Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsParayathe VayyaNerkazhchakalWriters' Corner

മുദ്രാവാക്യങ്ങളിലൂടെ മാത്രം നടപ്പിലാക്കുന്ന സാമൂഹ്യ നീതിയും പരസ്യങ്ങളിലൂടെ മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട വികസനവും; വിശപ്പടക്കാന്‍ ഒരുപിടി അരി മോഷ്ടിച്ചെന്ന കുറ്റത്തിന് ആദിവാസിയെ തല്ലിക്കൊന്ന നാടെന്ന് ഇനിമുതല്‍ മലയാളിക്കഭിമാനിക്കാം.. ആദിവാസി ക്രൂരതകള്‍ തനിയാവര്‍ത്തനമായി മാറുമ്പോള്‍ ഹൃദയം പൊട്ടാതിരുന്നെങ്കിലെന്നു പ്രാര്‍ഥിക്കാം- അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

മർദ്ദിതർക്കും ചൂഷിതർക്കും വേണ്ടി പടുത്തുയർത്തപ്പെട്ട “പാവ “പ്പെട്ടവന്റെ പാർട്ടി ഭരിക്കുന്ന നാട്ടിൽ, ഇരട്ട ചങ്കുളള സഖാവ് ആഭ്യന്തരം കയ്യാളി ഭരിക്കുന്ന സാക്ഷര കേരളത്തിൽ, ഉത്തരേന്ത്യയിലെ ദളിത് പീഡനങ്ങൾക്കെതിരെ തൂലിക പടവാളാക്കുന്ന സാംസ്കാരിക നായകന്മാരുടെ നാട്ടിൽ, ഫാസിസത്തിനെതിരെ ഉണ്ണാതുറങ്ങാതെ പട നയിക്കുന്ന യോദ്ധാക്കളുടെ നാട്ടിൽ, ഉയർന്ന ചിന്താഗതിയും ജീവിത നിലവാരവും പ്രബുദ്ധതയും അക്ഷരത്താളുകളിൽ അലങ്കാരമാക്കിയ നാട്ടിൽ ഇതാ ഒരു കാടിന്റെ മകനെ ഒരു നേരത്തെ വിശപ്പടക്കാൻ അതും അരകിലോയിൽ താഴെ മാത്രം അരി മോഷ്ടിച്ചുവെന്ന കുറ്റത്തിനു ജനകീയ വിചാരണ ചെയ്ത് തല്ലിക്കൊന്നിരിക്കുന്നു.. സാംസ്കാരിക നഗരിയിൽ ചെങ്കൊടി പാർട്ടിയുടെ സമ്മേളനം നടക്കുമ്പോൾ അധികം ദൂരെയല്ലാത്ത അട്ടപ്പാടിയിൽ തച്ചുടയ്ക്കപ്പെട്ടത് ദൈന്യത കണ്ണുകളിൽ പേറിയ ഒരു ജീവൻ.. മാന്യതയുടെ പുറംതോടിനുളളിൽ വൈകൃതങ്ങളൊളിപ്പിച്ച ഒരു ജനതയായി നമ്മൾ എന്നേ മാറി കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ആ കൊല സെൽഫി.

തിരിച്ചടിക്കാൻ ത്രാണിയില്ലാത്ത നിസഹായത കൈമുതലായവരോട് മാത്രം കയ്യൂക്ക് കാട്ടാൻ നമ്മളിൽ പലർക്കും ആവേശമാണ്. എന്നാൽ ഈ ആവേശം അപകടങ്ങളിലകപ്പെട്ട് കൺമുന്നിൽ പിടയുന്ന ജീവനെ രക്ഷിക്കാനോ അക്രമത്തിനിരയായ പെൺമയ്ക്ക് താങ്ങാവാനോ ഇല്ല താനും. കായൽ കയ്യേറ്റവും അമ്പതിനായിരത്തിന്റെ കണ്ണടയും ദുഫായിയും ഷെയ്ക്കും13 കോടിയുംബുർജ് ഖലീഫ സെൽഫിയും രാഷ്ട്രീയ കൊലപാതകങ്ങളും ഹൈഫൈ വാർത്തയാവുന്ന നാട്ടിൽ അപ്രമുഖനായ ആ ആദിവാസി യുവാവിന്റെ ദൈന്യത മുറ്റിയ മുഖം പ്രമുഖരെയോ രാഷ്ടീയനേതാക്കളെയോ സാംസ്കാരിക നായകരെയോ പൊളളിക്കില്ല. അതൊരു നെരിപ്പോടായി പൊളളിയടർത്തുന്നത് മനസാക്ഷി കൈമോശം വന്നിട്ടില്ലാത്ത ഒരു ചെറിയ ശതമാനത്തെ മാത്രമായിരിക്കും.. പുഴുത്തു നാറിയ സാംസ്കാരികത ആവരണമാക്കിയ ഞാനുൾപ്പെടുന്ന സമൂഹം ഇനിയുമിനിയും അശരണരെ തല്ലിക്കൊല്ലട്ടെ.. അവരുടെ തണുത്തു വിറങ്ങലിച്ച മൃതശരീരം നോക്കി നമുക്കുറക്കെ പറയാം പ്രബുദ്ധകേരളം.അന്ന് പ്രധാനമന്ത്രിയുടെ സൊമാലിയ പരാമർശം കേട്ട് പൊളളിയ സഖാക്കളും സാംസ്കാരിക നായകരും ലജ്ജിക്കണം പട്ടിണി മാറ്റാൻ അന്നം മോഷ്ടിക്കേണ്ടി വരുന്ന ഒരുവനു കൊലച്ചോറു നല്കിയ സാംസ്കാരിക സമ്പന്നത ഓർത്ത്..

കോടിയേരിയുടെ മക്കളുടെ ബിസിനസ് രേഖകള്‍ ഓരോന്നായി പുറത്ത് വിട്ട് ബിജെപി

കേരളമെന്നു കേട്ടാല്‍ ചോര തിളയ്ക്കേണം ഞരമ്പുകളില്‍ എന്ന് കവി പാടിയതൊക്കെ ശരി തന്നെയാണ് ..മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്തു നില്‍ക്കുന്ന മലയാളനാട് ഏതൊരു പ്രവാസിയേയും കൊതിപ്പിക്കുന്ന സുഖമുള്ള ഒരോര്‍മ്മയാണ്…പക്ഷേ അതേ മലയാളനാട്ടില്‍ സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടു സ്വന്തം മണ്ണില്‍ കീഴാളരായി ജീവിക്കേണ്ടി വരുന്ന ഒരു ജനത കൂടിയുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം ആ സുഖമുള്ള ഓര്‍മ്മകള്‍ക്കിടയില്‍ നമ്മള്‍ മനപൂര്‍വ്വം കാണാതെ പോകുന്ന നഗ്നസത്യം..എല്ലാ സമൂഹത്തിന്റെയും പ്രാക്തനമായ തനിമ തിളങ്ങി നില്‍ക്കുന്നത് അതാതു സമൂഹങ്ങളിലെ ആദിജനതകളിലാണ്. കേരളത്തിലെ ഉയര്‍ന്ന ജീവിതനിലവാരത്തെക്കുറിച്ച് ഗുജറാത്തുമായി താരതമ്യം ചെയ്യാന്‍ മിടുക്ക് കാട്ടുന്ന മാധ്യമങ്ങൾ എന്തുകൊണ്ട് ഇവിടുത്തെ ആദിവാസികളുടെ മോശം അവസ്ഥയെക്കുറിച്ച് ഒരു പഠനവും നടത്തുന്നില്ല?

ഒരു സമൂഹത്തിന്റെ വികസനം എന്ന് ഉദ്ദേശിക്കുന്നത് എല്ലാവിഭാഗത്തിന്റെയും സാമൂഹ്യപരമായതും അടിസ്ഥാനപരവുമായ മാറ്റവും പുരോഗമനവും ആയിരിക്കണം. കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നുവെന്നു നാം അഭിമാനപൂര്‍വം പറയുമ്പോഴും ആദിവാസികളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റം വന്നു എന്ന് വിലയിരുത്തപ്പെടേണ്ടതാണ് അത്യാവശ്യമല്ലേ ?. അടിത്തട്ടിലെ ആളുകളുടെ ചുറ്റുപാട് അനുദിനം വഷളായിക്കൊണ്ടിരിക്കെ മലയാളികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചു, വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിച്ചുവെന്നതു അഭിമാനിക്കാവുന്ന കാര്യമാണെങ്കിലും അടിത്തട്ടിലുള്ള ആളുകളുടെ ചുറ്റുപാട് അനുദിനം വഷളാകുന്നത് ശ്രദ്ധിക്കേണ്ടതല്ലേ?. ഇന്ത്യയില്‍ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പക്ഷെ ആദിവാസി ഊരുകളില്‍ എത്ര കുട്ടികള്‍ മരിക്കുന്നുവെന്ന. യാഥാര്‍ത്ഥ്യം നമ്മള്‍ കണക്കുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ?കേരളത്തില്‍ ശിശു മരണ നിരക്ക് കുറഞ്ഞപ്പോള്‍ നാല്‍പത്തിയൊന്നു ശതമാനമായി വര്‍ദ്ധിച്ചത് വയനാട്ടിലെ ആദിവാസിക്കുട്ടികള്‍ക്കിടയിലെ ശിശുമരണനിരക്കാണ്..ഇത് യൂണിസെഫിനെ അതിശയിപ്പിക്കുന്ന ഒരു കണക്കെടുപ്പ് കൂടിയാണ്..ഒരു വശത്ത് ജീവിത നിലവാരം കൂടുമ്പോള്‍,അതിനനുസരിച്ച് ആരോഗ്യ നിലയില്‍ സാരമായ ഒരു പുരോഗതി ഉണ്ടാകുമ്പോള്‍ അതിന്റെ ഗുണം ഒരു വിഭാഗം ആളുകളില്‍ മാത്രം പ്രകടമാകുക .അതോടൊപ്പം തന്നെ ഒരുകാലത്ത് മികച്ചു നിന്ന ജീവിതശൈലിയും ആയുരാരോഗ്യവും സ്വന്തമാക്കിയിരുന്ന, മണ്ണിന്റെ സ്വന്തം പൈതൃകം പേറുന്ന വിഭാഗം കാലാന്തരത്തില്‍ ക്ഷയിച്ചു,നാമാവശേഷം ആകാന്‍ തയ്യാറെടുക്കുക..അതെങ്ങനെ സംഭവിച്ചു ?അതിനു ഉത്തരം നല്‍കേണ്ടത് ഇവിടെ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ അല്ലേ?

ഒരുകാലത്ത് ആധുനികരെന്നും പുരോഗമാനവാദികളെന്നും സംസ്കാരസമ്പന്നരെന്നും സ്വയം നടിക്കുന്ന നമ്മളേക്കാള്‍ എത്രയോ ഉന്നതനിലവാരം ജീവിതചര്യകളില്‍ പുലര്‍ത്തിയിരുന്നവരായിരുന്നു കേരളത്തിലെ ആദിവാസികള്‍..പഴശ്ശി സമരങ്ങളില്‍ പങ്കെടുത്ത കുറിച്യര്‍ വിഭാഗത്തിലെ സ്വാതന്ത്ര്യസമരപോരാളികളോട് കിടനില്ക്കാന്‍ കെല്‍പ്പുള്ള മറ്റേതു ദേശസ്നേഹികളാണ് കേരളത്തില്‍ ഉള്ളത് ??കാടിന്റെ പച്ചപ്പില്‍, കാട്ടാറിന്റെ ഉറവില്‍ സമൃദ്ധിയുള്ള കൃഷിയിലും ജീവിതപാഠങ്ങളുടെ നിറവിലും സ്വയംപര്യാപ്തത കൈവരിച്ചു കൊണ്ട് അവര്‍ ജീവിച്ചു..അവര്‍ക്ക് ഒന്നിനും ഒന്നിനെയും ആശ്രയിക്കേണ്ടിയിരുന്നില്ല..കാടിന്റെ നിറവില്‍ സന്തോഷത്തോടെ സംതൃപ്തിയോടെ കാടിന്റെ മക്കളായി അവര്‍ ജീവിച്ചു.എല്ലാ അര്‍ത്ഥത്തിലും മാവേലി നാട് എന്ന സങ്കല്‍പം നിറഞ്ഞുനിന്നിരുന്നത് അന്നത്തെ ആദിവാസി ഊരുകളില്‍ ആയിരുന്നു.അന്ന് മദ്യത്തില്‍ അവരെ മുക്കികൊല്ലാന്‍ നാട്ടുരാജാക്കന്മാര്‍ കാട് കയറിയിരുന്നില്ല.പച്ചമാംസത്തിന്റെ രുചിതേടി വേട്ടനായ്ക്കളും എത്തിയിരുന്നില്ല..സ്വാതന്ത്ര്യം ലഭിച്ച കാലത്ത് അട്ടപ്പാടി മേഖലയില്‍ ബഹുഭൂരിപക്ഷവും ആദിവാസികളുടെ ഭൂമിയായിരുന്നു. പുറമേ നിന്നുള്ളവരുടെ കൈയേറ്റം ആരംഭിച്ചതോടെ ആദിവാസികളുടെ ഭൂമിയുടെ അളവ് ചുരുങ്ങി ചുരുങ്ങി വന്നു. നിയമത്തിന്റെ പിന്‍ബലത്തില്‍ കൈയേറ്റക്കാരില്‍ നിന്ന് പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയതോടെ വന്‍ചെറുത്ത് നില്‍പ്പാണ് ഉണ്ടായത്. ഒടുവില്‍ സര്‍ക്കാര്‍ പത്തി മടക്കി. കാരണം സംഖ്യാബലവും അധികാരകേന്ദ്രങ്ങളോട് അടുത്ത് നില്‍ക്കുകയും ചെയ്തത് കൈയേറ്റക്കാരായിരുന്നുവല്ലോ.മുത്തങ്ങാ സമരത്തില്‍ എന്ത് സംഭവിച്ചുവെന്ന് നാം കണ്ടതാണ്.ആദിവാസികളെ ഭൂമി കൈയേറുന്നവരായും ഭീകരന്മാരുമായി ചിത്രീകരിച്ചു ആന്റണി സര്‍ക്കാര്‍..മുഖ്യധാരാപത്രങ്ങളും ചാനലുകളും വാര്‍ത്തയാക്കിയത് ആദിവാസികളുടെ ഭൂമികൈയേറ്റവാര്‍ത്തയായിരുന്നു.ഒരുകാലത്തെ കാടിന്റെ അവകാശികള്‍ എങ്ങനെ കൈയേറ്റക്കാരായി മാറിയെന്നു ഒരു പത്രവും ചാനലും അന്വേഷിച്ചില്ല..അതുപോലെതന്നെ രണ്ടായിരത്തി ഒന്നിലെ കുടില്‍കെട്ടല്‍ സമരത്തിന്റെ പര്യവസാനത്തില്‍ ആദിവാസികള്‍ക്ക് നല്‍കിയ ഉറപ്പു എങ്ങനെ വെള്ളത്തില്‍ വരച്ചൊരു വര പോലെ ഒഴുകി പോകുന്നുവെന്ന് കണ്ടവരാണ് നമ്മള്‍ പ്രബുദ്ധ മലയാളികള്‍ ..ആദിവാസികളുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പദ്ധതിയെന്ന് പാടിപ്പുകഴ്ത്തിയ ആറളം ഫാമില്‍ സ്വകാര്യ മുതലാളിമാരുടെ കൈതച്ചക്ക കൃഷി പൂത്തുലഞ്ഞപ്പോള്‍ കൈതമുള്ള് കൊണ്ടത്‌ പാവം ആദിവാസികള്‍ക്ക് മാത്രം ആയിരുന്നു ..അന്നും കേരളത്തിന്റെ പ്രബുദ്ധത ഉറക്കെ നമ്മള്‍ പാടി …വികസനത്തിന്റെ ഗ്രാഫ് മേലോട്ട് കുതിക്കുന്നത് കണ്ടു സിരകളില്‍ ചോര തിളച്ചു .അപ്പോഴും നമ്മള്‍ അവരെ മറന്നു ..

ഇത് ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ ധന്യാ രാമന്റെ ലേഖനത്തിലെ ചില പരാമര്‍ശങ്ങളാണ് .സമീപ കാലത്ത് കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ,എന്നാല്‍ പൊതുസമൂഹം തിരിഞ്ഞു നോക്കാത്ത ചില ആദിവാസി വാര്‍ത്തകള്‍ ഇതാ .

ഓടപ്പൂ വില്‍ക്കാന്‍ കൊട്ടിയൂര്‍ അമ്പലത്തിലെത്തിയ ആറളത്തെ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. രാത്രി മഴയത്ത് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ കയ്യിലിരുന്ന ബുക്കിലെ രണ്ട് പുരുഷന്മാരുടെ നമ്പര്‍ ഫോളോ അപ്പ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. വനത്തിനകത്ത് പത്താം ക്ലാസുകാരി സ്‌കൂളില്‍ പോകുന്ന വഴിയാണ് പീഡനത്തിനിരയായത്. അവളുടെ യോനിയില്‍ പച്ചക്കമ്പിട്ട് മുറിവേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 90 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങി. പിന്നീട് പെണ്‍കുട്ടിയെ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയപ്പോള്‍ അമ്മയേയും സഹോദരനെയും വിട്ടുനിന്നതിന്റെ മാനസിക ആഘാതം കൂടി അവള്‍ക്ക് ഏല്‍ക്കേണ്ടി വന്നു.

തിരുവനന്തപുരം ജില്ലയില്‍ മാത്രം 600 വികലാംഗരും 125ഓളം മാനസിക വെല്ലുവിളി നേരിടുന്നവരുമുണ്ട്. ഫൊക്കോമീലിയ സിന്‍ഡ്രോം എന്ന ഭീകര വികലാംഗത്വമുള്ള 24,000 പേര്‍ സംസ്ഥാനത്തുടനീളമുണ്ടെന്ന് കണ്ടെത്തിയിട്ടും അതിനെപ്പറ്റി പഠിക്കാനോ അവരെ പുനരധിവസിപ്പിക്കാനോ ഒരു പാക്കേജും ഉണ്ടായില്ല. അട്ടപ്പാടിയിലെ സ്ത്രീകളില്‍ മാനസിക രോഗം കൂടുന്നുവെന്ന കണക്ക് ആശങ്കയേറുന്നു. 70 പേര്‍ ഇപ്പോള്‍ കൗണ്‍സിലിംഗിലാണ്.
2009ല്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കുളിമുറിയില്‍ ആദിവാസി സ്ത്രീ പ്രസവിച്ച കുഞ്ഞ് തറയില്‍വീണു മരിച്ചതും 2011 ല്‍ ബത്തേരിയില്‍ ഫുട്പാത്തില്‍ ആദിവാസി യുവതി പ്രസവിച്ചതുമൊക്കെ എത്ര മുഖ്യധാരാപത്രങ്ങള്‍ വാര്‍ത്തയാക്കി ?ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ എന്നും മുഖം തിരിച്ചു നിന്നിട്ടേയുള്ളൂ …ആ മുഖം തിരിക്കല്‍ ഇന്നും അനസ്യൂതം തുടരുന്നു ..

അട്ടപ്പാടിയിലെ ആദിവാസി യുവാവിന്‍റെ മരണം ; 7 പേര്‍ അറസ്റ്റില്‍

സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അട്ടപ്പാടിയിലെ 90 ശതമാനം ജനസംഖ്യ ആദിവാസികളായിരുന്നു. ഇന്ന് അവര്‍ ന്യൂനപക്ഷമായി. അവരുടെ ഭൂമിയും നഷ്ടപ്പെട്ടു.’പുരോഗമിച്ചവരുടെ’ കുടിയേറ്റമാണ് ഇതിന് വഴി വച്ചത്. ഒരു ഏക്കര്‍ പതിച്ച് കിട്ടിയ കുടിയേറ്റക്കാര്‍ അതിലും എത്രയോ ഇരട്ടി ഭൂമി കള്ളപ്രമാണത്തിലൂടെ സ്വന്തമാക്കി. നിയമപ്രകാരം നഷ്ടമായ ഭൂമി തിരിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കുന്നതിന് പകരം അവരില്‍ ചെറിയ വിഭാഗത്തിന് നഷ്ടപരിഹാരമായി ഭൂമി നല്‍കിയത് കാടിനുള്ളിലോ അതിന് അപ്പുറമോ ആയിരുന്നു. അതും കൃഷിചെയ്യാന്‍ സാധിക്കാത്ത ഭൂമി..ഇതായിരുന്നു നമ്മുടെ മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ ആദിവാസി ക്ഷേമം.. നിയമത്തില്‍ വെള്ളം ചേര്‍ത്ത് 1999 ലുണ്ടാക്കിയ പുതിയ ചട്ടമാകട്ടെ ആദിവാസികള്‍ക്ക് നല്‍കിയത് കനത്ത തിരിച്ചടിയും.രണ്ട് ഹെക്ടറില്‍ കുറഞ്ഞ കൈയേറ്റ ഭൂമി അതും കൃഷി ഭൂമിയാണെങ്കില്‍ മാത്രം തിരിച്ചുകൊടുത്താല്‍ മതിയെന്ന് മാറ്റിയെഴുതിയപ്പോള്‍ അത് ആദിവാസികളുടെ അവസാന പ്രതീക്ഷയേയും തച്ചുടച്ചു . സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളെപേലെ, രോഗത്തേയും ദാരിദ്ര്യത്തേയും പേടിച്ച് ഇന്ന് അവര്‍ കഴിഞ്ഞ് കൂടുന്നു. വഴിയോരത്ത് പ്രസവിക്കുന്നു.അത് മുഖ്യധാരാപത്രങ്ങള്‍ക്ക് പരിഹാസത്തിന്റെ തലകെട്ടുകള്‍ ആകുന്നു.പട്ടിണിമരണങ്ങള്‍ ആരും ശ്രദ്ധിക്കപ്പെടാത്ത വാര്‍ത്തയാകുന്നു.. രോഗിയായ ഭാര്യയെ തോളിലിട്ട് കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്ത ആദിവാസിയുടെ വാര്‍ത്ത നാം പത്രത്തിലൂടെ വായിച്ചു. മതിയായ ആശുപത്രി സൗകര്യം ഇല്ലാത്തതിന് എടുത്ത് പറയാവുന്ന ഉദാഹരണമായിട്ട് കൂടി അത് ഏതെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിച്ചോ?. ആദിവാസികളുടെ ഭൂമി പിടിച്ച് പറിച്ച് അവരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടശേഷം എല്ലാം അവരുടെ കുഴപ്പമാണെന്ന് സ്ഥാപിക്കുന്നതാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ രീതി..അല്ലെങ്കിലും കേരളത്തിലെ ആദിവാസി മരണങ്ങള്‍ എപ്പോഴും സംഭവിക്കുന്നത്‌ ഇവിടുത്തെ ആദിവാസികളുടെ കുഴപ്പം കൊണ്ടുമാത്രമാണത്രേ?പക്ഷേ ഇതര സംസ്ഥാനങ്ങളില്‍ അത് സംഭവിക്കുന്നത്‌ പ്രധാനമന്ത്രിയുടെ കെടുകാര്യസ്ഥത മൂലവും …എത്ര നല്ല ലോജിക്ക് …

കേരളാ കേഡറിലെ ഐ.എ.എസ്.ഉദ്യോഗസ്ഥനായ സുബ്ബയ്യന്‍ പാലക്കാട് സബ് കലക്ടറായിരിക്കെ ആദിവാസികള്‍ക്ക് നീതിലഭിക്കാന്‍ വേണ്ടി അശ്രാന്തം പരിശ്രമിച്ച കാര്യം എത്രപേര്‍ക്ക് അറിയാം ?. ആദിവാസികളുടെ ഭൂമി തിരിച്ച് പിടിച്ച് അവര്‍ക്ക് നല്‍കാന്‍ അദ്ദേഹം നടത്തിയ ശ്രമം കലഹത്തിലാണ് കലാശിച്ചത്. കയ്യേറ്റക്കാരായ സ്ത്രീകള്‍ സുബ്ബയ്യനെ വളഞ്ഞു. അദ്ദേഹത്തിന്റെ ഷര്‍ട്ട് വലിച്ചുകീറി അപമാനിച്ചു. അന്ന് ആദിവാസികള്‍ക്ക് വേണ്ടി പൊരുതിയ ആ നന്മയുള്ള ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിന് പകരം സര്‍ക്കാര്‍ തള്ളിപ്പറഞ്ഞു. “’ സുബ്ബയ്യന്‍ ചരിത്രം പഠിച്ചില്ല, ഓന്റെ നിക്കര്‍ പെണ്ണുങ്ങള്‍ ചീന്തിക്കളഞ്ഞു’’ എന്നത് തമാശക്കാരനായ അന്നത്തെ മുഖ്യമന്ത്രിക്ക് പുതിയൊരു തമാശയായി.അല്ലെങ്കിലും എന്നും പാവങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിക്കുന്ന ബ്യൂറോക്രാറ്റുകള്‍ എന്നും സര്‍ക്കാരിന് വലിയ തമാശയല്ലേ.

രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍; പൂര്‍ണ്ണ പരാജയമാകുന്ന ആഭ്യന്തരവകുപ്പ്

വികസനത്തിന്റെ മുദ്രാവാക്യങ്ങള്‍വിളിച്ചുപറയുകയും ആ ശബ്ദത്തിനപ്പുറത്തേക്ക് പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നഭരണകൂടങ്ങള്‍ എന്നും ആദിവാസികളെ നശിപ്പിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ. അട്ടപ്പാടിയിലെ പോഷകാഹാര ക്കുറവു കാരണമുള്ള മരണങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നിട്ടും ശിശുമരണ നിരക്ക് കൂടുന്നുവെങ്കില്‍ ,. ഈ മേഖലയിലെ ദുരിതങ്ങള്‍ തുടച്ചുമാറ്റാന്‍ ഇത്രയേറെ കാലത്തിന്റെ, സമയത്തിന്റെ ആവശ്യമുണ്ടെങ്കില്‍ അത് സമൂഹത്തിനു കാട്ടിത്തരുന്നത് കേരളത്തിന്റെ വികസനമാണോ ??കണക്കുപുസ്തകങ്ങളിലെയും സര്‍വ്വെകളുടെയും അക്കങ്ങളിലൂടെ ഊതിവീര്‍പ്പിച്ച വസ്തുതകള്‍ മാത്രം നോക്കി കാണുന്ന ബുദ്ധിജീവി സമൂഹം ഒളിപ്പിച്ചുവച്ച,അല്ലെങ്കില്‍ മൂടിവയ്ക്കപ്പെട്ട യാഥാര്‍ഥ്യങ്ങളുടെയും സത്യങ്ങളുടെയും നേര്‍ക്ക്‌ കണ്ണടയ്ക്കുമ്പോള്‍ ഒന്ന് മറക്കുന്നു നിങ്ങള്‍ വഞ്ചിക്കുന്നത് സ്വന്തം മനസാക്ഷിയെയാണെന്ന കനല് പോലെ പൊള്ളുന്ന സത്യം …

അഞ്ജു പാര്‍വതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button