനസികാരോഗ്യം കൂട്ടാനായി ആഴ്ചയില്‍ നാലുതവണ മത്സ്യം ഉപയോഗിക്കുന്നത് സഹായമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ക്കും, പഠനനിലവാരം ഉയര്‍ത്താനുമായി ഒമേഗ 3 യാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. മത്തി, അയല, കൊഴുവ(നത്തോലി)ഇവയിലെല്ലാം ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. മള്‍ട്ടി വൈറ്റമിനുകളും വിദഗ്ദോപദേശ പ്രകാരം കഴിക്കാവുന്നതാണ്. അയണ്‍, കാല്‍ഷ്യം, സിങ്ക് എന്നിവ തലച്ചോറിന് ഉത്തമമാണ്. സിങ്കിന് സ്ട്രെസ് കുറക്കാനുള്ള കഴിവുമുണ്ട്. ആയൂര്‍വേദ വിധിപ്രകാരം ബ്രഹ്മിയും ഓര്‍മ്മ ശക്തിയും ഏകാഗ്രതയും കൂട്ടാന്‍ കഴിവുള്ള ഔഷധമാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍-

ഏന്തൊക്കെ കഴിക്കാം എന്നതുപോലെ തന്നെ പ്രധാന്യമുള്ള കാര്യമാണ് എന്തെല്ലാം കഴിക്കരുത് എന്നുള്ളതും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരീക്ഷാ സമയത്ത് നിര്‍ബന്ധമായും ഒഴിവാക്കണം. ദഹിക്കാന്‍ പ്രയാസമുള്ള ഏതു ഭക്ഷണവും ശരീരത്തിന് ക്ഷീണം ഉണ്ടാക്കും. ഫാസ്റ്റ് ഫുഡ്, പൊറോട്ട, ടിന്‍ ഫുഡ്, ബിരിയാണി എന്നിവ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഈ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതിലെ ഗ്ളൂക്കോസ് പെട്ടെന്നു തന്നെ രക്തത്തിലേക്കു ആഗിരണം ചെയ്യപ്പെടുകയും അത് വേഗത്തിലെത്തി തലച്ചോറിനെ ക്ഷീണിപ്പിക്കുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്നു, ഹാങ്ങാകുന്ന തലച്ചോറിന് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള കഴിവ് കുറയുന്നു.

എക്സാം ദിവസം അമിതമായി ഭക്ഷണം അരുത്. ഉരുളക്കിഴങ്ങ്, ചോറ് എന്നിവ അമിതമായി കഴിച്ചാല്‍ ശരീരത്തിന് ക്ഷീണവും ഉറക്കവും ഉണ്ടാവും. സ്റ്റാര്‍ച്ചും, പ്രോട്ടീനും ചേര്‍ന്നു വരുന്ന ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. ലളിതമായി ഭക്ഷണം കഴിച്ചാല്‍ മെറ്റബോളിസം കുറയുകയും തലച്ചാറിന്റെ പ്രവര്‍ത്തിഭാരം കുറക്കുകയും അതിലൂടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. കാര്‍ബോഹൈഡ്രേറ്റ്സ് കൂടുതലുളള ഭക്ഷണം പരീക്ഷയുടെ തലേദിവസം ഇപയോഗിക്കുന്നത് റിലാക്സ്ഡ് മൂഡു നല്‍കുമെങ്കിലും പരീക്ഷാദിവസം ഒഴിവാക്കേണ്ടതാണ്. ചോക്ളേറ്റ്, ഡെസേര്‍ട്ടുകള്‍ എന്നിവയും ഒഴിവാക്കണം. ടര്‍ക്കിക്കോഴിയുടെ മാംസ്യം ഒഴിവാക്കേണ്ടതാണ്. അതിലടങ്ങിയിരിക്കുന്ന എല്‍-ട്രിപ്റ്റോഫന്‍ എന്ന അമിനോ ആസിഡ് ഉറക്കം ഉണ്ടാക്കും. പുതുതായി ഒരു ഭക്ഷണവും പരിക്ഷിക്കരുത്. ശരീരം എങ്ങനെ പ്രതികരിക്കും എന്നറിയാന്‍ പറ്റില്ല ചിലപ്പോള്‍ അലര്‍ജിയോ മറ്റോ ഉണ്ടായേക്കാം.

വെള്ളം-

തലച്ചോറിന്റെ സുഗമമായപ്രവര്‍ത്തനത്തിന് എററവും ആവശ്യമായ ഘടകമാണ് ശുദ്ധജലം. ഒരു കാരണവശാലും ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാവരുത്. ദാഹിക്കുന്നതു വരെ കാത്തിരിക്കാതെ ആവശ്യത്തിനു ജലം കുടിക്കണം. ശരീരം വരണ്ടു എന്നതിന്റെ സൂചനയാണ് ദാഹം. വെള്ളം കറഞ്ഞാല്‍, ഏകാഗ്രതക്കുറവ്, ദേഷ്യം, ക്ഷീണം ഏന്നിവ ഉണ്ടാകും. പരീക്ഷാഹാളില്‍ വെള്ളം കൊണ്ടുപോയ വിദ്യര്‍ത്ഥികള്‍ അത് ഉപയോഗിക്കാതിരുന്ന കുട്ടികളെ അപേക്ഷിച്ച് എക്സാമില്‍25% അധികം പ്രകടനം കാഴച വെച്ചുവെന്നാണ് യൂറോപ്പ്യന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനം പറയുന്നത്.
അതേസമയം ഒഴിവാക്കേണ്ട പാനിയങ്ങളാണ് സോഡ, കോള എന്നിവ. ആല്‍ക്കഹോളിക്ക് പാനിയങ്ങള്‍ വേണ്ടേ വേണ്ട. ഇത് ബ്രെയിന്‍ ബ്ളോക്കിന് കാരണമാകും. കാപ്പിയിലെ കഫിനും ഒഴിവാക്കേണ്ടതാണ്. ഇത് പരിഭ്രമം ഉണ്ടാക്കും. ഒഴിവാക്കാന്‍ പറ്റാത്തവര്‍ക്ക് കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കാം.

ഉറക്കം-

പരീക്ഷാകാലത്ത് വളരെ വൈകി മാത്രം ഉറങ്ങുന്ന ശീലമാണ് പലര്‍ക്കുമുള്ളത്. എന്നാലിത് വിപരീത ഫലം ഉണ്ടാക്കും. തലേദിവസം ഉറങ്ങാന്‍ താമസിക്കുന്നത് പരീക്ഷാ ദിവസത്തില്‍ ക്ഷീണം ഉണ്ടാക്കും. നേരത്തേ പഠിക്കാനിരിക്കുക, അധികം വൈകാതെ ഉറങ്ങുക എന്ന രീതിയാണ് അഭിലഷണീയം. കിടക്കുന്നതിനു 3 മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കണം. കാപ്പി, ചായ, ചോക്ളേറ്റ്, സോഫ്റ്റ് ഡ്രിംങ്ക്സ് ഒന്നും വേണ്ട. നിര്‍ബന്ധമെങ്കില്‍ ഭക്ഷണത്തിനു 4 മണിക്കൂര്‍ മുന്‍പായി ഇവ ഉപയോഗിക്കണം. ചിലരില്‍ കഫൈന്റെ എഫക്ട പന്ത്രണ്ടു മണിക്കൂര്‍ വരെ നില്ക്കും.കിടക്കുന്നതിനു മുമ്പ് ചൂടു പാല്‍ കുടിക്കുന്നതു നല്ല ഉറക്കം നല്‍കും.

പരീക്ഷക്കുള്ള ബാഗും മറ്റും തയ്യാറാക്കി നന്നായൊന്നു ദേഹവും കഴുകി കിടക്കയിലേക്കു ടെന്‍ഷനു ഗുഡ്ബൈ പറഞ്ഞ് ഉറങ്ങാന്‍ പോകൂ. ഇനി 7-8 മണിക്കൂര്‍ സുഖമായി ഉറങ്ങുന്നതോടെ ബ്രെയിന്‍ ഉഷാറാകും. പെര്‍ഫോമന്‍സ് 10% കൂട്ടാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button